ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോവിഡ് ഉയര്‍ന്നേക്കാം; കേരളത്തില്‍ സ്ഥിതി മെച്ചപ്പെട്ടെന്നും കേന്ദ്രം 

 
covid

രാജ്യത്ത് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോവിഡ് വ്യാപനം ഉയര്‍ന്നേക്കാമെന്ന് കേന്ദ്രം. കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പരാമര്‍ശിക്കാതെയാണ് നീതി ആയോഗ് അംഗം ഡോ. വി.കെ പോളിന്റെ മുന്നറിയിപ്പ്. കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാകുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജനസംഖ്യയുടെ 62% ത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത സാഹചര്യത്തില്‍ മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്നും  റിപോര്‍ട്ടുണ്ടായിരുന്നു. 

വരുന്ന രണ്ട്, മൂന്ന് മാസങ്ങള്‍ നിര്‍ണായകമാണ്, രാജ്യത്ത് എവിടെയെങ്കിലും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായാല്‍ അത് ഉടനടി നിയന്ത്രിക്കേണ്ടതുണ്ടെന്നും ഡോ.വി.കെ പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വരാനിരിക്കുന്നത്  ആഘോഷങ്ങളുടെയും പനിയുടെയും മാസങ്ങളാണ്. ഈ രണ്ട് മാസങ്ങളില്‍ നമ്മള്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്, ആഘോഷങ്ങള്‍ ചെറിയ രീതിലാകണമെന്നും അദ്ദേഹം പറഞ്ഞു. 

സാമൂഹിക അകലം പാലിക്കുന്നതിലൂടെയും പ്രതിരോധ കുത്തിവയ്പ്പിലൂടെയും കോവിഡിനെ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും
മറുവശത്ത്, ഭാവിയില്‍ കേസുകള്‍ ഉയരുമ്പോള്‍ അത് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശീക ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 11 ആഴ്ചയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3%ല്‍ താഴെയായതിനാല്‍ രാജ്യത്തെ കോവിഡ് സ്ഥിതി സ്ഥിരത കൈവരിക്കുന്നു. ദിവസേന 68% കേസുകള്‍ കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കേരളത്തിന്റെ സ്ഥിതി മെച്ചപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'കേരളത്തില്‍  കോവിഡ് കേസുകള്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെടുന്നതായും മറ്റ് സംസ്ഥാനങ്ങള്‍ ഭാവിയില്‍ കേസുകള്‍ വര്‍ധിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.