കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാം; കോവാക്‌സിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

 
pneumococcal vaccine

20 ദിവസത്തെ ഇടവേളയില്‍ ഡോസുകളാണ് എടുക്കേണ്ടത്

കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി. അടിയന്തര ഘട്ടത്തില്‍, രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കാമെന്നാണ് വിദഗ്ധ സമിതി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അനുമതി ലഭിച്ചാല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന രണ്ടാമത്തെ വാക്സിനാവും ഇത്. നേരത്തെ, അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില്ല ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ സൈക്കോവ്-ഡിക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അടിയന്തര അനുമതി നല്‍കിയിരുന്നു. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാവുന്ന രാജ്യത്ത് ആദ്യത്തെ വാക്സിനാണ് സൈക്കോവ്-ഡി. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, 2-18 പ്രായക്കാര്‍ക്കുള്ള കോവാക്‌സിന്റെ മൂന്ന് ഘട്ടം പരീക്ഷണങ്ങളും സെപ്റ്റംബറോടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഈമാസം ആദ്യം തന്നെ ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് സമര്‍പ്പിച്ചിരുന്നു. വിശദമായ  പരിശോധനയ്ക്കും ആലോചനയ്ക്കും ശേഷമാണ്, അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി കോവാക്‌സിന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന് രണ്ട് ഡോസുകളാണുള്ളത്. 20 ദിവസത്തെ ഇടവേളയിലാണ് ഡോസുകള്‍ എടുക്കേണ്ടത്. അതേസമയം, കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. ജൂലൈ ഒമ്പതിന് തന്നെ അനുമതിക്കായുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചിരുന്നെങ്കിലും നടപടി വൈകുകയാണ്. 

ഭാരത് ബയോടെകിന്റെ കോവാക്‌സിന് ശേഷം ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് സൈക്കോവ്-ഡി. വാക്‌സിന് ആഗസ്റ്റില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ നല്‍കിയിരുന്നു. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാവുന്ന രാജ്യത്ത് ആദ്യത്തെ വാക്സിനാണിത്. ലോകത്തിലെ ഒരേയൊരു ഡിഎന്‍എ അധിഷ്ഠിത വാക്സിന്‍ കൂടിയാണിത്, ഇത് സൂചി ഇല്ലാതെ നല്‍കാം, വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയുള്ള സാധ്യത വളരെ കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു. 28,000 ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 66.66 ശതമാനമാണ് ഫലപ്രാപ്തി.