ലഖിംപുര്‍  ഖേരി സംഘര്‍ഷം; മൃതദേഹവുമായി ഉപരോധം, നേതാക്കളെ തടഞ്ഞ് പൊലീസ്

 
lakhimpur kheri

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍, ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. രാജ്യമെങ്ങും പ്രതിഷേധ പരിപാടികള്‍ക്കും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നിരവധി നേതാക്കള്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, നേതാക്കളുടെ ലഖിംപുര്‍ ഖേര്‍ സന്ദര്‍ശനം പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു. ഭൂപേഷ് ബാഗല്‍, അഖിലേഷ് യാദവ്, ബിഎസ്പി നേതാക്കള്‍ എന്നിവരെയും പൊലീസ് തടഞ്ഞിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളുടെ സന്ദര്‍ശനം അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്. 

ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കാറുകള്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്നും കാറുകള്‍ കത്തിച്ചതിനെത്തുടര്‍ന്നും എട്ടുപേരാണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകനും മരിച്ചു. രാം കശ്യപ് എന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. കാറുകള്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് ലവ്പ്രീത് സിംഗ് (20), നച്ചത്തര്‍ സിംഗ് (60), ദല്‍ജീത് സിംഗ് (35), ഗുര്‍വീന്ദര്‍ സിംഗ് (19) എന്നീ കര്‍ഷകരാണ് മരിച്ചത്. ഇതില്‍ ഗുര്‍വീന്ദര്‍ സിംഗ് വെടിയേറ്റാണ് മരിച്ചതെന്നാണ് കര്‍ഷക നേതാക്കളുടെ ആരോപണം. അപകടം വരുത്തിയ കാറുകളിലൊന്ന് ഓടിച്ചിരുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയായിരുന്നു. ആശിഷ് ഗുണ്ടകള്‍ക്കൊപ്പം മൂന്നു വാഹനങ്ങളിലെത്തി ആക്രമിക്കുകയായിരുന്നുവെന്നും കര്‍ഷകര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയും അജയ് മിശ്രയുടെ രാജിയും ആവശ്യപ്പെട്ടാണ് മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നത്. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി യുപി ഭവന്റെ മുന്നിലേക്ക് കര്‍ഷകസംഘടനകള്‍ രാവിലെ 11ന് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

lakhimpur kheri incident

പ്രതിഷേധം കനക്കുന്നതിനിടെ ആശിഷ് മിശ്രക്കെതിരെ കേസെടുത്തു. കൊലപാതകം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കസെടുത്തത്. ആശിഷിന് പുറമേ മറ്റു പതിനാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശിഷാണ് കാറോടിച്ച് കയറ്റിയതെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാല്‍ കരിങ്കൊടി പ്രതിഷേധം നടത്താനായിരുന്നു അവര്‍ വന്നിറങ്ങുന്ന ഹെലിപാഡിന് സമീപം രാവിലെ ഒമ്പതോടെ കര്‍ഷകര്‍ ഒത്തുചേര്‍ന്നത്. എന്നാല്‍, മന്ത്രിമാര്‍ ഹെലികോപ്റ്റര്‍ ഒഴിവാക്കി റോഡുമാര്‍ഗം സ്വീകരിച്ചു. പൊലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കര്‍ഷകര്‍ മടങ്ങിപ്പോകാന്‍ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകള്‍ റോഡരികില്‍ കര്‍ഷകര്‍ക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ വെടിയുതിര്‍ത്തെന്നുമാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അതേസമയം, സംഭവ സമയത്ത് താന്‍ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷിന്റെ അവകാശവാദം. ബാന്‍ബിര്‍പുര്‍ ഗ്രാമത്തിലെ സ്‌കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് ആശിഷ് പ്രതികരിച്ചിരിക്കുന്നത്. 

കര്‍ഷകര്‍ക്ക് കൂടുതല്‍ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നേതാക്കളുടെ സന്ദര്‍ശനം പൊലീസ് അനുവദിക്കുന്നില്ല. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപൂര്‍ ഖേരിയിലേക്കെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പ്രിയങ്കയെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇത് മറികടന്നാണ് ഞായറാഴ്ച രാത്രിയോടെ പ്രിയങ്ക ലഖ്നൗവില്‍ നിന്ന് ലഖിംപൂര്‍ ഖേരിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍, പുലര്‍ച്ചെ 5.30 ഓടെ ഹര്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ച് പൊലീസ് പ്രിയങ്കയെ തടഞ്ഞു. തുടര്‍ന്ന് സീതാപുര്‍ സ്റ്റേഷനിലേക്ക് മാറ്റിയതായാണ് വിവരം. 

ലഖിംപൂര്‍ ഖേരിയിലേക്ക് എത്തുമെന്ന് കരുതിയിരുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭൂപേഷ് ബാഗലിന്റെ വിമാനത്തിന് ലഖ്‌നൗവില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ബിഎസ്പി നേതാക്കളെയും വീടിന് പുറത്തിറങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ല. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ലഖിംപുര്‍ ഖേരിയില്‍ എത്താന്‍ അനുവദിക്കില്ലന്നാണ് യുപി പൊലീസിന്റെ നിലപാട്.