പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചവരുള്‍പ്പെടെ ആറ് ഭീകരര്‍ ഡൽഹി പൊലീസ് പിടിയില്‍ 

 

 
d

പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ ആറ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ്.ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് ഭീകരരെ പിടികൂടിയത്.ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളടക്കം ആയുധ ശേഖരവും പിടിച്ചെടുത്തു.

പാകിസ്ഥാന്‍ പരിശീലിപ്പിച്ച രണ്ട് ഭീകരര്‍ ഉള്‍പ്പെടെ മൊത്തം ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി ഡിസിപി സ്‌പെഷ്യല്‍ സെല്‍ പ്രമോദ് കുശ്വാഹ പറഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും റെയ്ഡുകള്‍ ഇപ്പോഴും തുടരുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തുടനീളം കൊലപാതകങ്ങളും സ്‌ഫോടനങ്ങളും നടത്താന്‍ പ്രതികള്‍ പദ്ധതിയിടുന്നതായി സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു.

പിടിയിലായ രണ്ട് ഭീകരര്‍ ഒസാമ, സീഷന്‍ എന്നിവരാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ വരാനിരിക്കുന്ന തെഞ്ഞെടുപ്പും ഇവരുടെ ലക്ഷ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രതികളിലൊരാളെ രാജസ്ഥാനിലെ കോട്ടയില്‍ നിന്നും മറ്റ് രണ്ടുപേരെ ഡല്‍ഹിയില്‍ നിന്നും ബാക്കി മൂന്ന് പേരെ ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.