'ആ വിധി 'അപകടകരം''; ഇഡി അധികാരങ്ങള്‍ ശരിവെച്ച സുപ്രീം കോടതി വിധിയില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍

 
SupremeCourt

2019-ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍ (പിഎംഎല്‍എ) വരുത്തിയ ഭേദഗതികള്‍ ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അപകടകരമെന്ന് വിശേഷിപ്പിച്ച് രാജ്യത്തെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള ഏജന്‍സികളുടെ വിശാല അധികാരങ്ങള്‍ ശരിവെച്ചായിരുന്നു ജൂലൈ 27 ലെ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. 

ഈ അപകടകരമായ തീരുമാനത്തിന് കുറച്ചുകാലമെ ആയുസുണ്ടാകൂവെന്നും ഭരണഘടനാ വ്യവസ്ഥകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും 
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സിപിഎം, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നിവയുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ജൂലൈ 27 നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇഡിയുടെ വിശാല അധികാരങ്ങള്‍ പലതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരം സുപ്രീംകോടതി ശരിവച്ചിരുന്നു. 

രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന ഒരു സര്‍ക്കാരിന്റെ കരങ്ങളെ ഈ വിധി ശക്തിപ്പെടുത്തുമെന്നും ഈ 'അപകടകരമായ വിധി ഹ്രസ്വകാലത്തേക്ക്' മാത്രമെ ഉണ്ടാകുവെന്ന് പ്രതീക്ഷിക്കുന്നു, 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ഭേദഗതികള്‍ മുഴുവനായും ഉയര്‍ത്തിപ്പിടിച്ച സുപ്രീം കോടതി വിധിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങള്‍ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുന്നു. വിവിധ പാര്‍ട്ടി നേതാക്കള്‍ ഒപ്പിട്ട പ്രസ്താവന പറഞ്ഞു.

'ഭേദഗതികള്‍ നടപ്പിലാക്കുന്നതിനുള്ള ധനകാര്യ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിനുള്ള ഒരു വിശാല ബെഞ്ചിന്റെ വിധിക്കായി കാത്തിരിക്കേണ്ടതായിരുന്നു. ഈ ദൂരവ്യാപകമായ ഭേദഗതികള്‍, കള്ളപ്പണം വെളുപ്പിക്കല്‍, അന്വേഷണ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഈ ഭേദഗതി വരുത്തിയ നിയമങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ദുരുദ്ദേശ്യപരമായ രീതിയില്‍ ടാര്‍ഗെറ്റുചെയ്യുന്നതിലൂടെ ഏറ്റവും മോശമായ തരത്തിലുള്ള രാഷ്ട്രീയ പകപോക്കലിന് സര്‍ക്കാരിന്റെ കരങ്ങളെ ശക്തിപ്പെടുത്തി,' പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ സുപ്രിം കോടതി ശരിവച്ചതും അത് സൂക്ഷ്മമായി പരിശോധിക്കാത്തതുമായ സമീപകാല സുപ്രീം കോടതി ഉത്തരവിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങള്‍ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ഈ മാസം 27 ലെ സുപ്രീംകോടതി വിധി. കള്ളപ്പണം  വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴിലുള്ള അറസ്റ്റ് ചെയ്യല്‍-സെക്ഷന്‍ 5, കണ്ടുകെട്ടല്‍ -സെക്ഷന്‍ 8(4), പരിശോധന നടത്തല്‍-സെക്ഷന്‍ 15, പിടിച്ചെടുക്കല്‍-സെക്ഷന്‍ 17,19 എന്നീ വകുപ്പുകള്‍ക്കുള്ള ഭരണഘടനാസാധുത സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചു. ഇഡി ഓഫീസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരെല്ലെന്നും അതിനാല്‍ ഇവര്‍ സെക്ഷന്‍ 50 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി ഭരണഘടയുടെ ആര്‍ട്ടിക്കള്‍ 20(3)ന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.