ഭീകരവാദത്തെ ന്യായീകരിക്കരുത്; യുഎന്നില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

 
S Jaishankar

താലിബാന്റെ പേരെടുത്തുപറയാതെ വിമര്‍ശനം

യുഎന്നില്‍ ഭീകരവാദത്തിനെതിരായ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. ഭീകരവാദത്തെ ന്യായീകരിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ജയശങ്കര്‍ പറഞ്ഞു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തെ ന്യായീകരിക്കരുത്. കോവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. അതില്‍ ഇരട്ടത്താപ്പ് പാടില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ചില രാജ്യങ്ങളുടെ നിലപാട്. ഭീകരര്‍ക്ക് ചിലര്‍ സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് വിദേശകാര്യമന്ത്രി പറഞ്ഞു. ഐഎസ് ഇന്ത്യയുടെ അയല്‍പക്കത്തുവരെ എത്തിയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. 

അഫ്ഗാനിലായാലും ഇന്ത്യക്കെതിരെയായാലും ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. വിവിധ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തോടെയും പ്രോത്സാഹനത്തോടെയുമാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യറാകണം. ലോകം മുഴുവന്‍ സുരക്ഷിതമാകാതെ നമ്മളാരും സുരക്ഷിതരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മറ്റുരാജ്യങ്ങള്‍ താലിബാനെ പേരെടുത്ത് കുറ്റപ്പെടുത്തിയപ്പോള്‍ ജയ്ശങ്കര്‍ അതിന് തയ്യാറായില്ല.