യാത്രാ നയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; യുകെ പൗരന്‍മാര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധം, പ്രതികരിച്ച് ബ്രിട്ടന്‍ 

 
uk

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ശേഷം പ്രതികരിച്ച് യുകെ. വാക്‌സിന്‍ സര്‍ട്ടിഫിക്കേഷന്റെ അംഗീകാരത്തിനായുള്ള സാങ്കേതിക സഹകരണത്തില്‍ ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണെന്നാണ് യുകെയുടെ പ്രതികരണം. 
 
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുകെ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഴ്ചകള്‍ക്കുശേഷമായിരുന്നു ഇന്ത്യയില്‍ എത്തുന്ന യുകെ പൗരന്മാര്‍ ഒക്ടോബര്‍ 4 (ഞായറാഴ്ച അര്‍ദ്ധരാത്രി) മുതല്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ചെയ്യണമെന്ന് ഇന്ത്യ തീരുമാനിച്ചത്. കോവിഷീല്‍ഡ്  രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന ബ്രിട്ടീഷ തീരുമാനത്തിന് തിരിച്ചടിയാണിത്. 

ബ്രിട്ടനില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് കോവിഡ് പരിശോധന നടത്തണം. വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം എന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഷീല്‍ഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടന്‍ ക്വാറന്റീനുള്ള തീരുമാനം തുടരുന്നത്.

അതേസമയം വിവിധ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ എടുത്തവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. 
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ലഭ്യമാക്കുന്നതിന് സാങ്കേതിക സഹകരണത്തില്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ച ര്‍ച്ചകള്‍ തുടരുകയാണ്. ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ വക്താവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ എത്തുന്നവര്‍ക്ക് പ്രവേശിക്കാന്‍ യുകെ അതിര്‍ത്തികള്‍ തുറന്നിരുന്നു. വിനോദസഞ്ചാരികള്‍, ബിസിനസ്സുകാര്‍, വിദ്യാര്‍ത്ഥികള്‍, ഇങ്ങനെ നിരവധി പേര്‍ ഇന്ത്യയില്‍ നിന്നെത്തി. 2021 ജൂണ്‍ വരെ 62,500 -ലധികം വിദ്യാര്‍ത്ഥി വിസകള്‍ നല്‍കിയിട്ടുണ്ട്, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 30% വര്‍ദ്ധനവ് കാണിക്കുന്നു.  യാത്രാ പ്രക്രിയ കഴിയുന്നത്ര എളുപ്പമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' യുകെ വക്താവ് കൂട്ടിച്ചേര്‍ത്തു.