കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കില്ല; പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി 

 
covid

കോവിഡ്  മരണത്തില്‍  നഷ്ടപരിഹാരത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെപ്റ്റംബര്‍ 23 നകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കരുതെന്ന തീരുമാനം പുന:പരിശോധിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജൂണ്‍ 30 ന് പുറപ്പെടുവിച്ച വിധിയിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രക്രിയ ലളിതമാക്കുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വിഷം, ആത്മഹത്യ, കൊലപാതകം, അപകടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മരണങ്ങള്‍, കോവിഡ് -19 അനുബന്ധ അവസ്ഥയാണെങ്കിലും, കോവിഡ് -19 മരണമായി കണക്കാക്കില്ലെന്നാണ്. ''കോവിഡ് -19 ബാധിച്ച ഒരാള്‍ ആത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ട് ... ഇത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ ഇത് വീണ്ടും പരിഗണിക്കണം,' ജസ്റ്റിസ് എംആര്‍ ഷാ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച്  പറഞ്ഞു. വിഷയം  പുനപരിശോധിക്കാമെന്നു സര്‍ക്കാര്‍ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് ഔദ്യോഗിക രേഖ നല്‍കുന്നതിനായി ആരോഗ്യ മന്ത്രാലയവും ഐസിഎംആറും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഇന്നലെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കോവിഡ് മരണവുമായി ബന്ധപ്പെട്ട് നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് തന്നെ മരണകാരണമെന്ന് വ്യക്തമാക്കണമെന്ന് ബെഞ്ച് പറഞ്ഞിരുന്നു. കൂടാതെ, കോവിഡ് മൂലമുള്ള മറ്റേതെങ്കിലും സങ്കീര്‍ണതകളോ രോഗങ്ങളോ മൂലം ഒരാള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍, മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡ് എന്ന് പ്രത്യേകം പരാമര്‍ശിക്കണമെന്നും കോടതി പറഞ്ഞു.