'ബോളിവുഡ് ചൂഷകരുടെ കേന്ദ്രം, തനിക്കും ദുരനുഭവങ്ങളുണ്ട്' അനുരാഗ് കശ്യപ് വിഷയത്തില്‍ പായല്‍ ഘോഷിനെ പിന്തുണയ്ച്ച് കങ്കണ

 
'ബോളിവുഡ് ചൂഷകരുടെ കേന്ദ്രം, തനിക്കും ദുരനുഭവങ്ങളുണ്ട്' അനുരാഗ് കശ്യപ് വിഷയത്തില്‍ പായല്‍ ഘോഷിനെ പിന്തുണയ്ച്ച് കങ്കണ

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നെന്ന ആരോപണവുമായി നടി പായല്‍ ഘോഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിവാദങ്ങള്‍ തുടരെ വിവാദത്തിന് ചൂട് പകര്‍ന്ന് നടി കങ്കണ റണൗട്ടും. പായല്‍ ഘോഷിനെ പിന്തുണയ്ച്ച് രംഗത്തെത്തിയ താരം ബോളീവുഡിലെ പ്രമുഖരിൽ നിന്ന് താനും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി. ട്വിറ്ററിലായിരുന്നു കങ്കണയുടെ പ്രതികരണം.

അനുരാഗ് കശ്യപിനെ പിന്തുണയ്ച്ച് നിരവധി പേര്‍ രംഗത്തെത്തുകയും പായല്‍ ഘോഷിന്റെ ആരോപണം തന്നെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുള്ള സംവിധായകന്റെ പ്രതികരണവും ശ്രദ്ധ പിടിച്ച് പറ്റുന്നതിനിടെയാണ് കങ്കണ നടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

പായല്‍ ഘോഷിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ട്. അത്തരത്തില്‍ പെരുമാറാന്‍ അനുരാഗിന് കഴിവുണ്ടെന്നും കങ്കണആരോപിക്കുന്നു.' അദ്ദേഹം തന്റെ എല്ലാ പങ്കാളികളെയും വഞ്ചിച്ചു. താന്‍ ഏക പത്‌നി സമ്പ്രദായത്തില്‍ നില്‍ക്കുന്നയാളല്ലെന്ന് സ്വയം സമ്മതിച്ചിട്ടുള്ള വ്യക്തിയാണ്. ഇത്തരം ഇരകളെ താന്‍ മുന്‍പും പിന്തുണയ്ച്ചിരുന്നു. പായല്‍ ഘോഷ് ആരോപിക്കുന്ന കാര്യം പല ഹീറോകള്‍ തന്നോടും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാനിന്റെയോ, റൂമിന്റെയോ വാതില്‍ പൂട്ടിയ ശേഷം ജനനേന്ദ്രിയം വെളിപ്പെടുത്തുക, അല്ലെങ്കില്‍ സൗഹൃദ കൂട്ടായ്മക്കിടയില്‍ ബലമായി ചുംബിക്കാന്‍ ശ്രമിക്കുക. ജോലിക്കാര്യം പറഞ്ഞ് വീട്ടിലേക്ക്, ഓഫീസിലേക്ക് ചെല്ലാൻ നിര്‍ബന്ധിക്കുക' തുടങ്ങിയ കാര്യങ്ങള്‍ താനും നേരിട്ടിട്ടുണ്ടെന്നും കങ്കണ പറയുന്നു.

ബോളിവുഡ് ലൈംഗിക ചൂഷണങ്ങളുടെ കേന്ദ്രമാണെന്നും കങ്കണ പറയുന്നു. ബോളിവുഡ് ചൂഷണങ്ങളുടെ ഇടമാണ്. വ്യാജ വിവാഹങ്ങള്‍ ഉള്‍പ്പെടെ ഒരു പെണ്‍കുട്ടിയെ സന്തോഷിപ്പിക്കും എന്ന് ചൂഷകര്‍ കരുതുന്നു. ദുര്‍ബലരായ ചെറുപ്പക്കാരെയും അവര്‍ ചൂഷണം ചെയ്യുന്നു. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിച്ചിട്ടുണ്ട്. എനിക്ക് മീടൂ വിന്റെ ആവശ്യമില്ല. പക്ഷേ മിക്ക പെണ്‍കുട്ടികള്‍ക്കും പായല്‍ ഘോഷിന്റെതുപോലെ പെരുമാറേണ്ടി വരുന്നു' എന്നും കങ്കണ പറയുന്നു.

അനുരാഗിനെ ആദ്യം പരിചയപ്പെട്ടതിന്റെ പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷ് ആരോപിക്കുന്നത്. തന്നെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചായിരുന്നു അപമര്യാദയായി പെരുമാറിയത്. ആ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നു. സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണ്. മോദിജി, ദയവായി നടപടി സ്വീകരിക്കുക. ഈ കലാകാരന്റെ പിന്നിലുള്ള ചെകുത്താനെ രാജ്യത്തിന് കാട്ടിക്കൊടുക്കുക. എനിക്ക് അത് അപായം ഉണ്ടാക്കിയേക്കാമെന്ന് അറിയാം. എന്റെ സുരക്ഷ അപകടത്തിലാണ്. ദയവായി സഹായിക്കുക', എന്നാണ് പായലിന്റെ പ്രതികരണം.

സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷനും ഇടപെട്ടിരുന്നു. വിഷയത്തില്‍ പ്രതികരിച്ച കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പരാതി സമര്‍പ്പിക്കാന്‍ നടിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

അതിനിടെ, അനുരാര് കശ്യപിനെ പിന്തുണയ്ച്ചും നിരവധി പേര്‍ രംഗത്തെത്തി. നടി തപ്‌സി പന്നുവാണ് ഇതില്‍ പ്രധാനി. അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിങ്ങള്‍ക്കായി... എന്റെ സുഹൃത്തേ.. ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്... നിങ്ങള്‍ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകള്‍ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളില്‍ ഉടന്‍ നമുക്ക് കാണാമെന്നും തപ്‌സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനുരാഗ് കശ്യപ് നിര്‍മിച്ച നിര്‍മിച്ച മന്‍മര്‍സിയാന്‍, സാന്‍ കി ആങ്ക് എന്നീ ചിത്രങ്ങളില്‍ തപ്‌സി പന്നു അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍, പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് കശ്യപ് ഇതിനോട് പ്രതികരിച്ചത്. 'കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ നിങ്ങള്‍ ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു', അനുരാഗ് ട്വിറ്ററിലൂടെ മറുപടി പറഞ്ഞു.