റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

 
റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

2016 ജനുവരി 24ന് റോഗ് ഇന്റർനാഷണൽ എന്ന ഫ്രഞ്ച് സിനിമാ നിർമാണക്കമ്പനിയുമായി അനില്‍ അംബാനി എന്ന 'ഉദാരമതിയായ' ഇന്ത്യൻ ബിസിനസ്സുകാരൻ ഒരു കരാറിലെത്തി. എവറസ്റ്റ് കൊടുമുടിയിൽ നിന്ന് സ്നോബോർഡിൽ താഴെയെത്തിയ ആദ്യത്തെയാളെന്ന ബഹുമതിയുടെ ഉടമയായ ഫ്രഞ്ചുകാരൻ മാക്രോ സിഫ്രദിയെക്കുറിച്ചുള്ള ഒരു സിനിമ അടക്കം രണ്ട് സിനിമകളിൽ നിക്ഷേപം നടത്താമെന്നതായിരുന്നു കരാർ. 10 ദശലക്ഷം യൂറോ ചെലവിട്ട് നിർമിക്കുന്ന സിനിമയിൽ 1.6 ദശലക്ഷം യൂറോ നിക്ഷേപത്തിനാണ് അനിൽ അംബാനിയുടെ റിലയൻസ് തയ്യാറായത്. അന്നത്തെ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തിന്റെ ജീവിതപങ്കാളിയും നടിയുമായ ജൂലീ ഗായറ്റായിരുന്നു ചിത്രത്തിന്റെ നിർമാണ പങ്കാളി. ഫ്രഞ്ച് സിനിമ നിർമിക്കുന്നതു സംബന്ധിച്ച റിലയൻസിന്റെ പ്രഖ്യാപനം വന്ന് രണ്ടു ദിവസത്തിനു ശേഷം, ജനുവരി 26ന് ഫ്രഞ്ച് പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും റാഫേൽ വിമാനക്കച്ചവടവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു. 59,000 കോടി രൂപയുടെ റാഫേൽ കരാറും അതിന്റെ ഓഫ്‌സെറ്റ് കരാറുകളുമാണ് ഈ ധാരണാപത്രത്തിൽ പ്രതിപാദിച്ചിരുന്നത്.

എന്താണ് റാഫേൽ കരാര്‍, അതിലെന്താണ് അംബാനി?

അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, രൺദിപ് സുർജെവാല എന്നീ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഇക്കഴിഞ്ഞ ബുധനാഴ്ച (2018 സെപ്തംബർ 19) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നേരിട്ട് ചെന്നു കണ്ടു. റാഫേൽ കരാറിൽ അന്വേഷണം ആവശ്യമാണ് എന്ന് മെമ്മൊറാണ്ടം നൽകി. ഇന്ത്യൻ നിയമപ്രകാരം ഈ കരാറിന്റെ സ്വഭാവം, അതിൽ സ്വജന പക്ഷപാതം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സിഎജിയുടെ വിശകലന പരിധിയിൽ പെടുന്ന കാര്യങ്ങളാണെന്ന് ഈ സംഘം നൽകിയ മെമ്മോറാണ്ടം ചൂണ്ടിക്കാട്ടി. പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി, ചീഫ് വിജിലൻസ് കമ്മീഷൻ, പ്രതിരോധത്തിലെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി എന്നിവരോട് കരാർ സംബന്ധമായ വിശദാംശങ്ങൾ നൽകാൻ ഇന്ത്യാ സർക്കാർ ബാധ്യസ്ഥരാണ്. റാഫേൽ കരാറിനോടൊപ്പം വരുന്ന 30,000 കോടിയോളം വരുന്ന തുകയുടെ ഓഫ്‌സെറ്റ് കരാറുകളും ഒരു ലക്ഷം കോടി രൂപയുടെ ലൈഫ് സൈക്കിൾ കോസ്റ്റ് കരാറും പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിന് കിട്ടേണ്ടിയിരുന്നത് വിമാനനിർമാണത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകിയതിലൂടെ ദേശീയ സുരക്ഷയെയാണ് അപകടത്തിലാക്കിയിരിക്കുന്നതെന്നും മെമ്മോറാണ്ടം പറഞ്ഞു. ഒരു പ്രത്യേക ഫോറൻസിക് ഓഡിറ്റ് നടപ്പാക്കി സിഎജി അതിന്റെ ഭരണഘടനാപരമായ ചുമതല നിർവ്വഹിക്കാൻ തയ്യാറാകണമെന്നും കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടു. സിഎജി ഓഫീസിൽ നിന്നും പുറത്തിറങ്ങിയ നേതാക്കൾ രാജ്യത്തിന്റെ ഖജനാവിന് 41,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കരാറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു. കോൺഗ്രസ്സ് ഭരണകാലത്ത് 526 കോടി രൂപയ്ക്ക് ഒരു വിമാനം വാങ്ങാമെന്നായിരുന്നു കരാർ. ഇതെങ്ങനെ മോദി സർക്കാർ എത്തിയപ്പോൾ 1670 കോടിയിലെത്തി എന്ന് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ കോലാഹലങ്ങൾ നടക്കുമ്പോഴാണ് 2016ലെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തി റാഫേൽ ധാരണാപത്രത്തിൽ ഒപ്പുവെച്ച അന്നത്തെ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്ത് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്നത്. മീഡിയപാർട്ട് എന്ന മാധ്യമത്തോടാണ് ഫ്രാങ്കോയിസ് ഒളാന്ത് സംസാരിച്ചത്.

