കോവിഷീല്‍ഡ് വാക്‌സിനില്‍ ആശങ്കയില്ല; ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

 
vaccine

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടന്‍ അംഗീകരിച്ചെങ്കിലും ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ ബ്രിട്ടന്‍ തയാറായിട്ടില്ല. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും നിശ്ചിത മാനദണ്ഡം പാലിക്കണമെന്നാണ്  ബ്രിട്ടന്‍ നേരത്തെ പറഞ്ഞത്. ബ്രിട്ടനില്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച്  ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. 

ഇന്ത്യയുടെ ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ഡോ. ആര്‍.എസ്.ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയെന്നും പരസ്പരം സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ ഇരുവിഭാഗവും സാങ്കേതിക ആശങ്കകള്‍ ഉന്നയിച്ചില്ലെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് പറഞ്ഞു,  കോവിഷീല്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യുകെ ഉടന്‍ അംഗീകാരം പ്രഖ്യാപിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്, അതായത് കോവിഷീല്‍ഡ് വാക്‌സിനേഷന്‍ എടുത്ത ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുകെയിലെത്തുമ്പോള്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്നാണ് സൂചന. 


കോവിഷീല്‍ഡിനും ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റിനും എന്താണ് പ്രശ്‌നം?

ഓക്‌സ്‌ഫോര്‍ഡും ആസ്ട്രാസെനെക്കയും വാക്‌സിന്‍ നിര്‍മ്മിക്കുന്ന വാക്‌സിനായ കോവിഷീല്‍ഡ് അംഗീകരിക്കുന്നതില്‍ ബ്രിട്ടന് ഭിന്നാഭിപ്രായമില്ല. എന്നാല്‍ വാക്‌സിന്‍  സര്‍ട്ടിഫിക്കേഷനില്‍ പ്രശ്‌നമുണ്ട്, റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ ശക്തമാണെന്ന് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ഇന്ത്യയുടെ ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ അധ്യക്ഷന്‍ ഡോക്ടര്‍ എന്‍കെ അറോറ പറഞ്ഞു. 'സര്‍ട്ടിഫിക്കറ്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവര്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.  കാരണം, ഇന്ത്യയില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഏറ്റവും മികച്ച രീതിയാണ് സ്വീകരിക്കുന്നത് 'ഡോക്ടര്‍ അറോറ പറഞ്ഞു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് തിരികെ കയറ്റുമതി ചെയ്തതാണെന്നും യുകെയിലെ ആളുകള്‍ക്കും നല്‍കാറുണ്ടെന്നും ഡോക്ടര്‍ അറോറ പറഞ്ഞു. അതേസമയം ബ്രിട്ടണ്‍ ആവശ്യപ്പെടുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റിലെ മിനിമം മാനദണ്ഡം എന്താണെന്നത് സംബന്ധിച്ച് യു.കെ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. 

മറ്റ് രാജ്യങ്ങളിലെ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ?

യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ മൂന്ന് തരത്തിലാണ്- വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍, രോഗമുക്തി സര്‍ട്ടിഫിക്കറ്റുകള്‍. ഒരു വ്യക്തിക്ക് കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ടെന്നോ നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിച്ചിട്ടുണ്ടെന്നോ കോവിഡില്‍ നിന്ന് മുക്തി നേടിയോ എന്നതടക്കം ഡിജിറ്റല്‍ തെളിവായി അവര്‍ നല്‍കുന്നു. 

ഒരു യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പേര്, ജനന തീയതി, സെര്‍ട്ടിഫിക്കറ്റ് നല്‍കിയ തീയതി, വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍, യുണീക് ഐഡന്റി നമ്പര്‍ എന്നിവ അടങ്ങിയിരിക്കുന്നു.

യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് ഒരു കോവിഡ് പാസ്  സംവിധാനമുണ്ട്, അത് ഒരാള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടോ ഇല്ലയോ എന്ന് കാണിക്കുന്നു. എന്‍എച്ച്എസ് വെബ്സൈറ്റ് അനുസരിച്ച്, കോവിഡ് പാസ് വാക്സിനേഷന്‍ രേഖയോ പരിശോധനാ ഫലമോ മാത്രമേ കാണിക്കുന്നുള്ളൂ, മറ്റ് വ്യക്തിഗത ആരോഗ്യ രേഖകളൊന്നുമില്ല.

ബ്രിട്ടന്റെ പുതിയ യാത്രാചട്ടം വന്നതിനെ തുടര്‍ന്നുള്ള സംഭവങ്ങളില്‍ ഇന്ത്യയുമായി  ഘട്ടംഘട്ടമായി തീരുമാനമെടുക്കുമെന്നാന് യു.കെ ഗവണ്‍മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ക്വാറന്റൈന്‍ ഇല്ലാതെ ബ്രിട്ടനിലേക്ക് പ്രവേശനാനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്തതിനെതിരേ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടന്റെ പ്രതികരണം.  സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ്/ആസ്ട്രാസെനെക്ക വാക്സിന് അംഗീകാരം നല്‍കുന്നതായി കഴിഞ്ഞ ദിവസം യു.കെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍,  കോവിഷീല്‍ഡ് വാക്സിന്‍ രണ്ടു ഡോസെടുത്ത ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയാല്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. പത്ത് ദിവസമാണ് ക്വാറന്റൈന്‍. ഒക്ടോബര്‍ നാലിനാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരിക. എന്നാല്‍, അംഗീകാരമുള്ള രാജ്യങ്ങളുടെ പട്ടിക നിരന്തരം പുനഃപരിശോധിക്കുമെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടണ്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ സമാന നടപടി തിരിച്ചങ്ങോട്ടും സ്വീകരിക്കുമെന്ന് ഇന്ത്യ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കി. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച കോവിഷീല്‍ഡിനെക്കൂടി അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു.