ഇലക്ടറല്‍ ബോണ്ടും കോര്‍പ്പറേറ്റ് പണക്കൊഴുപ്പില്‍ തിളച്ചുമറിയുന്ന തെരഞ്ഞെടുപ്പ് പോരും 

 
Electoral Bond

ബോണ്ടിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് വൈകുന്നു

വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പന ആരംഭിച്ചു. ഒക്ടോബര്‍ ഒന്നിനാണ് കേന്ദ്ര ധനമന്ത്രാലയം ബോണ്ടുകളുടെ വില്‍പനയ്ക്ക് തുടക്കമിട്ടത്. ഈമാസം പത്തുവരെയാണ് വില്‍പന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 നിര്‍ദിഷ്ട ശാഖയില്‍ 1000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി രൂപ എന്നിവയുടെ ഗുണിതങ്ങളായി ബോണ്ടുകള്‍ ലഭിക്കും. സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ബാങ്കില്‍നിന്ന് ബോണ്ടുകള്‍ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വ്യക്തികളേക്കാള്‍, കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് ഇന്ത്യന്‍ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിനെയും കൊണ്ടെത്തിക്കുന്നതാണ് ഇലക്ടറല്‍ ബോണ്ടുകളെന്ന ആരോപണവും വിമര്‍ശനവും ശക്തമാണ്. ഇതുവരെയുള്ള കണക്കുകള്‍ അത് ശരിവെക്കുന്നുമുണ്ട്. എന്നാല്‍, ബോണ്ട് വില്‍പന തുടരുകയാണ്. ബോണ്ട് നടപടിയുടെ സുതാര്യതയും ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള നിയമ നടപടികളിലും അന്തിമ തീരുമാനമായിട്ടുമില്ല. ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

എന്താണ് ഇലക്ടറല്‍ ബോണ്ട്?
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള കടപത്രങ്ങളാണ് ഇലക്ടറല്‍ ബോണ്ടുകള്‍. 2017ല്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇത് അവതരിപ്പിച്ചത്. 2018 മാര്‍ച്ച് 18നാണ് ഈ ഫിനാന്‍സ് ബില്‍ ഒരു ചര്‍ച്ചയുമില്ലാതെ പാസാക്കിയത്. രാജ്യസഭയെ മറികടന്ന് മണി ബില്ലാക്കിയായിരുന്നു ഇത്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കാന്‍ സഹായകമാകുന്നതാണ് സംവിധാനം. നേരിട്ടു സംഭാവന നല്‍കുന്നതിനു പകരം ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കുന്നു എന്നുമാത്രം. ഓരോ സാമ്പത്തിക പാദത്തിന്റെയും ആദ്യ പതിനഞ്ച് ദിവസമാണ് ഇലക്ടറല്‍ ബോണ്ടുകളുടെ കാലാവധി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ തിരഞ്ഞെടുത്ത എസ്ബിഐ ശാഖകളില്‍ നിന്ന് വാങ്ങാം. അവര്‍ക്കത് ഇഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് നല്‍കാം. പാര്‍ട്ടികള്‍ക്ക് ഇതു ബാങ്ക് അക്കൗണ്ട് വഴി പണമാക്കി മാറ്റിയെടുക്കാം. 15 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബോണ്ടുകള്‍ മാറിയിട്ടില്ല എങ്കില്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. വ്യക്തികള്‍ക്കോ, കമ്പനികള്‍ക്കോ വാങ്ങാവുന്ന ബോണ്ടുകളുടെ എണ്ണത്തിന് പരിധികളില്ല. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 29 എ അനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട പാര്‍ട്ടികള്‍ക്ക് മാത്രമേ ബോണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയൂ. അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണം. ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകൃതമായിരിക്കണം. ഒരു അക്കൗണ്ട് മാത്രമേ ഇതിനായി ഉപയോഗിക്കാനും പാടുള്ളൂ എന്നിങ്ങനെയാണ് നിബന്ധനകള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വര്‍ഷം ബോണ്ട് വില്‍പനയ്ക്ക് 30 ദിവസം കൂടി അധികമായി അനുവദിക്കും. 

