ഷാങ്ഹായില്‍ കോവിഡ് മരണം കൂടുന്നു; ലോക്ഡൗണ്‍ 26 വരെ നീട്ടി

 
covid

കോവിഡ് മരണനിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷാങ്ഹായില്‍ ലോക്ഡൗണ്‍ ഏപ്രില്‍ 26 വരെ നീട്ടി. 26 ദശലക്ഷമുള്ള കിഴക്കന്‍ മെട്രോപോളിസില്‍ വ്യാഴാഴ്ച 11 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു, ഏറ്റവും പുതിയ കോവിഡ് വ്യാപനത്തില്‍ ഇതുവരെ 36 പേരാണ് ഷാങ്ഹായില്‍ മരിച്ചത്. 

പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ  ഷാങ്ഹായില്‍ കേസുകള്‍ 17,629 ആയി. 11 മരണവും രേഖപ്പെടുത്തി. ചൈനയില്‍ വ്യാഴാഴ്ച 2,119 റിപോര്‍ട്ട് ചെയ്തപ്പോള്‍ 1,931 എണ്ണം ഷാങ്ഹായിലേതായിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4.7 ശതമാനം കുറവാണ്, വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മാര്‍ച്ച് 1 മുതല്‍ നഗരത്തിലെ കേസുകള്‍ 443,500 ആയി. രോഗലക്ഷണ കേസുകള്‍ 26.7 ശതമാനം കുറഞ്ഞ് 1,931 ആയി,  ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് സ്ഥിരീകരിച്ച 30,813 പേര്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2019 ഡിസംബറില്‍ മധ്യ ചൈനീസ് നഗരമായ വുഹാനില്‍ കൊറോണ വൈറസ് ആദ്യമായി ഉയര്‍ന്നുവന്നതിനുശേഷം മരണസംഖ്യ 4,674 ആയി, 

ഷാങ്ഹായില്‍ ഏപ്രില്‍ 26 വരെ ലോക്കഡൗണ്‍ നീട്ടിയിട്ടുണ്ട്, നേരത്തെ നഗരത്തില്‍ കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുന്നതിനായി നിരത്തുകളില്‍ റോബോട്ടുകളെ ഉപയോഗിച്ച് അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ചെറുകിട ബിസിനസുകളെയും വളരെ മോശമായ രീതിയില്‍ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വീടിന് പുറത്തിറങ്ങരുതെന്നാണ് ഇവിടെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. അതേസമയം, കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്.