സ്വകാര്യവത്ക്കരണ കാലത്ത് ദേശസാത്ക്കരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ഇന്ദിര ഗാന്ധി ബാങ്കുകള്‍ പൊതു ഉടമസ്ഥതയിലാക്കിയിട്ട് അര നൂറ്റാണ്ട്

 
സ്വകാര്യവത്ക്കരണ കാലത്ത് ദേശസാത്ക്കരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ഇന്ദിര ഗാന്ധി ബാങ്കുകള്‍ പൊതു ഉടമസ്ഥതയിലാക്കിയിട്ട് അര നൂറ്റാണ്ട്

നരേന്ദ്ര മോദി 2016 നവംബര്‍ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്ത് വിപണിയിലുണ്ടായിരുന്ന 85 ശതമാനം കറന്‍സികളും മൂല്യരഹിതമാക്കിയതുപോലെ, അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1969 ജൂലൈ 19-ന് ഒരു പ്രഖ്യാപനം നടത്തി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കുകള്‍ ദേശസാത്ക്കരിക്കുന്നുവെന്നതായിരുന്നു പ്രഖ്യപനം.

മോദിയുടെ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കിയതെങ്കില്‍ ബാങ്ക് ദേശസാത്ക്കരണം ഗ്രാമീണ രംഗത്ത് ബാങ്കിംങ് സേവനം എത്തിക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെതന്നെ പാര്‍ട്ടി 1990-കള്‍ മുതല്‍ നടപ്പിലാക്കി തുടങ്ങിയ പരിഷ്‌ക്കാരങ്ങള്‍ ബാങ്കിംങ് രംഗത്ത് പിന്നെയും മാറ്റങ്ങള്‍ ഉണ്ടാക്കി. അത് ആധുനിക കാലത്തിനനുസരിച്ച് ഇന്ത്യന്‍ ബാങ്കിംങ് രംഗത്തെ മാറ്റി എന്ന് ചിലര്‍ പറയുമ്പോള്‍, ദേശസാത്ക്കരണത്തിന്റെ മൊത്തം നേട്ടങ്ങള്‍ കൈയൊഴിഞ്ഞുകൊണ്ടുള്ള പരിഷ്‌ക്കാരങ്ങള്‍ ബഹുഭൂരിപക്ഷം ജനങ്ങളെയും മുഖ്യധാര ബാങ്കിംങ് സമ്പ്രദായങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തിയെന്ന് മറ്റുള്ളവര്‍ പറയുന്നു. എന്തായാലും ഇന്ത്യയുടെ ചരിത്രത്തില്‍ ധനമേഖലയില്‍ നടപ്പിലാക്കിയ ഏറ്റവും വലിയ നടപടികളിലൊന്നായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാത്ക്കരണം

അന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ദിരയെ ബാങ്കിംങ് രംഗത്തെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ പ്രേരിപ്പിച്ചുവെന്ന കരുതുന്നതാകും ശരി. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പരീക്ഷണ ശ്രമങ്ങളുമായി ഒരു പറ്റം രാജ്യങ്ങള്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുള്ള സ്വീകാര്യത, എന്നിവയ്ക്ക് പുറമെ കോണ്‍ഗ്രസിലെ ആശയസംഘര്‍ഷവും ഇന്ദിരാ ഗാന്ധിയെ നിര്‍ണായക തീരുമാനത്തിലെത്തിച്ചു. ബാങ്കിംങ് ദേശസാത്ക്കരണത്തെ ഒറ്റതിരിച്ച് കാണാനുംകഴിയില്ല. ഇന്ദിരയുടെ 'സോഷ്യലിസ്റ്റ്' മാതൃകയിലുള്ള പരിഷ്‌ക്കാരങ്ങളില്‍ ഒന്നായിരുന്നു അത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ചേര്‍ന്ന നാട്ടുരാജ്യങ്ങള്‍ക്ക് പ്രവി പേഴ്‌സ് നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയതും ഈക്കാലത്തായിരുന്നു. അങ്ങനെ ഇന്ദിരാ ഗാന്ധിയുടെതായ 'സോഷ്യലിസ്റ്റ്' സമ്പ്രദായത്തിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പരിഷ്‌ക്കാരങ്ങള്‍.

