കര്‍ഷക സമരം തുടരും; ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച 

 
farmers


വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും പാര്‍ലമെന്റിലേക്ക് നടത്താന്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. നവംബര്‍ 29 നു ശീതകാല സമ്മേളനം ആരംഭിക്കുമ്പോള്‍ എല്ലാ ദിവസവും 500 കര്‍ഷകര്‍ പാര്‍ലമെന്റിലേക്കുള്ള സമാധാനപരമായ ട്രാക്ടര്‍ മാര്‍ച്ചുകളില്‍ പങ്കെടുക്കുമെന്ന് എസ്‌കെഎം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ തങ്ങളുടെ ആവശ്യം നിയമപരമായി പിന്‍വലിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സമരത്തില്‍ നിന്നും പിന്മാറൂ എന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താങ്ങുവിലയുടെ കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ കേന്ദ്രം വേഗത്തിലാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് സമരസമിതി ആവശ്യപ്പെടുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കോര്‍ കമ്മിറ്റി യോഗം നടന്നിരുന്നു. ഇതിലാണ് ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുപോകാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. 40 ഓളം കര്‍ഷക യൂണിയനുകള്‍ അടങ്ങുന്നതാണ് സംയുക്ത കിസാന്‍ യൂണിയന്‍. 

നേരത്തേ നിശ്ചയിച്ചതു പ്രകാരം ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുപോകുമെന്നും കര്‍ഷക സമരത്തിന്റെ ഒന്നാം വാര്‍ഷികം ആചരിക്കുമെന്നും സമിതി വ്യക്തമാക്കി. നാളെ സമിതിയുടെ പ്രധാന യോഗം വീണ്ടും ചേരും. നവംബര്‍ 22 ന് ലഖ്നൗവില്‍ മഹാപഞ്ചായത്തും 26 ന് ഗാസിപൂര്‍-സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധവും നവംബര്‍ 29 ന് ട്രാക്ടര്‍ റാലിയും ആസൂത്രണം ചെയ്തതുപോലെ നടക്കും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏകപക്ഷീയമായ സംഭാഷണമാണ് നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും യോഗത്തിന് ശേഷം കര്‍ഷക സമര നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷക സമരത്തില്‍ 700-ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സര്‍ക്കാരിന് ഈ തീരുമാനം നേരത്തെ എടുക്കാമായിരുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന എസ്‌കെഎം മീറ്റിംഗില്‍ തങ്ങള്‍ യോഗം ചേരുകയും ഞങ്ങളുടെ ഭാവി നടപടി തീരുമാനിക്കുകയും ചെയ്യുമെന്നുമായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത് രാവിലെ പ്രതികരിച്ചത്.