'തുമ്പ' എന്ന കടല്‍ത്തീര ഗ്രാമത്തിലേക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെന്നു; വിക്രം സാരാഭായിയെ ഓര്‍ക്കുമ്പോള്‍ 

 
vikram sarabhai

ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച വിക്രം സാരാഭായിയുടെ ഓര്‍മയ്ക്ക് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്.  വ്യവസായി ആയ അംബാലാല്‍ സാരാഭായിയുടെയും സരളാദേവിയുടെയും പുത്രനായി 1919 ഓഗസ്റ്റ് 12-ന് അഹമ്മദാബാദിലായിരുന്നു വിക്രം സാരാഭായിയുടെ ജനനം. 1940-ല്‍ പ്രകൃതിശാസ്ത്രത്തില്‍ ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് ബിരുദം സ്വന്തമാക്കി, സി.വി. രാമന്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ദേഹം ഗവേഷണം ആരംഭിക്കുകയായിരുന്നു. 1947 നവംബര്‍ 11-ന് വിക്രം സാരാഭായി അഹമ്മദാബാദില്‍ ആരംഭിച്ച ഫിസിക്കല്‍ റിസര്‍ച്ച് ലാബാണ് പിന്നീട് ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന്റെ കേന്ദ്രമായി മാറിയത്.

ഇന്ത്യന്‍ അണുശക്തി കമ്മിഷന്‍ അധ്യക്ഷനായതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) സ്ഥാപിക്കുന്നതിന്റെ മുന്‍നിരയില്‍ വിക്രം സാരാഭായുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധവും തീഷ്ണമായ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളും സങ്കീര്‍ണ്ണമാക്കിത്തീര്‍ത്ത ഒരു സാമൂഹിക സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണവും അതിജീവനവും പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഇത്തരം സാഹചര്യങ്ങളെ ധൈര്യപൂര്‍വം അഭിമുഖീകരിക്കുന്നതിന് ശാസ്ത്രത്തെ ഒപ്പം നിര്‍ത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നയം.

നാം ജീവിക്കുന്നത് ശാസ്ത്രത്തിന്റെ യുഗത്തിലാണെങ്കിലും ഭൂരിഭാഗം ജനങ്ങളും ശാസ്ത്രീയമായ ജിവിതവീക്ഷണമുള്ളവരല്ല. പ്രത്യേകിച്ചും നിരവധി പുരാണ കഥകള്‍ക്കും മിത്തുകള്‍ക്കും വിശ്വാസങ്ങള്‍ക്കും ഇടയില്‍ ജീവിക്കുന്ന ഭാരതീയര്‍. അവര്‍ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടാന്‍ മിത്തുകളേയും വിശ്വാസങ്ങളെയും ആചാരങ്ങളേയും ആശ്രയിച്ചേക്കാം. അതീന്ദ്രിയവും അമാനുഷികവുമായ ശക്തികളില്‍ അഭയം തേടാം. ഓരോരുത്തരും പിറന്നു വീഴുന്ന മതപരമോ സാമുദായികമോ ആയ പരിസരത്തു നിന്നു മാത്രം ചുറ്റുമുള്ളവയെ നോക്കിക്കാണാം.ഇത്തരം പ്രവണതകളും സാഹചര്യങ്ങളും മനുഷ്യനില്‍ അവന്റെ കഴിവുകളിലുള്ള ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും അന്വേഷണാത്മകതയേയും സര്‍ഗാത്മകതയേയും ക്ഷയിപ്പിക്കുമെന്നും ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ നെഹ്‌റു ആശങ്കപ്പെട്ടിരുന്നു. ഇതിന് ശാസ്ത്രജ്ഞന്‍മാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന നിലപാടിലായിരുന്നു അദ്ദേഹം.

ആ നിലപാടിനൊപ്പം ദേശീയ തലത്തില്‍ വ്യക്തമായ കര്‍മപരിപാടികളുമുണ്ടായി. 1947 ജനുവരിയില്‍ രൂപം കൊണ്ട നെഹ്‌റു തന്നെ പ്രഥമ പ്രസിഡന്റായിരുന്ന Association of Scientific Workers of India (ASWI) എന്ന സംഘടനയെ ഇതിനായി സജ്ജീകരിക്കാനും ശാക്തീകരിക്കുവാനും നെഹ്‌റുവിന് കഴിഞ്ഞു. ഇത് ഇന്ത്യന്‍ ശാസ്ത്ര രംഗത്തുണ്ടാക്കിയ ഉണര്‍വ് നിസ്സാരമല്ല. അതുകൊണ്ടാണ് 1963-ല്‍ വളരെ അവികസിതമായ 'തുമ്പ' എന്ന കേരളീയ കടല്‍ത്തീര ഗ്രാമത്തിലെ ഒരു പള്ളിയിലേക്ക് ബിഷപ്പിനെ കാണാന്‍ വിക്രം സാരാഭായ് എന്ന ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആത്മവിശ്വാസത്തോടെ കടന്നു ചെന്നത്, ഭാരതത്തിന്റെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയില്‍ പള്ളിയും പള്ളി നില്‍ക്കുന്ന സ്ഥലവും വിട്ടുതരണമെന്ന് ആവശ്യപ്പെടുന്നത്. അന്നാരും അതിനോട് പ്രതിഷേധ സ്വരമുയര്‍ത്തിയിട്ടില്ല. ഞായറാഴ്ച്ചയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ഇടവകക്കാരുമായി ആലോചിച്ച് പളളിയും സ്ഥലവും വാനശാസ്ത്ര ഗവേഷണത്തിനായ് ഒഴിഞ്ഞു കൊടുക്കുന്നു എന്ന ബിഷപ്പിന്റെ തീരുമാനം, നമ്മുടെ ശാസ്ത്രവും ശാസത്ര ഗവേഷണവുമാണ് അനന്തമായ ആകാശനീലിമയിലേക്ക് തടസ്സങ്ങളില്ലാതെ കുതിച്ചുയരേണ്ടത് എന്ന കാഴ്ച്ചപ്പാടുണ്ടായതു കൊണ്ടാണ്. 1963 നവംബര്‍ 21ന്  തുമ്പയില്‍ നിന്നും ആദ്യത്തെ റോക്കറ്റ് കുതിച്ചുയര്‍ന്നു, തുമ്പയില്‍ നിന്ന് ആദ്യത്തെ ചെറു റോക്കറ്റ് വിക്ഷേപിച്ചതിന്റെ ബഹുമാനാര്‍ഥം വിക്ഷേപണ കേന്ദ്രത്തിന് സാരാഭായിയുടെ പേരു നല്‍കുകയായിരുന്നു. 

1966-71 കാലഘട്ടത്തില്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍സ്ഥാനം സാരഭായി വഹിച്ചു. 1969 ഓഗസ്റ്റ് 15-ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ.) സ്ഥാപിച്ചു. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കല്‍പ്പാക്കത്തിലെ ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ ഉള്‍പ്പെടെ പത്തിലേറെ പ്രമുഖ സ്ഥാപനങ്ങള്‍ക്കും വിക്രം സാരാഭായ് തുടക്കം കുറിച്ചു. 

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹം 1971 ഡിസംബര്‍ 30 ന് 52-ാം വയസ്സില്‍ കോവളത്ത് വെച്ചാണ് മരിക്കുന്നത്. മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗവും പ്രശസ്ത നര്‍ത്തകിയുമായ പരേതയായ മൃണാളിനി സാരാഭായിയാണ് ഭാര്യ. മകള്‍ മല്ലികയും നൃത്തരംഗത്തു സജീവമാണ്.