കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ഭാരതബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍

 
Farmers Protest

ഹര്‍ത്താലിന് എല്‍ഡിഎഫ്, യുഡിഎഫ് പിന്തുണ

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. കര്‍ഷകരുടെ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്‍ഡിഎഫും, യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് നാലുവരെയാണ് ബന്ദ്. അവശ്യ സര്‍വീസുകള്‍, പാല്‍, പത്രം എന്നിവയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാണ് സംയുക്ത സമരസമിതി അറിയിച്ചിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദില്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ലെന്നും പൊതു പരിപാടികളും ചടങ്ങുകളും രാജ്യത്തുടനീളം നടത്തില്ലെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരും ബന്ദില്‍ പങ്കെടുക്കണമെന്ന് സംയുക്ത കര്‍ഷക സംഘടനകളുടെ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ഥിച്ചു. സിപിഎം, സിപിഐ, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, തെലുങ്ക് ദേശം പാര്‍ട്ടി, ജനതാദള്‍, ബിഎസ്പി, എന്‍സിപി, ഡിഎംകെ തുടങ്ങിയ രാഷ്ട്രീയ കക്ഷികളും സ്വരാജ് ഇന്ത്യ, ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍, ബാര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും ഭാരത് ബന്ദിന് പിന്തുണ നല്‍കുന്നുണ്ട്. ബന്ദിന്റെ ഭാഗമായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രാവിലെ 11ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ റാലി നടത്തും.

കഴിഞ്ഞ നവംബറില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്തുന്നത്. കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഡ്, പഞ്ചാബ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ 500ലധികം കര്‍ഷക സംഘടനകള്‍, 15 ട്രേഡ് യൂണിയനുകള്‍, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്. ബിഎംഎസ് ഒഴികെ മറ്റെല്ലാ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാല്‍ ഹര്‍ത്താല്‍ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.