കര്‍ഷക സമരം ഗതാഗത തടസ്സമുണ്ടാക്കരുത്; സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് സുപ്രീം കോടതി
 

 
SupremeCourt

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. എന്നാല്‍ വഴി മുടക്കിക്കൊണ്ടുള്ള സമരങ്ങള്‍ നടത്താന്‍ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന മൗലിക അവകാശമാണെന്നും കോടതി വ്യക്തമാക്കി. 

കര്‍ഷക സമരത്തെത്തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നത് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി പരാമര്‍ശം. ജസ്റ്റിസുമാരായ എസ് കെ കൗള്‍, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കര്‍ഷകരുടെ സമരവും പ്രതിഷേധവും കാരണമുള്ള ഗതാഗത തടസ്സം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍  പോംവഴി കാണണമെന്നും കോടതി നിര്‍ദേശിച്ചു.

മാര്‍ക്കറ്റിങ് ജോലിയിലേര്‍പ്പെടുന്ന തനിക്ക് ഗതാഗത തടസ്സം മൂലം 20 മിനുട്ടിന്റെ സ്ഥാനത്ത് രണ്ടു മണിക്കൂര്‍ വേണ്ടി വരുന്നുവെന്നും, ഇതോടെ യാത്ര പേടിസ്വപ്‌നമായി മാറിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അതേസമയം  കര്‍ഷക സമരത്തില്‍ ഇതുവരെ ഒരു പരിഹാരം കണ്ടെത്താനാവാത്തത് എന്തുകൊണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് കൗള്‍ ചോദിച്ചു. 

2020ല്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍  പ്രതിഷേധിക്കുന്നു. 2021 ജൂലൈ 19 ന്, ഉപരോധം എങ്ങനെ അവസാനിപ്പിാക്കുമെന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തോടും ഹരിയാന സംസ്ഥാനത്തോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഉത്തര്‍പ്രദേശ് നല്‍കിയ സത്യവാങ്മൂലത്തില്‍ റോഡുകള്‍ തടയുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം യാത്രക്കാരെ കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് പറഞ്ഞിരുന്നു.