മഹാമാരിയെയും അതിശൈത്യത്തെയും അതിജീവിച്ച സമരം; കര്‍ഷകരുടെ സമരവേദിയില്‍ കണ്ട കാഴ്ചകള്‍

 
farmers

'കൃഷിയിടങ്ങള്‍ നഷ്ടപ്പെടുത്താനും കുടിയേറ്റ കോളനികളില്‍ വന്നടിയാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'


തലസ്ഥാന നഗരിയിലെ ശൈത്യകാല ദിനങ്ങളിലൊന്ന്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം നടത്തുന്ന തിക്രിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. അതിര്‍ത്തിയോടടുത്തപ്പോള്‍, ഡല്‍ഹി പൊലീസിന്റെ ബാരിക്കേഡുകള്‍ കണ്ടു. വെയിലേറ്റ് വിയര്‍ത്തൊട്ടിയ നീല യൂണിഫോമില്‍ കലാപ നിയന്ത്രണ സേനാംഗങ്ങളും നിലയുറപ്പിച്ചിരിക്കുന്നു. നേരിട്ട് തിക്രിയിലേക്ക് കടക്കുക സാധ്യമായിരുന്നില്ല. ഗലികളിലൂടെ 'നിയന്ത്രണ രേഖ' താണ്ടാമെന്ന് പ്രതിഷേധക്കാരും പൊലീസ് പറഞ്ഞു. അങ്ങനെ സമരഭൂമിയിലെത്തി. അതിജീവന പോരാട്ടത്തില്‍, കോവിഡെന്ന മഹാമാരിയെ മറന്നാണ് കര്‍ഷകര്‍ അവിടെ കൂടിയിരുന്നത്. രാജ്യമൊന്നാകെ ഏറ്റെടുത്ത സമരം പക്ഷേ, മറ്റേതൊരു സമരത്തില്‍നിന്നും വ്യത്യസ്തമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ, തീരുമാനങ്ങള്‍ക്കെതിരെ നേതാക്കള്‍ പ്രസംഗിക്കുന്നുണ്ട്. കൂടിയിരിക്കുന്നവര്‍ ശബ്ദമുയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ട്. എന്നാല്‍ തികച്ചും സമാധാനപരമായിരുന്നു തിക്രി. പ്രതിഷേധക്കാരില്‍ പ്രായമേറിയ ഒരാള്‍ ഞങ്ങളെ സമരവേദിയുടെ പ്രധാനഭാഗത്തേക്ക് നയിച്ചു. അവിടെ എത്തിയാല്‍ സമരവേദിയും നേതാക്കളെയും വ്യക്തമായി കാണാമെന്ന് അദ്ദേഹം പറഞ്ഞു.

kheta
ഖേത സിംഗും അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ നിന്നെത്തിയവരും

തിക്രിയിലെ പ്രതിഷേധക്കാരില്‍ പ്രായമേറിയവരില്‍ ഒരാളായിരുന്നു ഖേത സിംഗ്. കൃഷിയിടം എന്നര്‍ത്ഥം വരുന്ന ഖേത് എന്ന പഞ്ചാബി വാക്കില്‍ നിന്നാണ് അദ്ദേഹത്തിന്റെ പേരുണ്ടായത്. ഖേത സിംഗ് ഗ്രാമം വിട്ട് സമരഭൂമിയില്‍ എത്തിയിട്ട് ഒരു മാസത്തിലേറെ ആയിരുന്നു. ഇനിയും എത്രയുംകാലം വേണമെങ്കിലും ഇവിടെ തുടരാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ആറ് മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ തങ്ങള്‍ കരുതിയിട്ടുണ്ടെന്ന് ഖേത സിംഗിനൊപ്പം ഗ്രാമത്തില്‍ നിന്നെത്തിയ ചെറുപ്പക്കാര്‍ പറഞ്ഞു.

chawal
തിക്രിയിലെ സമരവേദിയില്‍ ഭക്ഷണം വിളമ്പുന്നവര്‍

ഖേത സിംഗില്‍നിന്ന് കുറച്ചകലെയായി, യുവ സന്നദ്ധപ്രവര്‍ത്തകര്‍ ഉച്ചഭക്ഷണം വിളമ്പുന്ന തിരക്കിലായിരുന്നു. ചൂടുള്ള കഡി ചാവല്‍ വിളമ്പുമ്പോഴും അവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. സവാളയും കാരറ്റുമൊക്ക നിറഞ്ഞ സഞ്ചികള്‍ അവരുടെ ഭക്ഷണ സ്റ്റാളില്‍ നിറഞ്ഞിരുന്നു. 

old man
സമരഭൂമിയിലെ പ്രായമേറിയ കര്‍ഷകരിലൊരാള്‍

വയോധികനായ കര്‍ഷകനോട്, അദ്ദേഹത്തിന്റെ ഗ്രാമത്തെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചു. ചിരിയായിരുന്നു ആദ്യ മറുപടി. ഞങ്ങള്‍ അണിഞ്ഞിരുന്ന മാസ്‌ക് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വായ മൂടിക്കെട്ടിയശേഷം പറയുന്നത് ഞാന്‍ എങ്ങനെ കേള്‍ക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?'  

