VIDEO| കനത്ത മഴ; ഡല്‍ഹിയില്‍ ഓറഞ്ച് അലെര്‍ട്ട്, വിമാനത്താവളത്തില്‍ വെള്ളക്കെട്ട് 

 
Delhi Rain

കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട്. റണ്‍വേ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ രാത്രി മുതല്‍ മഴ നിര്‍ത്താതെ പെയ്തതിനെത്തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 12 മണിക്കൂര്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറില്‍ 20 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.  

വെള്ളക്കെട്ടില്‍ വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്,  നാല് ആഭ്യന്തര വിമാന സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസും ഡല്‍ഹിയില്‍ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു.

2003ലെ റെക്കോര്‍ഡ് ഭേദിച്ചാണ് ഡല്‍ഹിയില്‍ മഴ പെയ്തത്. അന്ന് 1050 മിമി മഴ കിട്ടിയെങ്കില്‍ ഇക്കുറി ഇതിനോടകം 1100 മിമി മഴ പെയ്തതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. മോത്തിബാഗ്, ആര്‍കെ പുരം, നോയിഡ, ദ്വാരക തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമാണ്.