ബിജെപിക്കെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍; യുപിയില്‍ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത്

 
Kisan Maha Panchayath

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ബിജെപിക്കെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉത്തര്‍പ്രദേശിലാണ് കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ ഒരുങ്ങുന്നത്. മുസഫര്‍ നഗറില്‍ നടന്ന മഹാപഞ്ചായത്തിനു പിന്നാലെ, സംസ്ഥാനത്ത് 18 ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ നടത്താനാണ് നീക്കം. 27ന് ഭാരത് ബന്ദിനും കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയതിട്ടുണ്ട്. 

കര്‍ഷക സമരങ്ങളിലേക്ക് കൂടുകള്‍ ആളുകളെയെത്തിച്ച് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കുകയാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം. മഹാപഞ്ചായത്തുകള്‍ ബിജെപിക്കെതിരായ പ്രചാരണവേദിയാക്കി മാറ്റാനാണ് തീരുമാനം. ജില്ലകള്‍ കേന്ദ്രീകരിച്ച് കിസാന്‍ മോര്‍ച്ച സമിതികളുണ്ടാകും. അതേസമയം, കര്‍ണാലില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. യാതൊരു തരത്തിലുള്ള കൂട്ടായ്മകള്‍ക്കും അനുമതിയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, നിശ്ചയിച്ച മഹാപഞ്ചായത്തുമായി മുന്നോട്ടുപോകുമെന്നാണ് കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം.

മുസഫര്‍ നഗറില്‍ നടന്ന മഹാപഞ്ചായത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നായി 300 കാര്‍ഷിക സംഘടനകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തതായി കിസാന്‍ മോര്‍ച്ച പറയുന്നു. കാര്‍ഷിക നിയമത്തിനെതിരെ ചുരുക്കം കര്‍ഷകര്‍ മാത്രമാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാരിനെ 'ചുരുക്കം' ആളുകള്‍ എന്താണ് കാണിച്ചുകൊടുക്കണമെന്നാണ് മഹാപഞ്ചായത്തില്‍ ഉയര്‍ന്ന അഭിപ്രായം. പാര്‍ലമെന്റിലേക്ക് എത്തുന്ന വിധത്തില്‍ കര്‍ഷക ശബ്ദം ഉയരണം. നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് സര്‍ക്കാരുകള്‍ക്ക് കര്‍ഷകരുടെ ശക്തി കാണിച്ചുനല്‍കാന്‍ കിസാന്‍ മഹാപഞ്ചായത്തിലൂടെ സാധിച്ചെന്നാണ് നേതാക്കളുടെ അഭിപ്രായം. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ യുപിയിലെയും ഉത്തരാഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഷേധം അറിയിച്ച് വിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുവരെ പ്രതിഷേധം തുടരുമെന്നാണ് കാര്‍ഷിക സംഘടനകള്‍ പറയുന്നത്.