ഇന്ത്യക്കാരുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കണം; താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി

 
Taliban

ദോഹയിലെ ഇന്ത്യന്‍ എംബസിയിലായിരുന്നു കൂടിക്കാഴ്ച

താലിബാനുമായി ഇന്ത്യ നയതന്ത്ര ചര്‍ച്ചകള്‍ നടത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും ഖത്തറിലെ താലിബാന്‍ രാഷ്ട്രീയ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനെക്‌സായിയും തമ്മിലാണ് ചര്‍ച്ച നടത്തിയത്. അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷിതമായ മടങ്ങിവരവ്, അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച ആശങ്കകളാണ് ഇന്ത്യ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. ദോഹയിലെ ഇന്ത്യന്‍ എംബസിയിലായിരുന്നു കൂടിക്കാഴ്ചയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

അഫ്ഗാനില്‍ കുടുങ്ങിയവരെ എത്രയുംവേഗം സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍, പ്രത്യേകിച്ച് ന്യൂനപക്ഷമായ സിഖുകാരുടെയും ഹിന്ദുക്കളുടെയും കാര്യവും ചര്‍ച്ചയായി. അഫ്ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യങ്ങളും ആശങ്കകളും പരിഗണിക്കുമെന്ന് താലിബാന്‍ പ്രതിനിധി ഉറപ്പ് നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അഫ്ഗാന്‍ പിടിച്ചെടുത്ത താലിബാനുമായി ഇന്ത്യ നടത്തിയ ആദ്യ ചര്‍ച്ചയാണിത്.