കോവിഡ് നാലാംതരംഗ ഭീഷണി; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

 
modi

കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് യോഗം.  രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി എന്നിവ യോഗം വിലയിരുത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 

ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്തിരിക്കുന്നതിനാല്‍ യോഗത്തിന് ഏറെ പ്രധാന്യമുണ്ട്. കോവിഡ് കേസുകളില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്ത് 2,483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പത്തെ ദിവസം 2,541 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം 16,522-ല്‍നിന്ന് 15,636-ല്‍ എത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 0.55 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഡിസിജിഐ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച സംസ്ഥാനങ്ങളിലെ തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. വാക്സിനേഷന്‍ ആരംഭിക്കുന്ന തീയതിയിലും ആരോഗ്യമന്ത്രാലയം തീരുമാനമെടുക്കും.