നേട്ടം ബിജെപിക്ക് 
2019-20 സാമ്പത്തിക വര്‍ഷം വിറ്റ ഇലക്ടറല്‍ ബോണ്ടുകളില്‍ 76 ശതമാനം ലഭിച്ചത് ബിജെപിക്കായിരുന്നെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കണക്കുകള്‍ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസിന് ഒമ്പത് ശതമാനം ബോണ്ടുകള്‍ മാത്രമാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019-20ല്‍ മാത്രം 3,355 കോടിയാണ് ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. അതില്‍ 2,555 കോടിയായിരുന്നു ബിജെപിയുടെ നേട്ടം. മുന്‍ വര്‍ഷം 1,450 കോടിയായിരുന്നു. 75 ശതമാനത്തിന്റെ വര്‍ധനയാണ് സംഭാവനയില്‍ ഉണ്ടായത്. 2019-20ല്‍ കോണ്‍ഗ്രസിന് 318 കോടിയാണ് ലഭിച്ചത്. മുന്‍ വര്‍ഷം 383 കോടി ലഭിച്ച കോണ്‍ഗ്രസിന് സംഭാവനയില്‍ 17 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. 

അറിയപ്പെടാത്ത ഉറവിടങ്ങള്‍
രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ 70 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ ഉള്‍പ്പെടെ അറിയപ്പെടാത്ത ഉറവിടങ്ങളില്‍ നിന്നാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. 2019-20ല്‍ 3,377.41 കോടി രൂപയാണ് ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയത്, അവരുടെ മൊത്തം വരുമാനത്തിന്റെ 70.98 ശതമാനം. അതില്‍ ഇലക്ടറല്‍ ബോണ്ടില്‍നിന്ന് ലഭിച്ചത് 2,993.82 കോടി, അതായത് 88.64 ശതമാനം. എന്നാല്‍, ആദായനികുതി റിട്ടേണുകളിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലും ഇത്തരം വരുമാനത്തെക്കുറിച്ചോ ഉറവിടങ്ങളോക്കുറിച്ചോ പാര്‍ട്ടികള്‍ ഒരിക്കലും വെളിപ്പെടുത്താറില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 20,000 രൂപയില്‍ താഴെ സംഭാവന നല്‍കുന്നവരുടെയും ഇലക്ടറല്‍ ബോണ്ടുകളിലൂടെ സംഭാവന നല്‍കുന്നവരുടെയും പേരുകള്‍ വെളിപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ ഇതൊക്കെ സാധ്യമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഏറ്റവും കൂടുതല്‍ വിറ്റത് 1 കോടിയുടെ ബോണ്ടുകള്‍
92 ശതമാനം ഇലക്ടറല്‍ ബോണ്ടുകളും വിറ്റഴിച്ചത് ഒരു കോടിയുടെ ഗുണിതങ്ങളായാണെന്ന് ആര്‍ടിഐ പ്രവര്‍ത്തകന്‍ ലോകേഷ് ബത്ര വെളിപ്പെടുത്തുന്നു. അനുവദിക്കപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന തുകയുടെ ബോണ്ട് ആണിത്. 10 ലക്ഷത്തിന്റെ 5,494 ബോണ്ടുകളാണ് വിറ്റത്. ആകെ വില്‍പ്പനയുടെ 7.36 ശതമാനം മാത്രമാണിത്. ഒരു ലക്ഷത്തിന്റെ 1,886 ബോണ്ടുകള്‍, അതായത് 0.256 ശതമാനവും വിറ്റു. 2018 മുതല്‍ 2021 ജൂലൈ വരെ ആകെ 14,363 ബോണ്ടുകള്‍ വിറ്റു. അതില്‍ 14,217 ബോണ്ടുകളുടെ തുക പാര്‍ട്ടികള്‍ സ്വീകരിച്ചു. ആകെ 7,380.63 കോടിയായിരുന്നു ബോണ്ടുകളുടെ തുക. അതില്‍ 7,336.03 രൂപയുടെ ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി മാറ്റി. 20.28 കോടി രൂപയുടെ ബോണ്ടുകള്‍ യഥാസമയം പണമാക്കി മാറ്റാതിരുന്നതിലൂടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്നും ബത്ര ദി വയറിനോട് വെളിപ്പെടുത്തി. ഒരു കോടി രൂപയുടെ ബോണ്ടുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ല. അതിനാല്‍ കോര്‍പ്പറേറ്റുകളാണ് ഇത്തരത്തില്‍ സംഭാവന നല്‍കിയതെന്നായിരുന്നു വിലയിരുത്തലുകള്‍.

