'ബലാത്സംഗ ഇരയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണം; ക്രോസ് വിസ്താരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യങ്ങള്‍ തടയണം'

 
Bombay High Court

പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഇരയെ നിര്‍ബന്ധിക്കരുത്

ബലാത്സംഗ ഇരയുടെ അന്തസ് സംരക്ഷിക്കപ്പെടുന്നുവെന്നും ക്രോസ് വിസ്താരങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളോ പരാമര്‍ശങ്ങളോ ഉണ്ടാകുന്നില്ലെന്നും വിചാരണ കോടതികള്‍ ഉറപ്പുവരുത്തണമെന്ന് ബോംബൈ ഹൈക്കോടതി. പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഇരയെ നിര്‍ബന്ധിക്കരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജഡ്ജിമാര്‍ ഇടപെടണം. ഇരയുടെ അന്തസ് ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ സാധന ജാദവ്, സാരംഗ് കോട്‌വാള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 25 വയസുള്ള വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പൂനെ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ പ്രതികള്‍ മൂന്നുപേരും സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

ക്രോസ് വിസ്താരത്തിനിടെ, ബലാത്സംഗ ഇരയ്ക്ക് സംഭവിച്ച അതിക്രമത്തിന്റെ ഗ്രാഫിക്‌സ് ഉള്‍പ്പെടെ നല്‍കിയതും വിചാരണ ജഡ്ജിയുടെ നിഷ്‌ക്രിയ സമീപനവും പരാമര്‍ശിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഇരയ്‌ക്കെതിരായ ഇത്തരം ഇടപെടലുകളോട് ശക്തമായി വിയോജിക്കുന്നു. ഇരയുടെ അന്തസിനെ ഹനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ചോദ്യങ്ങള്‍ അനുവദിച്ച പണ്ഡിതനായ ജഡ്ജിയുടെ നിഷ്‌ക്രിയ സമീപനം ഞങ്ങളെ കൂടുതല്‍ വേദനിപ്പിക്കുന്നു. ഇത്തരം ചോദ്യങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാന അന്തസിന്റെ എല്ലാ അതിരുകളും മറികടന്നിരിക്കുന്നു. നിര്‍ദേശങ്ങള്‍ നല്‍കാനെന്ന പേരില്‍, സംഭവിച്ച അതിക്രമത്തിന്റെ ഗ്രാഫിക്‌സുകള്‍ ഇരയ്ക്ക് നല്‍കിയത് തികച്ചും അനാവശ്യമായിരുന്നു. ആ ഘട്ടത്തില്‍ ഇര കരഞ്ഞതായി ജഡ്ജി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജഡ്ജി ഇടപെടുകയും അതിരുകടന്ന ക്രോസ് വിസ്താരങ്ങള്‍ അവസാനിപ്പിക്കുകയും വേണം.  

കേസിലെ വിചാരണ നടപടികളില്‍ വിചാരണ കോടതി ജഡ്ജി അഭിനന്ദമര്‍ഹിക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രതിക്ക് ക്രോസ് വിസ്താരം നടത്താന്‍ അവകാശമുണ്ടെന്നതും ശരിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങളെയും പരാമര്‍ശങ്ങളെയും ക്രോസ് വിസ്താരം എന്ന് വിളിക്കാനാവില്ല. ഇന്ത്യന്‍ എവിഡെന്‍സ് ആക്ടിലെ സെക്ഷന്‍ 152 പ്രകാരം, അവഹേളിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചുള്ള ഏതൊരു ചോദ്യവും, അവ യഥോചിതമാണെങ്കിലും പോലും നിരോധിക്കാന്‍ കോടതി ബാധ്യസ്ഥരാണ്. അത്തരത്തിലുള്ള തന്റെ കര്‍ത്തവ്യം പാലിക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.  

2010 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷെയര്‍ ടാക്‌സിയാണെന്ന് കരുതി യുവതി പൂനെ ഐടി പാര്‍ക്കിലെ ഹിന്‍ജെവാഡിയില്‍നിന്ന്, ആരോപണ വിധേയരായ രണ്ടുപേര്‍ക്കൊപ്പം വാഹനത്തില്‍ കയറി. പിന്നാലെ ആരോപണ വിധേയനായ മൂന്നാമനും വാഹനത്തില്‍ കയറി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.