ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്നും പുറത്താക്കി യോഗി സര്‍ക്കാര്‍

ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 63 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതുമായി ബന്ധപ്പെട്ടാണ് പിരിച്ചു വിടല്‍
 
dr.kafeel khan
സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ഡോ. ഖാന്‍

ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് യോഗി അദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍  ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ 2017 ല്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 63 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതുമായി ബന്ധപ്പെട്ടാണ് പിരിച്ചു വിട്ടത്. പിരിച്ചു വിട്ട കാര്യം ട്വിറ്ററിലൂടെ ഡോ. ഖാന്‍ തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 കുട്ടികള്‍ മരിച്ചതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ ഗുരുതരമായ പരാതികള്‍ ഉന്നയിച്ച ഡോ. ഖാന്‍ 2017 ഓഗസ്റ്റ് 22 മുതല്‍സസ്‌പെന്‍ഷനിലായിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ ആശുപത്രിയില്‍ നടന്ന കുട്ടികളുടെ കൂട്ടമരണത്തിന് കാരണക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരുന്നുവെന്നായിരുന്നു ഖാന്റെ ആരോപണം. ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്നവര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായതെന്നും, ഓക്‌സിജന്‍ കിട്ടാതെയാണ് കുട്ടികള്‍ മരിച്ചതെന്നും മനുഷ്യനിര്‍മിതമായ കൂട്ടക്കുരിതിയാണ് ആശുപത്രിയില്‍ നടന്നതെന്നും ഖാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ മരണത്തിനു കാരണം ഡോ. ഖാന്‍ ആണെന്ന കുറ്റം അദ്ദേഹത്തിനുമേല്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. കുട്ടികളുടെ മരണത്തിന് കാരണക്കാരന്‍ ഡോ.ഖാന്‍ ആണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയായിരുന്നു തടവ് ശിക്ഷയും. 

തന്നെ പിരിച്ചു വിട്ടതിനെതിരേ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീല്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഇനിയും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കൂടാതെ ഏഴുപേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തിരുന്നവെന്നും എന്നാല്‍ അവരെയെല്ലാം തിരിച്ചെടുത്തുവെന്നും, തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും അദ്ദേഹം യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ തനിക്കെതിരെ ആരോപിച്ചിരുന്ന ചികിത്സ പിഴവ്, അഴിമതി എന്നീ കുറ്റങ്ങളില്‍ തനിക്ക് ക്ലീന്‍ ചിറ്റ് കിട്ടിയിട്ടും തന്നെ പുറത്താക്കുകയാണ് ഉണ്ടായിരിക്കുന്നത്. കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ ഇപ്പോഴും നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്, ഇത് നീതിയോ അനീതിയോ? നിങ്ങള്‍ തീരുമാനിക്കു; ഡോ. ഖാന്‍ ട്വിറ്ററില്‍ കുറിക്കുന്നു.