വാദം, മറുവാദം
പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ ബാങ്ക് വഴിയാകുന്നതോടെ കള്ളപ്പണം തടയാനാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. സംഭാവന നല്‍കുന്നവരെ സംരക്ഷിക്കാന്‍ ഉപകരിക്കുമെന്ന വാദം ഉയര്‍ന്നുകേട്ടു. ഒരു പാര്‍ട്ടിക്ക് സംഭാവന ചെയ്യുകയും മറ്റൊരു പാര്‍ട്ടിക്ക് ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍, വ്യക്തികളോടും സ്ഥാപനങ്ങളോടും ഉണ്ടാകുന്ന അനിഷ്ടം ഇല്ലാതാകുമെന്നായിരുന്നു വിശദീകരണം. എന്നാല്‍, ഇലക്ടറല്‍ ബോണ്ടില്‍നിന്ന് ലഭിച്ച വരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ട എന്ന വ്യവസ്ഥ 1951ലെ ജനപ്രാതിനിധ്യ നിയമത്തിന് എതിരാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ നിലപാട്. സംഭാവന ചെയ്യുന്നവരുടെ വിവരങ്ങള്‍ സുതാര്യതക്കായി പുറത്ത് വിടണം. സ്വതന്ത്രാധികാരങ്ങളുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്നതാണ് ഇലക്ടറല്‍ ബോണ്ടുകളെന്നും വിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ബോണ്ട് നടപടിയെ എതിര്‍ത്തു. 

ബോണ്ടുകള്‍ തടയാനാവില്ലെന്ന് കോടതി
ബോണ്ടിനെതിരെ 2018 മുതല്‍ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇലക്ടറല്‍ ബോണ്ടുകളുടെ സുതാര്യത, ഭരണഘടനാ സാധുത എന്നിവ ചോദ്യംചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികളാണ് കോടതിയിലുള്ളത്. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ബോണ്ടുകള്‍ പുറത്തിറക്കുന്നതു സ്റ്റേ ചെയ്യണമെന്ന ആവശ്യവും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആരാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്‍കുന്നത്? ഏതൊക്കെ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ കോര്‍പ്പറേറ്റുകള്‍ സംഭാവന നല്‍കുന്നുണ്ടോ? അതില്‍ അഴിമതിയുണ്ടോ? എന്നിങ്ങനെയുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശങ്ങളാണ് യെച്ചൂരി ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. 

ഇലക്ടറല്‍ ബോണ്ടുകള്‍ തടയാനാവില്ലെന്ന് ഈവര്‍ഷം മാര്‍ച്ചില്‍ സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ബോണ്ടുകള്‍ പുറത്തിറക്കുന്നതു സ്റ്റേ ചെയ്യണമെന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്  ആവശ്യം തള്ളിയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഭരണകക്ഷിക്ക് കൈക്കൂലി, സംഭാവനയായി സ്വീകരിക്കാനുള്ള ഉപകരണമായി ബോണ്ട് മാറിയിരിക്കുന്നുവെന്ന വാദം ചീഫ് ജസ്റ്റിസായിരുന്ന എസ്.എ ബോബ്‌ഡെ തള്ളി. ഭരണകക്ഷി മാത്രമല്ല ഇലക്ടറല്‍ ബോണ്ടുകളുടെ ഗുണഭോക്താക്കളെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബോണ്ടുകള്‍ ഇല്ലെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ നേരിട്ടുള്ള പണമിടപാട് നടത്തുമെന്ന കേന്ദേര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കണക്കിലെടുത്തായിരുന്നു കോടതിയുടെ മറുപടി. ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നതില്‍ കോടതി ആശങ്കയും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, ബോണ്ടുകളുടെ ഇടപാടില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തുടര്‍ന്ന്, രാഷ്ട്രീയപാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി വരുന്ന പണത്തിന്റെ വിശദാംശങ്ങള്‍ മുദ്ര വച്ച കവറില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബോണ്ടിനെതിരായ മറ്റു ഹര്‍ജികളില്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇവ എത്രയും കേള്‍ക്കണമെന്ന് സീതാറാം യെച്ചൂരി വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.