ത്രിപുരയില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആരോപണം

 
d

ത്രിപുരയില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം. അഗര്‍ത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിനും ദശരഥ് ഭവന്‍ ഓഫീസിനും നേരെയുമാണ് ആക്രമണമുണ്ടായത്. സിപിഎം സംസ്ഥാന ആസ്ഥാനമായ ഭാനു സ്മൃതിഭവനും ദശരഥ് ഭവനും അഗ്‌നിക്കിരയാക്കി. പുറത്ത് നിരവധി വാഹനങ്ങളും കത്തിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. ആക്രമണത്തിന്റെ വിഡീയോ ദൃശ്യങ്ങളും സിപിഎം ട്വിറ്ററില്‍ പങ്കിട്ടു.

ബിഷല്‍ഗഹ്, കതാലിയ ജില്ലകളിലെ പാര്‍ട്ടി ഓഫീസുകളും ലക്ഷ്യമിട്ടിരുന്നതായാണ് റിപോര്‍ട്ട്. ചില ജില്ലകളില്‍ സിപിഎമ്മുമായി അടുത്തിടെയുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് അഗര്‍ത്തലയില്‍ ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

അതേസമയം സിപിഎം ഓഫീസില്‍ നിന്നാണ് ബോംബേറ് ഉണ്ടായതെന്ന്  ബിജെപി അവകാശപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് കൃഷി മന്ത്രി പ്രണജിത് സിംഗ റോയ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പിന്നീട്, മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി, പൊലീസിന്റെ മുന്‍കൂര്‍ അനുമതി തേടാതെയാണ്‌ സിപിഎമ്മിന്റെ യുവജനവിഭാഗം റാലി നടത്തിയതെന്ന് പറഞ്ഞതായി  പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച, ധന്‍പൂരിലേക്ക് പോകുന്നതിനിടെ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വാഹനവ്യൂഹം തടഞ്ഞതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും അനുയായികള്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍  ഗുരുതരാവസ്ഥയിലായ ഉദയ്പൂരില്‍ നിന്നുള്ള   ബിജെപി പ്രവര്‍ത്തകനെ അഗര്‍ത്തലയിലെ ജിബി പന്ത് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.