'കര്‍ഷകര്‍ക്കായി ഗവര്‍ണര്‍ സ്ഥാനം ഒഴിയാനും തയ്യാർ'; കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന ബിജെപി നേതാവ് സത്യപാല്‍ മാലിക് 

 
 Satya Pal Malik


തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും മുഖംനോക്കാതെ പറയുന്ന വ്യക്തിയാണ് ബിജെപി നേതാവും മേഘാലയ ഗവര്‍ണറുമായ സത്യപാല്‍ മാലിക്. താന്‍ ഗവര്‍ണറായിരുന്ന ഗോവയിലെ അഴിമതി ചൂണ്ടിക്കാണിച്ചപ്പോള്‍ കാര്യമായി എടുത്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഗോവയിലെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമാണെന്നാണ് മാലിക് തുറന്നടിച്ചത്. ഇന്ത്യ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.  അവിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നത് മുഴുവന്‍ അബദ്ധവും അഴിമതിയുമായിരുന്നുവെന്നായലരുന്നു അദ്ദേഹത്തിന്റെ ആരോപണം.  

ബിജെപി നേതാവായിരുന്ന സത്യപാല്‍ മാലിക് നേരത്തെയും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. നേരത്തെ ജമ്മു കശ്മീരില്‍ ഗവര്‍ണറായിരിക്കേ 2 പദ്ധതികള്‍ പാസാക്കാന്‍ തനിക്കു 300 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് രാജസ്ഥാനിലെ ഝുന്‍ഝുനില്‍ ഒരു ചടങ്ങില്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയതും 2 ഫയലുകള്‍ വന്നത് ഒന്ന് അംബാനിയുടേതും മറ്റേത് ഒരു ആര്‍എസ്എസ് പ്രമുഖന്റെ ഒത്താശയിലുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആര്‍എസ്എസിന്റെ പേരു പറഞ്ഞത് ശരിയായില്ല എന്ന് മാലിക്കിന് 2 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് തോന്നി. അപ്പോള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസിനെപ്പറ്റി പറഞ്ഞതില്‍ ഖേദിക്കുന്നതായി സമ്മതിച്ചു. ഫയല്‍ കൊണ്ടുവന്നയാള്‍ ആര്‍എസ്എസ് നേതാവാണെന്നാണു പറഞ്ഞിരുന്നതെന്നും ആ ഒരു തോന്നലില്‍ ആര്‍എസ്എസിന്റെ പേരു പറഞ്ഞതാണെന്നുമായിരുന്നു വിശദീകരണം. 

മുന്‍ പ്രധാനമന്ത്രിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍സിങ് 1967ല്‍ രൂപീകരിച്ച ഭാരതീയ ക്രാന്തിദള്‍ പാര്‍ട്ടിയിലൂടെയാണ് സത്യപാല്‍ മാലിക്കിന്റെ രാഷ്ട്രീയ പ്രവേശനം.  1974ല്‍ എംഎല്‍എ ആയി, 1974ല്‍ ചരണ്‍സിങ് ഭാരതീയ ലോക് ദളുണ്ടാക്കിയപ്പോള്‍ അതിലെത്തി. രാജ്യസഭാംഗമായി. 1984ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അവിടെയും രാജ്യസഭാംഗമായി. ബോഫോഴ്‌സ് ആരോപണവും വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള വിമത നീക്കവുമായപ്പോള്‍ കോണ്‍ഗ്രസ് വിട്ട് സിങ്ങിനൊപ്പം ജനതാദളിലെത്തി. അതും കഴിഞ്ഞ് 2004ലാണ് ബിജെപിയിലെത്തിയത്. മോദി സര്‍ക്കാരില്‍ ടൂറിസം, പാര്‍ലമെന്ററികാര്യ മന്ത്രിയായി. പിന്നെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി. കര്‍ഷകമോര്‍ച്ചയുടെ ചുമതലക്കാരനായി. 2017 മുതല്‍ ഗവര്‍ണറുമായി.

