കല്‍ക്കരി ക്ഷാമം; മെട്രോയിലും ആശുപത്രികളിലും ഉള്‍പ്പെടെ വൈദ്യുതി തടസപ്പെട്ടേക്കും, മുന്നറിയിപ്പുമായി ഡല്‍ഹി സര്‍ക്കാര്‍

കല്‍ക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍, മെട്രോ ട്രെയിനുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ തലസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളിലുള്‍പ്പെടെ വൈദ്യുതി വിതരണം തടസപ്പെട്ടേക്കുമെന്ന മുന്നറിയിപ്പുമായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി വൈദ്യുതി മന്ത്രി സത്യേന്ദര്‍ ജെയിന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേരുകയും ദേശീയ തലസ്ഥാനത്ത് വൈദ്യുതി എത്തിക്കുന്ന വൈദ്യുത നിലയങ്ങളില്‍ മതിയായ കല്‍ക്കരി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതായും എന്‍ഡിവി റിപോര്‍ട്ട് ചെയ്യുന്നു.

''ദാദ്രി-II, ഉഞ്ചഹാര്‍ പവര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം പ്രതിസന്ധിയിലായത് ഡല്‍ഹി മെട്രോ, ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ പല അവശ്യ സ്ഥാപനങ്ങളിലേക്കും തടസമില്ലാതെ 24 മണിക്കൂര്‍ വൈദ്യുതി വിതരണം ചെയ്യുന്നതല് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
ഡല്‍ഹിയില്‍ 25-30 ശതമാനം വൈദ്യുതി വിതരണം ചെയ്യുന്നത് ഈ പവര്‍ സ്റ്റേഷനുകളിലൂടെയാണ്, അവികെ കല്‍ക്കരി ക്ഷാമം നേരിടുന്നതായും വൈദ്യുതി മന്ത്രി ജെയിന് പറഞ്ഞു. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വൈദ്യുതി പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (എന്ടിപിടിസി) ദാദ്രി-II, ഝജ്ജര്‍ (ആരാവലി) എന്നിവ പ്രധാനമായും ഡല്‍ഹിയിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനാണ് സ്ഥാപിച്ചത്. എന്നിരുന്നാലും, ഈ വൈദ്യുത നിലയങ്ങളില്‍ പോലും കല്‍ക്കരി ശേഖരം വളരെ കുറവാണെന്നും പ്രസ്താവനയില്‍ പറയുന്നു. നാഷണല്‍ പവര്‍ പോര്‍ട്ടലിന്റെ പ്രതിദിന കല്‍ക്കരി റിപ്പോര്‍ട്ട് അനുസരിച്ച്, ഈ പവര്‍ പ്ലാന്റുകളെല്ലാം കല്‍ക്കരിയുടെ രൂക്ഷമായ ക്ഷാമം നേരിടുന്നു
കടുത്ത വേനലിനൊപ്പം, വൈദ്യുതിയുടെ ആവശ്യകത നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ പാടുപെടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. വൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് പുറമേ, അനുബന്ധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.