പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 11 ന്, അറിയേണ്ടതെല്ലാം 

 
murmu

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് 11 മണിക്ക് ആരംഭിക്കും. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെക്കാള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനാണ് മുന്‍തൂക്കം. ഈ മാസം 18നായിരുന്നു വോട്ടെടുപ്പ്. 99.18 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 4,000ത്തിലധികം പേരാണ് വോട്ട് ചെയ്തത്. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബാലറ്റു പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎല്‍എമാര്‍ക്കും 771 എം പിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എല്‍ എമാരും വോട്ടു രേഖപ്പെടുത്തി.

പാര്‍ലമെന്റ് ഹൗസില്‍ രാവിലെ 11 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം 4 മണിയോട് കൂടി ഫലം പ്രതീക്ഷിക്കാം. 
പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എം.എല്‍.എമാരുടെയും പിന്നീട് എം.പിമാരുടെയും വോട്ടുകള്‍ വേര്‍തിരിക്കും. തുടര്‍ന്ന് സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ പ്രത്യേകം ട്രേയിലാക്കും.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുര്‍മുവിനെ തീന്‍ മൂര്‍ത്തി മാര്‍ഗിലെ താല്‍ക്കാലിക വസതിയില്‍ സന്ദര്‍ശിച്ച് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

മുര്‍മു വിജയിച്ചെന്ന ഫലപ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് രാജ്പഥിലേക്ക് റോഡ് ഷോ നടത്താന്‍ ഡല്‍ഹി ബിജെപി തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. നിരവധി മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളും വിജയഘോഷയാത്രകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്, 20,000 മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിക്കാന്‍ ഒഡീഷയിലെ റൈരംഗ്പൂരിലെ നിവാസികളും തയ്യാറാണ്. ആദിവാസി നൃത്തവും വിജയഘോഷയാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഒഡീഷയില്‍ നിന്നുള്ള ആദിവാസി സ്ത്രീയും മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറുമായ എംഎസ് മുര്‍മുവിനെ എന്‍ഡിഎ തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ പിളര്‍ത്താനും നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ ചേരിചേരാ കക്ഷികളില്‍ നിന്ന് പിന്തുണ നേടാനുമുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. 

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് 34 പാര്‍ട്ടികളും ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവിന് 44 പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.പ്രതിപക്ഷത്തെ ശിവസേന, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ കക്ഷികള്‍ മുര്‍മുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതായി നിരവധി എംഎല്‍എമാര്‍ സമ്മതിച്ചിട്ടുണ്ട്. വോട്ടെണ്ണലിന് മുന്നോടിയായി എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ച് തരംതിരിക്കും. ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 700 ആയി നിജപ്പെടുത്തിയിരിക്കുന്നു, അതേസമയം ഓരോ സംസ്ഥാനത്തെയും എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം വ്യത്യസ്തമാണ്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിജയി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയല്ല, ഒരു നിശ്ചിത ക്വാട്ടയേക്കാള്‍ കൂടുതല്‍ വോട്ട് നേടുന്നയാളാണ്. ഓരോ സ്ഥാനാര്‍ത്ഥിക്കും പോള്‍ ചെയ്ത വോട്ടുകള്‍ ചേര്‍ത്ത് തുകയെ രണ്ടായി ഹരിച്ച് അതില്‍ '1' ചേര്‍ത്താണ് ക്വാട്ട നിര്‍ണ്ണയിക്കുന്നത്. ഈ മൂല്യത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയി. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.