farm
ട്രാക്ടറില്‍ സമരവേദിയിലേക്കെത്തുന്നവര്‍

ഇടതുവശത്താണ് തിക്രി ഗ്രാമം. അവിടെ പതിവുപോലെ കാര്യങ്ങള്‍ നടക്കുന്നു. പ്രാദേശിക പലഹാരക്കടകളില്‍ മധുരമൂറന്ന ജിലേബികള്‍ തയ്യാറാകുന്നു. പ്രതിഷേധത്തിനായി നൂറുകണക്കിനാളുകള്‍ പുറത്തുനിന്നെത്തിയതിന്റെ ഗുണം അവര്‍ക്കു ലഭിച്ചിട്ടുണ്ട്. തിക്രിയിലെ ഗലികള്‍ക്കു സമാന്തരമായി മൂടിയില്ലാത്ത ഓടകളുണ്ട്. കുട്ടികള്‍ അവിടെ മാസ്‌ക് പോലും ധരിക്കാതെ ഓടിക്കളിക്കുന്നുണ്ട്. തങ്ങളുടെ വീടുകള്‍ക്കുമുന്നിലായി നൂറുകണക്കിനാളുകള്‍ പ്രതിഷേധം നടത്തുന്നതൊന്നും അവരെ ബാധിച്ചിരുന്നില്ല. 

farmr
പ്രതിഷേധത്തിലെ സ്ത്രീ സാന്നിധ്യം

സമരവേദിയിലേക്ക് ഒരു കര്‍ഷക എത്തി. കര്‍ഷകരുടെ മുന്നേറ്റത്തില്‍ സ്ത്രീകളുടെ സംഭാവനയെക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. 'ഔരത് യഹാം പര്‍ സിര്‍ഫ് ഖാനാ നഹി ബനാ രഹി ഹെ, ഔരതീന്‍ ഭി പ്രൊട്ടസ്റ്റ് കര്‍ രഹി ഹെ'. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ മാത്രമായല്ല സ്ത്രീകള്‍ ഇവിടെ എത്തിയിരിക്കുന്നത്, സ്ത്രീകളും പ്രതിഷേധിക്കുകയാണ് എന്നര്‍ത്ഥം. ആകര്‍ഷകമായ നിറങ്ങളില്‍ തലപ്പാവ് അണിഞ്ഞിട്ടുള്ള പുരുഷന്മാര്‍, കാര്‍പ്പറ്റുകളില്‍ ഇരിപ്പുറപ്പിച്ച് കര്‍ഷകയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. 

farmm
ഡല്‍ഹിയില്‍നിന്നും മകള്‍, അമ്മ, അമ്മായിയമ്മ എന്നിവര്‍ക്കൊപ്പം സമരക്കാര്‍ക്ക് ഭക്ഷണവുമായെത്തിയ രുപീന്ദര്‍ കൗര്‍


'ബിഹാറി ഗാര്‍മെന്റ്സ്' എന്ന കടയിലെ മധ്യവയസ്‌കനായ കര്‍ഷകനെ കണ്ടെത്താനായി ഞങ്ങള്‍ ഗലിയിലേക്ക് തിരിച്ചു.  സിംഗ് വീട്ടില്‍നിന്ന് ഏറെ ദൂരത്താണ്. ഡല്‍ഹിയിലെ തണുപ്പിന്റെ കാഠിന്യവും കൂടിവരുന്നു. എത്രകാലം സമരവേദിയില്‍ തുടരണമെന്ന കാര്യത്തിലും നിശ്ചയമുണ്ടായിരുന്നില്ല. അതിനാല്‍, അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. വെള്ളിനിറത്തില്‍ നീണ്ടുകിടക്കുന്ന താടിയുള്ള, പച്ച തലപ്പാവ് ധരിച്ച, നല്ല ഉയരമുള്ള സിംഗ് കടക്കാരനോട് ചോദിച്ചു: 'എന്റെ പാകത്തിനുള്ള വലിയ സ്വെറ്റര്‍ കിട്ടുമോ?'. 'ഇല്ല സര്‍, നിങ്ങളെപ്പോലെ വലിയ ആളുകള്‍ക്കുള്ള സ്വെറ്റര്‍ ഇവിടെയില്ല', കടയുടമ മറുപടി നല്‍കി. 'തിക്രിയിലെ ഭൂരിഭാഗം ആളുകളും ബിഹാറില്‍നിന്നും യുപിയില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളാണ്. ചെരുപ്പ് ഫാക്ടറികളിലാണ് അവര്‍ ജോലി ചെയ്യുന്നത്. ഞങ്ങള്‍ അവരെപ്പോലെ അവസാനിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കൃഷിയിടങ്ങള്‍ നഷ്ടപ്പെടുത്താനും ഇത്തരത്തില്‍ കുടിയേറ്റ കോളനികളില്‍ വന്നടിയാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' -സിംഗ് സത്യസന്ധമായി പറഞ്ഞു.

(ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയായ പ്രിയ സോളമന്‍ കര്‍ഷക സമരത്തിന്റെ ആദ്യനാളുകളില്‍ തിക്രിയിലെ സമരവേദി സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകളും വിശേഷങ്ങളും. Facebook: Priya Solomon , Twitter: @priyasolomon1Instagram: @soulpri )