കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദം; ഗുരുതരമായ രോഗങ്ങളില്‍നിന്ന് 93 ശതമാനം സംരക്ഷണം

 
Covaxin

വൈറസ് വകഭേദങ്ങള്‍ക്കെതിരെ 70.8 ശതമാനം ഫലപ്രദം

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍, കോവാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണഫലം പ്രസിദ്ധീകരിച്ചു. രോഗലക്ഷണമുള്ള കോവിഡിനെതിരെ 78 ശതമാനവും ഗുരുതരമായ രോഗങ്ങളില്‍നിന്ന് 93 ശതമാനവും സംരക്ഷണം നല്‍കാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. സാര്‍സ് കോവി 2ന്റെ എല്ലാ വകഭേദങ്ങളില്‍നിന്നും കോവാക്‌സിന് 70.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര ഉപയോഗത്തിനായി കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് മൂന്നാംഘട്ടം പരീക്ഷണഫലം പുറത്തുവരുന്നത്. 

2020 നവംബറിനും 2021 മെയ് മാസത്തിനും ഇടയില്‍ 25 ആശുപത്രികളിലായാണ് മൂന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണം നടന്നത്. 18-97 പ്രായക്കാരായ 24,419 പേരാണ് പങ്കെടുത്തത്. രണ്ടാഴ്ചയ്ക്കുശേഷം, ലക്ഷണങ്ങളുള്ള കോവിഡിനെതിരെ വാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഇടക്കാല റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 24,419 പേരില്‍നിന്ന് 16,973 സെറോ-നെഗറ്റീവ് ആളുകളുടെ ഒരു ചെറിയ ഗ്രൂപ്പിനെയാണ് ഫലപ്രാപ്തി വിശകലനത്തിനായി പരിഗണിച്ചത്. അവരില്‍നിന്ന് ആര്‍ടി പിസിആര്‍ പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച 130 കേസുകളാണ് കണ്ടെത്തിയത്. വാക്സിന്‍ ഗ്രൂപ്പിലെ 8,471 പേരില്‍നിന്ന് 24 പോസിറ്റീവ് കേസുകളും പ്ലസീബോ ഗ്രൂപ്പിലെ 8,502 പേരില്‍നിന്ന് 106 പോസിറ്റീവ് കേസുകളും രേഖപ്പെടുത്തി. രണ്ടാമത്തെ ഡോസ് എടുത്തിട്ട് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞവരിലാണ് ഇത് പ്രകടമായത്. മൊത്തത്തില്‍ വാക്‌സിന്‍ ഫലപ്രാപ്തി 77.8 ശതമാനമാണെന്ന് ഇത് സൂചിപ്പിക്കുന്നു. 60 വയസിനു താഴെയുള്ളവരില്‍ കാര്യക്ഷമത 79.4 ശതമാനമായി മെച്ചപ്പെടുന്നു. അതേസമയം, മുതിര്‍ന്ന പൗരന്മാരില്‍ ഇത് 66 ശതമാനമായി കുറയുന്നു.

കൊറോണ വൈറസിന്റെ എല്ലാത്തരം വകഭേദങ്ങള്‍ക്കുമെതിരെ 70.8 ശതമാനമാണ് കോവാക്‌സിന്റെ ഫലപ്രാപ്തി. അതേസമയം, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കണക്കാക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. അതേസമയം, 12 ശതമാനം പേരില്‍ മാത്രമാണ് പ്രതികൂല/പാര്‍ശ്വഫലങ്ങള്‍ പ്രകടമായത്. 0.05 ശതമാനത്തില്‍ താഴെ മാത്രമാണ് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ദൃശ്യമായത്. 

കോവിഡിനെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കുന്ന ഫലപ്രാപ്തി വിശകലനം ലാന്‍സെറ്റ് പിയര്‍-റിവ്യൂ സ്ഥിരീകരിക്കുന്നതായി നിര്‍മാതാക്കളായ ഭാരത് ബയോടെക് പറഞ്ഞു. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ഡെല്‍റ്റ വേരിയന്റിനെതിരെ 65.2 ശതമാനം ഫലപ്രാപ്തി വ്യക്തമാക്കുന്ന ഏക കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. വാക്‌സിനുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളൊന്നും ഡേറ്റ മോണിറ്ററിംഗ് ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റു വാക്‌സിനുകളെ അപേക്ഷിച്ച് പ്രതികൂല/പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണ്. കോവാക്‌സിന്റെ സേഫ്റ്റി പ്രൊഫൈല്‍ ഇപ്പോള്‍ കൂടുതല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നതായും ഭാരത് ബയോടെക് പറഞ്ഞു. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി (എന്‍ഐവി) ചേര്‍ന്നാണ് ഭാരത് ബയോടെക്കാണ് രണ്ട് ഡോസ് നിഷ്‌ക്രിയ വൈറസ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയ്ക്കു പുറമേ, ഇറാന്‍, മെക്‌സിക്കോ, ഫിലിപ്പീന്‍സ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച, ലോകാരോഗ്യ സംഘടനയും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതിനുശേഷം ഇതുവരെ 12 കോടിയിലധികം ഡോസ് കോവാക്സിനാണ് രാജ്യത്ത് നല്‍കിയിട്ടുള്ളത്.