രാജ്യത്ത് ഒറ്റ ദിവസം റെക്കോര്‍ഡ് വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം 

 
Vaccine

കോവിഡിനെതിരെ ഇന്ത്യ ഒറ്റ ദിവസം റെക്കോര്‍ഡ് വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.  '' ഇന്ത്യ ഇന്ന് ചരിത്രപരമായ 90 ലക്ഷം കോവിഡ് 19 വാക്‌സിനുകള്‍ നല്‍കിയതില്‍ പൗരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍''  ഇപ്പോഴും കണക്കെടുപ്പ് നടക്കുന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യവ്യാപകമായ വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇന്ത്യ 93 ലക്ഷത്തിലധികം ഡോസുകള്‍ നല്‍കിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചതിനുശേഷം ഒരു ദിവസം നല്‍കുന്ന ഏറ്റവും കൂടുതല്‍ എണ്ണം ഡോസ് ആണ് ഇന്നത്തേതെന്നും മന്ത്രാലയം അറിയിച്ചു.  വെള്ളിയാഴ്ച രാത്രി 9.25-ലെ കോവിൻ വെബ്സൈറ്റിലെ കണക്കനുസരിച്ച് 98.85 ലക്ഷം പേര്‍ ഇന്ന് ഇതുവരെ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഒരു പക്ഷേ ഇന്നു തന്നെ വാക്‌സിനേഷൻ ഒരു കോടി പിന്നിടാൻ സാധ്യതയുണ്ട്. 
 

79 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയപ്പോള്‍ വ്യാഴാഴ്ച ഇന്ത്യയുടെ മൊത്തം വാക്‌സിനേഷന്‍ 61 കോടി കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ ഇപ്പോള്‍ 62 കോടിയാണ്. മൂന്നാം തരംഗ ഭീഷണി മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കുകയാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 83 ലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 1.29 കോടിയിലധികം മുന്‍നിര പോരാളികള്‍ക്കും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. 18-44 വയസ്സിനിടയില്‍, 2.45 കോടിയിലധികം പേര്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്, ഏകദേശം 23.72 കോടി പേര്‍ക്ക്  കുറഞ്ഞത് ഒരു ഡോസ്  വാക്‌സിനും ലഭിച്ചിട്ടുണ്ട്.  ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ ചികിത്സയില്‍ ഉള്ള രോഗികള്‍  3.44 ലക്ഷമാണ്.  ഇതുവരെ 51.49 കോടി കോവിഡ് പരിശോധനകളും നടത്തിയിട്ടുണ്ട്.