സ്വകാര്യ ബാങ്കുകളുടെ തകര്‍ച്ച 1960-കളിലെ നിത്യ വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഇങ്ങനെ ബാങ്കുകള്‍ തകരുന്നതായിരുന്നു ദേശസാത്ക്കരണം നടപ്പിലാക്കുന്നതിനുള്ള മറ്റൊരു കാരണമായി പറഞ്ഞത്. 1960-കളുടെ തുടക്കം മുതല്‍തന്നെ ബാങ്കുകള്‍ ദേശസാത്ക്കരിക്കണമെന്ന ആവശ്യം വ്യാപകമായി ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ദിരാ ഗാന്ധി ജൂലൈ മാസം 12-ന് ബാംഗ്ലൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബാങ്ക് ദേശസാത്ക്കരണത്തെക്കുറിച്ച് പറയുമ്പോള്‍ അത് വളരെ പെട്ടന്ന് നടപ്പിലാക്കുമെന്ന് അധികമാരും കരുതിയില്ല. കാരണം ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തന്നെ വലിയ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. തികഞ്ഞ മുതലാളിത്ത പക്ഷപാതിയായിരുന്ന മൊറാര്‍ജി ദേശായി ആയിരുന്നു അന്ന് ധനമന്ത്രി. ഇന്ദിരാ ഗാന്ധിയുടെ എതിരാളിയും. അദ്ദേഹത്തിന് ഭരണകൂടം സാമ്പത്തിക രംഗത്ത് ഇടപെടുന്നതില്‍ എതിര്‍പ്പായിരുന്നു. അതുകൊണ്ട് മൊറാര്‍ജി ഇന്ദിരാഗാന്ധി സര്‍ക്കാരില്‍നിന്നും രാജിവെച്ചു. (രാജിക്ക് പല കാരണങ്ങളുണ്ടായിരുന്നു. ഇതൊരു കാരണം മാത്രം. പക്ഷെ ഇന്ദിരാ ഗാന്ധിയുമായി മൊറാര്‍ജിക്കും കൂട്ടര്‍ക്കുമുളള ആശയഭിന്നത വളരെ പ്രകടവുമായിരുന്നു)

ജൂലൈ 19-ന് രാത്രിയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ബാങ്കുകള്‍ ദേശസാത്ക്കരിച്ച കാര്യം പ്രധാനമന്ത്രി അറിയിക്കുന്നത്. അന്ന് വൈകിട്ട് മാത്രമാണ് മന്ത്രിസഭാംഗങ്ങള്‍ ഇക്കാര്യം അറിഞ്ഞതും. ഇന്ദിരാ ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പി എന്‍ ഹക്‌സര്‍, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഡി എന്‍ ഘോഷ് എന്നിവരാണ് ഇതിന് വേണ്ട ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്ന ഐ ജി പട്ടേല്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എല്‍ കെ ഝാ എന്നിവര്‍ക്ക് ഇതേക്കുറിച്ച് കാര്യമായ സൂചനകളുണ്ടായിരുന്നില്ല.

ഇക്കാര്യത്തിലും മോദിയുടെ നോട്ടുനിരോധന പ്രഖ്യാപനവുമായി ദേശസാത്ക്കരണ പ്രഖ്യാപനത്തിന് സാമ്യമുണ്ട്. മോദിയുടെ പ്രഖ്യാപനവും കാര്യമായി ആരും അറിഞ്ഞിരുന്നില്ല. പക്ഷെ രണ്ട് കാര്യങ്ങളില്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഒന്ന് ദേശസാത്ക്കരണത്തെ കുറിച്ച് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നേരത്തെ തന്നെ തന്റെ അനുകൂല അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. രണ്ട് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് വൈകിട്ട് മന്ത്രിസഭായോഗം വിളിച്ചുകൂട്ടി പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു. നോട്ട് നിരോധനത്തില്‍ അഭിപ്രായ ഭിന്നതയുള്ള ആളായിരുന്നു അക്കാലത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍.