Read Also - ‘റാഫേല്‍’: 1600 കോടി രൂപയ്‌ക്കൊരു കൊലപാതക യന്ത്രം

ഫ്രാങ്കോയിസ് ഒളാന്തിന്റെ വചനങ്ങൾ

‍ഡോ. മൻമോഹൻ സിങ്ങുമായും നരേന്ദ്ര മോദിയുമായും ഈ കരാറിനു വേണ്ടി താൻ ഇടപെട്ടിട്ടുള്ള കാര്യം ഫ്രാൻസിന്റെ മുൻ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്ത് ഓർത്തെടുത്തു. "മൻമോഹൻ സിങ്ങിന്റെ കാലത്ത് 126 റാഫേൽ എയർക്രാഫ്റ്റുകളാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഭരണം മാറിയപ്പോൾ ഇത് 36 എയർക്രാഫ്റ്റുകളായി കുറഞ്ഞു. ഫ്രഞ്ച് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആകർഷകമായിരുന്നില്ല. പക്ഷെ മുൻ കരാറിൽ നിന്നും വ്യത്യസ്തമായി വിമാനനിർമാണം ഫ്രാൻസിൽ തന്നെ മതി. ഇപ്പോൾ വിവാദമായിട്ടുള്ള കാര്യവും പുതിയ കരാറിലാണ് വന്നത്. വിമാന നിർമാണ കമ്പനിയായ ഡസ്സോൾട്ടും റിലയൻസ് ഗ്രൂപ്പും ചേർന്നുള്ള ഓഫ്‍സെറ്റ് കരാറും പുതിയ കരാറിന്റെ ഭാഗമായി. എങ്ങനെയാണ് റിലയൻസ് ഈ കരാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്? ഞങ്ങൾക്ക് അതിൽ യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യൻ സർക്കാരാണ് ഈ ഗ്രൂപ്പിനെ നിർദ്ദേശിച്ചത്. ഡസ്സോൾട്ടാണ് അംബാനിയുമായി നീക്കുപോക്കുകൾ നടത്തിയത്. ഞങ്ങൾക്കതിൽ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് നൽകിയ ഇടനിലക്കാരനെ (interlocutor) ഞങ്ങൾ സ്വീകരിച്ചു. ഇക്കാരണത്താൽത്തന്നെ ഈ ഗ്രൂപ്പിന് എനിക്ക് എന്തെങ്കിലും ആനുകൂല്യം നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. ജൂലി ഗായറ്റിന്റെ സിനിമയുമായി കരാറിനെന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് ഭാവന ചെയ്യാൻ പോലും കഴിയുമായിരുന്നില്ല".

ഈ വചനങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയ രംഗവും അതിനെ നിരീക്ഷിക്കുന്ന ജനങ്ങളും ഞെട്ടുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചാൽ ഉത്തരം ലളിതമാണ്: ഇത്രയും കാലം നരേന്ദ്ര മോദിയുടെ സർക്കാർ പറഞ്ഞു കൊണ്ടിരുന്നത് റിലയൻസ് ഗ്രൂപ്പിനെ ഡസ്സോൾട്ടുമായുള്ള ഓഫ്‌സെറ്റ് കരാറുകൾക്ക് ക്ഷണിച്ചത് ഫ്രഞ്ച് സർക്കാരാണ് എന്നതാണ്.

സിനിമാനിർമാണവും റാഫേൽ കരാറും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതിനോട് വിയോജിച്ച് ഫ്രാങ്കോയിസ് ഒളാന്തിന്റെ പങ്കാളി ജൂലി ഗായെറ്റ് രംഗത്തുവന്നു. സിനിമയുടെ സഹ നിര്‍മ്മാതാവ് എലിസ സൊസ്സാനാണ് സിനിമയ്ക്ക് അനിൽ അംബാനിയുടെ സഹായം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതെന്നും മൊത്തം ബജറ്റിന്റെ പത്ത് ശതമാനമായിരുന്നു ആവശ്യപ്പെട്ടതെന്നും അവർ വിശദീകരിച്ചു. തന്റെ മാത്രം ഉദ്യമത്തിന്റെ ഭാഗമായാണ് അനിൽ അംബാനി സിനിമയിലെത്തിയതെന്നാണ് സൊസ്സാന്റെ വിശദീകരണം.

