ഹത്രാസിൽ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ, അന്വേഷണത്തിൽ ബന്ധുക്കൾക്ക് അതൃപ്തിയെന്ന് വിജുകൃഷ്ണൻ, മനുസ്മൃതി നടപ്പിലാക്കാനാണ് നീക്കമെന്ന് ചന്ദ്രശേഖർ ആസാദ്

 
ഹത്രാസിൽ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ, അന്വേഷണത്തിൽ ബന്ധുക്കൾക്ക് അതൃപ്തിയെന്ന് വിജുകൃഷ്ണൻ, മനുസ്മൃതി നടപ്പിലാക്കാനാണ് നീക്കമെന്ന് ചന്ദ്രശേഖർ ആസാദ്

ഹത്രാസിലെ ദളിത് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിനെതിരെ പിതാവ്. അന്വേഷണം തൃപ്തികരമല്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലെത്തിയ സിപിഎം സംഘത്തോട് സംസാരിക്കുമ്പോഴാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലെ അതൃപ്തി ബന്ധുക്കള്‍ പാര്‍ട്ടി നേതാക്കളുമായി പങ്കിട്ടത്. കേന്ദ്ര കമ്മിറ്റി അംഗം വിജു കൃ്ഷ്ണന്‍, എ ആര്‍ സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹത്രാസില്‍ എത്തിയത്. മനുസ്മൃതി നടപ്പിലാക്കാനാണ് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

'പ്രത്യേക അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് നടക്കുകയാണെന്ന് പറഞ്ഞ് മണിക്കൂറുകളോളം തങ്ങളെ വീടിന് പുറത്ത് നിര്‍ത്തിയതിന് ശേഷമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ അവസരം നല്‍കിയത്. അഞ്ച് പേരെ വീതമാണ് വീട്ടിലേക്ക് കടത്തിവിടുന്നത്. നാലു മണിക്കൂറോളം പുറത്ത് നിന്നതിന് ശേഷമാണ് തങ്ങള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം ലഭിച്ചത്' - വിജൂ കൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു.ഇതുവരെ നടന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞുവെന്ന് വിജൂ കൃഷ്ണന്‍ പറഞ്ഞു. 'സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം. നേരത്തെ ബംഗാളില്‍ തൊഴില്‍ തേടിപ്പോയ ആളാണ് പെണ്‍കുട്ടിയുടെ പിതാവ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ തങ്ങളെ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവരുടെ വീട്ടില്‍ സന്ദര്‍ശകരെ കൊണ്ട് നല്ല തിരക്കാണ്, പെണ്‍കുട്ടിയുടെ പിതാവിന് നല്ല സുഖമില്ല. അതിനാല്‍ തന്നെ കൂടുതല്‍ അവരുമായി സംസാരിക്കാന്‍ സാധിച്ചില്ല.' വിജു കൃഷ്ണന്‍ പറഞ്ഞു.

പ്രതികളും പാവപ്പെട്ടവരാണെന്ന രീതിയില്‍ പ്രചാരണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഭൂമിയൊക്കെയുള്ള ആളുകളാണ് പ്രതികളുടെ കുടുംബം പ്രതികള്‍ ഉന്നത ജാതിക്കാരാണെങ്കിലും കര്‍ഷക കുടുംബമാണ്. പ്രതികളാക്കപ്പെട്ടവരെ രക്ഷിക്കാന്‍ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ യുവതിയുടെ വീടിന് സമീപം യോഗം ചേര്‍ന്നിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹവും അഴിമുഖവുമായി സംസാരിച്ചു.,

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലിരിക്കുന്നിടത്തോളം കാലം കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ദലിതുകളും പിന്നാക്ക വിഭാഗങ്ങളും ന്യുനപക്ഷങ്ങെള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തെ ഭരണഘടനയേയും ജനാധിപത്യത്തേയും കൊലചെയ്ത് മനുസ്മൃതി ഈ പ്രദേശത്ത് നടപ്പാക്കാനുള്ള ആര്‍എസ്എസ്സിന്റെ അജണ്ടയാണ് ഇത്. മനുസ്മൃതിയില്‍ ദലിതുകള്‍ ഒരു അധികാരവുമില്ല. ദലിതുകളെ ആക്രമിക്കുന്നതും അവരുടെ മക്കളെ ബലാല്‍സംഗം ചെയ്യുന്നത് മനുസ്മൃതിയില്‍ അപരാദമല്ല. ഈ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന് പകരം സര്‍ക്കാര്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കു്ട്ടിയുടെ കുടുംബത്തെ കുറ്റവാളികള്‍ ആക്കാനാണ് ശ്രമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് പോലീസ് അധികാരികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഏര്‍പ്പാടാണ്. അതുകൊണ്ടൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ക്കെതിരെ സെക്ഷന്‍ പ്രകാരം കേസെടുത്ത് ജയിലില്‍ അടക്കണം, ഈ സംഭവത്തില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.