പടിഞ്ഞാറന്‍ യുപിയില്‍ നല്ല വേരോട്ടമുള്ള കര്‍ഷക നേതാവാണ് സത്യപാല്‍ മാലിക്. ഒരു വര്‍ഷത്തോളമായി നീളുന്ന കര്‍ഷക സമരത്തിന് യുപിയില്‍ അല്‍പം വേരോടുന്നതും സത്യപാല്‍ മാലിക്കിന്റെ സ്വന്തം സ്ഥലമായ ഭാഗ്പത് അടക്കമുള്ള പടിഞ്ഞാറന്‍ യുപി ജില്ലകളില്‍ത്തന്നെയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് മാലിക് പല അവസരങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ട്. വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില സംബന്ധിച്ച് കര്‍ഷകര്‍ക്ക് കേന്ദ്രം നിയമപരമായ ഉറപ്പ് നല്‍കണമെന്ന് ഒക്ടോബറില്‍ മാലിക് പറഞ്ഞിരുന്നു. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു മേല്‍ വാഹനമോടിച്ചു കയറ്റിയും ജനക്കൂട്ട ആക്രമണത്തിലും എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായപ്പോള്‍ സിഖുകാരെ നിസ്സാരരായി കാണരുതെന്നും അവരുടെ ദേശസ്‌നേഹത്തെയും അര്‍പ്പണ ബോധത്തെയും ചോദ്യം ചെയ്യരുതെന്നാണ്  മാലിക് മുന്നറിയിപ്പ് നല്‍കി.  

ഇപ്പോള്‍ വീണ്ടും കര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സത്യപാല്‍ മാലിക്. 
മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രത്തെ വീണ്ടും വിമര്‍ശിക്കുകയും ചെയ്ത സത്യപാല്‍ കര്‍ഷകര്‍ക്ക് വീണ്ടും പിന്തുണ ഉറപ്പിച്ചതായാണ്  പിടിഐ റിപോര്‍ട്ട് പറയുന്നത്. കര്‍ഷകരുടെ സമരത്തെ പിന്തുണച്ച് ഗവര്‍ണര്‍ സ്ഥാനമൊഴിയാന്‍ പോലും തയ്യാറാണെന്ന് ജയ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ മാലിക് പറഞ്ഞു. ''ഡല്‍ഹിയിലെ രണ്ട് മൂന്ന് ശക്തരായ ആളുകളാണ് എന്നെ ഗവര്‍ണറാക്കിയത്, താന്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് എതിരാണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം. അവര്‍ എന്നോട് ആവശ്യപ്പെടുന്ന ദിവസം ഞാന്‍ ജോലി ഉപേക്ഷിക്കും'' സത്യപാല്‍ പറഞ്ഞു. 

പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍, കഴിഞ്ഞ സെപ്റ്റംബറില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബര്‍ മുതല്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍  പ്രതിഷേധിക്കുന്നു. നിയമങ്ങള്‍ കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റ് ആധിപത്യം കൊണ്ടുവരുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. പ്രശ്നപരിഹാരത്തിനായി ഇരുപക്ഷവും പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം വിസമ്മതിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരില്‍ ഭൂരിഭാഗവും അംഗങ്ങളായ സിഖ്, ജാട്ട് സമുദായങ്ങളെ അസ്വസ്ഥരാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായും മാലിക് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

'എന്തും സംഭവിക്കാം. ഇന്ന്, നിങ്ങള്‍ അധികാരത്തിലിരിക്കുന്നതും അഹങ്കാരത്തോടെയാണ്, എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അറിയില്ല. കാര്‍ഗില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍, കര്‍ഷകരുടെ മക്കളെ യുദ്ധത്തിനായി അയക്കുന്നു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ 600 കര്‍ഷകര്‍ മരിച്ചതായും മേഘാലയ ഗവര്‍ണര്‍ പറഞ്ഞു. ''ഒരു മൃഗം ചത്താലും ഡല്‍ഹിയിലെ നേതാക്കള്‍ അനുശോചനം അറിയിക്കുന്നു, എന്നാല്‍ 600 കര്‍ഷകരുടെ മരണത്തിന് ലോക്സഭയില്‍ ഒരു പ്രമേയവും പാസാക്കിയില്ല,'' മാലിക് പറഞ്ഞു. കര്‍ഷകരുടെ മരണത്തെക്കുറിച്ച് ആരും സംസാരിക്കാത്തതില്‍ ഞാന്‍ വളരെ വേദനിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ലഖിംപുര്‍ ഖേരി അക്രമത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയോട് സ്ഥാനമൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും മാലിക് പറഞ്ഞു. ഒക്ടോബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം സമരക്കാര്‍ക്കു മുകളിലൂടെ പാഞ്ഞുകയറിയതായി കര്‍ഷക സംഘടനകള്‍ ആരോപിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.