ഫ്രാൻസിൽ ഫ്രാങ്കോയിസ് ഒളാന്തിനും അദ്ദേഹത്തിന്റെ പങ്കാളിക്കെതിരെയും റാഫേൽ ഡീലിന്റെ പേരില്‍ ആരോപണങ്ങളുയർന്നതോടെയാണ് അദ്ദേഹം സംസാരിക്കാൻ തയ്യാറായത്. ജൂലി ഗായെറ്റിന്റെ ചിത്രം നിർമിക്കാൻ അനിൽ അംബാനി സഹായിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാസത്തിൽ റിപ്പോർട്ടുകൾ വരികയും ചെയ്തു. ഇതോടെ കുടുക്കിലായ ഫ്രാങ്കോയിസ് ഒളാന്ത് ഇപ്പോൾ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്താൻ നിർബന്ധിതനാകുകയായിരുന്നു.

ഡസ്സോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ്

സിനിമാ പ്രവർത്തനങ്ങൾ നടക്കവെ സമാന്തരമായി ഡസ്സോൾട്ട് കമ്പനിയുമൊത്ത് അനിൽ അംബാനി തന്റെ ഗൂഢാലോചനകൾ തുടർന്നിരുന്നു എന്നാണ് വെളിപ്പെട്ടത്. ഇരുവരും സംയുക്തമായി ഒരു കമ്പനി രൂപീകരിച്ചു. ഡസ്സോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (DRAL) എന്ന ഈ കമ്പനിയിൽ 51% ഓഹരികളും റിലയൻസിന്റെ പക്കലാണുള്ളത്. 49% ഓഹരി ഡസ്സോള്‍ട്ടിന്റെ പക്കലും. റാഫേൽ ധാരണാപത്രം 2016 ജനുവരിയിൽ ഒപ്പിട്ടതിനു ശേഷം സിനിമാനിര്‍മാണം സജീവമായി നീങ്ങി. ചിത്രം 2017 ഡിസംബർ 20ന് പുറത്തിറങ്ങി.

നാഗ്പൂരിൽ ഡസ്സോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ നിർമാണ ഫാക്ടറി സ്ഥാപിക്കപ്പെടുന്നതും ഏതാണ്ടിതേ കാലയളവിലാണ്. അന്നത്തെ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാർലെയും ഇന്ത്യൻ റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. 2016 സെപ്തംബർ 23ന് കരാർ നിലവിൽ വരുന്നതിനു ഏതാണ്ട് ഒരാഴ്ച മുമ്പു തന്നെ റിലയൻസ്-ഡസ്സോൾട്ട് സംയുക്ത സഖ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നു!

Read Also - 2022 ഏപ്രില്‍ വരെ പൂര്‍ണസജ്ജമായ ഒരു റാഫേല്‍ വിമാനം മാത്രം ഇന്ത്യയിലെത്തും

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് അനിൽ അംബാനിയുടെ റിലയൻസും ഡസോൾട്ടും തമ്മിലുള്ള ഓഫ്‌സെറ്റ് പദ്ധതി രൂപപ്പെട്ടതെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാകുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രാലത്തിന്റെ പ്രസ്താവനയും ഈ സാധ്യതയെ ഉറപ്പിക്കുകയാണ്. ഫ്രഞ്ച് കമ്പനികൾ തെരഞ്ഞെടുക്കുന്ന വ്യാപാര പങ്കാളികള്‍ അവരുടെ മാത്രം സ്വതന്ത്ര തീരുമാനത്തിൻ കീഴിൽ വരുന്ന കാര്യമാണെന്നും അതിൽ സർക്കാരിന് യാതൊന്നും പറയാനില്ലെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഡസ്സോൾട്ടിന്റെ സ്വതന്ത്രതീരുമാനം എന്ന് പറയുന്നതുവഴി തങ്ങൾക്കിതിൽ യാതൊരു ഇടപാടും ഇല്ല എന്ന് വ്യക്തമാക്കുകയാണ് ഫ്രാൻസ് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഉയരുന്ന ചോദ്യം മോദിയോ സർക്കാരോ അനിൽ അംബാനിയെ ഓഫ്‌സെറ്റ് കരാറിൽ ഉൾപ്പെടുത്താനായി അന്യായമായി ഇടപെട്ടുവോ എന്നതാണ്. അന്യായമായി ഇടപെട്ടിട്ടില്ലെങ്കിൽ മുൻ ഫ്രഞ്ച് പ്രസിഡണ്ടിന്റെയും അദ്ദേഹത്തിന്റെ പങ്കാളിയുടെയും ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിന്റെയുമെല്ലാം പ്രസ്താവനകൾ നുണയാണോ? നുണയാണെങ്കിൽ അത് ചൂണ്ടിക്കാട്ടാൻ മോദി എന്തിനാണ് ഭയപ്പെടുന്നത്?

Read Also - റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

Read Also - ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?