സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസ്; വ്യോമസേനാ ഉദ്യോഗസ്ഥനെ കോര്‍ട്ട് മാര്‍ഷലിന് ശുപാര്‍ശ ചെയ്ത് കോടതി

 
Court

കേസില്‍ തമിഴ്‌നാട് പൊലീസും വ്യോമസേനയും തര്‍ക്കം തുടരുന്നതിനിടെയാണ് നടപടി

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യോമസേനാ ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് കോടതി. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസും വ്യോമസേനയും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് കോയമ്പത്തൂര്‍ അഡീഷണല്‍ മഹിളാ കോടതിയുടെ നടപടി. 1950ലെ എയര്‍ഫോഴ്‌സ് ആക്ട് പ്രകാരം, കേസ് കോയമ്പത്തൂര്‍ സിറ്റി പൊലീസില്‍നിന്ന് വ്യോമസേനയ്ക്ക് കൈമാറണമെന്നാണ് ജഡ്ജ് ഇന്‍ ചാര്‍ജ് എന്‍ തിലഗേശ്വരി ഉത്തരവിട്ടത്. പരാതിക്കാരിയും ആരോപണവിധേയനും വ്യോമസേനാ സര്‍വീസില്‍ തുടരുന്നവരാണ്. സംഭവം നടന്നതും കോയമ്പത്തൂരിലെ വ്യോമസേനാ അഡ്മിനിസ്‌ട്രേറ്റീവ് കോളേജ് പരിധിയിലാണ്. അതിനാല്‍ കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വ്യോമസേനയ്‌ക്കേ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് കൈമാറുന്നത്. 

28കാരിയായ വ്യോമസേന ഉദ്യോഗസ്ഥയാണ് ബലാത്സംഗം ആരോപിച്ച് ഫ്‌ളൈറ്റ് ലെഫ്റ്റനന്റായ അമിതേഷ് ഹര്‍മുഖിനെതിരെ സെപ്റ്റംബര്‍ 20ന് പൊലീസില്‍ പരാതി നല്‍കിയത്. വ്യോമസേനയുടെ കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 25ന്, ചത്തീസ്ഗഢ് സ്വദേശിയായ പ്രതിയെ കോയമ്പത്തൂരില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, യുവതിയുടെ നടപടി തര്‍ക്കത്തിനിടയാക്കി. പ്രതിയെ ജയിലിലടക്കാന്‍ തമിഴ്‌നാട് പൊലീസിന് അനുമതിയില്ലെന്ന് വ്യോമസേന പറഞ്ഞു. പ്രതി സേനാംഗമായതിനാല്‍ കോര്‍ട്ട് മാര്‍ഷലിന് അനുമതി നല്‍കണമെന്നും വ്യോമസേന കോടതിയില്‍ വാദിച്ചു. നാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെയാണ് വ്യോമസേന തങ്ങളുടെ ഭാഗം വ്യക്തമാക്കിയത്. തുടര്‍ന്നാണ് കോടതി കേസ് കൈമാറിയത്. 

സെപ്റ്റംബര്‍ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. കോയമ്പത്തൂര്‍ റെഡ്ഫീല്‍ഡ്‌സിലെ വ്യോമസേനാ അഡ്മിനിസ്‌ട്രേറ്റീവ് കോളേജിലെ മുറിയില്‍ വെച്ചാണ് ബലാത്സംഗത്തിന് ഇരയായതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഒരു കായിക മത്സരത്തിനിടെ പരിക്കേറ്റ് മുറിയിലെത്തിയ താന്‍ മരുന്ന് കഴിച്ച ക്ഷീണത്തില്‍ മയക്കത്തിലായിരുന്നു. അതിനിടെ, മദ്യപിച്ച് മുറിയില്‍ അതിക്രമിച്ചെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വ്യോമസേനയില്‍ പരാതി നല്‍കിയെങ്കിലും ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകളും പ്രതികരണങ്ങളുമാണുണ്ടായത്. അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു. യുവതിയും പ്രതിയും പരിശീലനത്തിനായാണ് കോളേജിലെത്തിയത്. 

വ്യോമസേനയുടെ കേസ് അന്വേഷത്തില്‍ അതൃപ്തിയുണ്ടെന്ന് പരാതിക്കാരി അറിയിച്ചതിനെത്തുടര്‍ന്നാണ് കോയമ്പത്തൂര്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. ഗാന്ധിപുരം സ്റ്റേഷനിലെ വനിതാ പൊലീസ് സംഘമാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.