'കരച്ചില്‍ വരുന്നു... 20 വര്‍ഷംകൊണ്ട് ഉണ്ടാക്കിയതെല്ലാം അവസാനിച്ചിരിക്കുന്നു'; അഫ്ഗാന്‍ എംപിമാര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍

 
Evacuation

കാബൂള്‍ വിമാനത്താവളത്തില്‍നിന്നും 168 പേരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി

'എനിക്ക് കരയാന്‍ തോന്നുന്നു... കഴിഞ്ഞ 20 വര്‍ഷംകൊണ്ട് ഉണ്ടാക്കിയതെല്ലാം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഇപ്പോള്‍ എല്ലാം ശൂന്യമായിരിക്കുന്നു' -കാബൂളില്‍നിന്ന് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ അഫ്ഗാനിസ്താന്‍ എംപി നരേന്ദര്‍ സിംഗ് ഖല്‍സ എഎന്‍ഐയോട് പറഞ്ഞ വാക്കുകളാണിത്. 107 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 168 പേരുമായാണ് വ്യോമസേനാ വിമാനം ഡല്‍ഹിക്കു സമീപം ഹിന്ദോണിലുള്ള വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. നരേന്ദര്‍ സിംഗ് ഉള്‍പ്പെടെ രണ്ട് എംപിമാരും 24 അഫ്ഗാന്‍ സിഖുകാരും സംഘത്തിലുണ്ട്. 


 
കാബൂളില്‍നിന്ന് ഒഴിപ്പിച്ച 222 പേരുമായി എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്നു പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാള്‍ സ്വദേശികളും താജികിസ്ഥാനില്‍നിന്നും 135 പേര്‍ ദോഹയില്‍നിന്നുമാണ് എത്തിയത്. രക്ഷാദൗത്യം തുടരുമെന്നും ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്തെത്തിക്കുമെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.