ക്രിപ്‌റ്റോ കറന്‍സി ഇടുപാടുകള്‍ക്ക് നിയന്ത്രണം? പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായത്

 
cripto

അമിതവാഗ്ദാനങ്ങള്‍ നല്‍കുന്നതും സുതാര്യമല്ലാത്തതുമായ ഇടപാടുകളെയും ഉയര്‍ത്തി കാണിച്ച് ക്രിപ്‌റ്റോ കറന്‍സിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച  നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ അനിയന്ത്രിതമായ വിപണികളെ പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും ഉപയോഗിക്കാന്‍ ക്രിപ്‌റ്റോ കറന്‍സി വഴി അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി മിന്റ് റിപോര്‍ട്ട് ചെയ്തു. അമിത വാഗ്ദാനവും സുതാര്യമല്ലാത്തതുമായ പരസ്യങ്ങളിലൂടെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ ശക്തമായി അഭിപ്രായം ഉയര്‍ന്നതായും ശക്തമായ നിയന്ത്രണ നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപോര്‍ട്ട് പറയുന്നു.  

ആര്‍ബിഐയും, ധനമന്ത്രാലയവും, ആഭ്യന്തരമന്ത്രലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദരുമായും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ക്രിപ്‌റ്റോ കറന്‍സിയും അനുബന്ധ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ ആര്‍ബിഐ ശക്തമായ വീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു, അവ രാജ്യത്തിന്റെ മാക്രോ ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപകരുടെ എണ്ണത്തിലും അവര്‍ അവകാശപ്പെടുന്ന വിപണി മൂല്യത്തിലും ആര്‍ബിഐ സംശയം രേഖപ്പെടുത്തി. 

ക്രിപ്റ്റോകറന്‍സികള്‍ അനുവദിക്കുന്നതിനെതിരെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് നിലപാട് ആവര്‍ത്തിച്ചു. ഒരു കേന്ദീകൃതബാങ്കും നിയന്ത്രിക്കാത്തതിനാല്‍ ഏത് സാമ്പത്തിക വ്യവസ്ഥയ്ക്കും അവ ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം പ്രതീക്ഷിക്കുന്ന വിവാദ വിഷയത്തെക്കുറിച്ചുള്ള ആര്‍ബിഐയുടെ ആഭ്യന്തര പാനല്‍ റിപ്പോര്‍ട്ടിന് മുന്നോടിയായാണ് ശക്തികാന്ത് ദാസ് നിലപാടറിയിച്ചത്. 

ക്രിപ്റ്റോകറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള ആര്‍ബിഐ സര്‍ക്കുലര്‍ 2020 മാര്‍ച്ച് ആദ്യം സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന്, 2021 ഫെബ്രുവരി 5-ന്, സെന്‍ട്രല്‍ ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയുടെ മാതൃക നിര്‍ദ്ദേശിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഒരു ആന്തരിക പാനല്‍ രൂപീകരിച്ചിരുന്നു. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള ആഗ്രഹം ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.

വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയില്‍ ക്രിപ്‌റ്റോ കറന്‍സിക്ക് മേല്‍ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതായും റിപോര്‍ട്ടുകളുണ്ട്. ക്രിപ്‌റ്റോ കറന്‍സിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പുരോഗമനപരമാണെന്നാണ് യോഗം വിലയിരുത്തിയത്. രാജ്യാതിര്‍ത്തികള്‍ക്കും അപ്പുറം വ്യാപിക്കുന്ന ഒരു പ്രശ്‌നമായതിനാല്‍ വിദഗ്ദരും മറ്റ് ഓഹരി ഉടമകളുമായും സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തും. അതിനായി അഗോള പങ്കാളിത്തവും കൂട്ടായി രൂപീകരിച്ച തന്ത്രങ്ങളും വേണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ക്രിപ്‌റ്റോ കറന്‍സി അംഗീകരിച്ചവരില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ലയുടെ സ്ഥാപകനുമായ എലോണ്‍ മസ്‌കും ഉണ്ട്. ആഗോള ക്രിപ്‌റ്റോ വിപണിയുടെ മൂല്യം ഇതിനോടകം തന്നെ 3 ട്രില്യണ്‍ ഡോളറിലാണ് എത്തി നില്‍ക്കുന്നത്.