കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം; മാര്‍ഗരേഖ പുതുക്കി

 
Covid Death

ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല

കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കും. പകര്‍ച്ചവ്യാധി ബാധിച്ച് 30 ദിവസത്തിലധികം ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയും പിന്നീട് മരിക്കുകയും ചെയ്യുന്നവരെയും കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തും. 

ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. എന്നാല്‍ കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ലെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാര്‍ഗ രേഖ പുതുക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പഴയ മാര്‍ഗരേഖ പ്രകാരം, പരിശോധന നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. 

സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുതുക്കിയത്. കോവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.