പാവങ്ങളുടെ നേതാവ് എന്ന പ്രതിച്ഛായാ വളര്‍ച്ച ഇതിലൂടെ ഇന്ദിരാ ഗാന്ധി ലക്ഷ്യമിട്ടിരുന്നുവെന്നതാണ് വസ്തുത. കോണ്‍ഗ്രസില്‍ മൊറാര്‍ജി അടക്കമുള്ളവര്‍ നടത്തിയ കലാപത്തെയും പിരിഞ്ഞുപോകലിനെയും നേരിടാനുള്ള രാഷ്ട്രീയ അടവുകൂടിയായിരുന്നു അവര്‍ക്ക് ദേശസാത്ക്കരണം.

എന്തായാലും ടാറ്റ, ബിര്‍ള, തുടങ്ങി അന്നത്തെ ഇന്ത്യന്‍ വ്യവസായ രംഗത്തെ പ്രമുഖരുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളായിരുന്നു പൊതുസ്വത്താക്കി മാറ്റിയത്. രാജ്യത്തെ ജനങ്ങളുടെ മിച്ചപണം പൊതുവിലുളള വികസനത്തിന് വേണ്ടി ഉപയോഗിക്കുകയെന്നതായിരുന്നു ദേശസാത്ക്കരണത്തിന്റെ ലക്ഷ്യം. ഹരിത വിപ്ലവത്തിന്റെ നാളുകളില്‍ കാര്‍ഷിക മേഖലകളിലേക്കുള്ള ബാങ്ക് വായ്പ വര്‍ധിപ്പിക്കുകയും പ്രധാന ലക്ഷ്യമായി നിര്‍ണയിക്കപ്പെട്ടു. അതുവരെ കാര്‍ഷിക മേഖലയ്ക്കുള്ള ബാങ്ക് വായ്പ ആകെ വായ്പയുടെ രണ്ട് ശതമാനം മാത്രമായിരുന്നു.

ബാങ്ക് ദേശസാത്ക്കരണം സുപ്രീം കോടതി അംഗീകരിക്കാതിരുന്നപ്പോള്‍ അതിനെ മറികടക്കാന്‍ നിയമം കൊണ്ടുവന്നാണ് ഇന്ദിരാ ഗാന്ധി തന്റെ ലക്ഷ്യം നടപ്പിലാക്കിയത്.

എന്നാല്‍ ഇന്ത്യയില്‍ ഉദാരവത്ക്കരണ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ 1990-കളില്‍ തന്നെ ഇതിനനുബന്ധമായി ബാങ്കിംങ് പരിഷ്‌ക്കാരങ്ങളും ആരംഭിച്ചു. ഇക്കാര്യത്തില്‍ വലിയ മാറ്റമുണ്ടാക്കിയത് നരസിംഹന്‍ കമ്മിറ്റി റിപ്പോര്‍ട്ടായിരുന്നു. ബാങ്കുകളുടെ സാമൂഹ്യ കാഴ്ചപ്പാടില്‍ ഇതോടെ മാറ്റം വന്നുതുടങ്ങി. ദേശസാത്ക്കരണത്തിലൂടെ വളര്‍ത്തിയെടുത്ത സാമൂഹ്യ കാഴ്ചപ്പാടുകള്‍ക്ക് പകരം ലാഭത്തിന്റെ മാനദണ്ഡങ്ങളില്‍ ബാങ്കിംങ് രംഗത്തിന്റെ പ്രവര്‍ത്തനം മാറി. കിട്ടാക്കടങ്ങള്‍ പെരുകിയപ്പോള്‍ അതിലേറെയും വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെതാണെന്ന് വന്നു. ക്രമരഹിതമായ വായ്പകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ മടികാണിക്കാത്ത ബാങ്കുകള്‍ സര്‍ഫാസി നിയമം പോലുള്ളവയുടെ പിന്‍ബലത്തില്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണെന്ന ആരോപണം ഉണ്ടായി. ബാങ്കുകളുടെ കിട്ടാക്കടങ്ങളുടെ 88 ശതമാനവും ഇന്ന് അഞ്ച് കോടിക്കുമേല്‍ വായ്പയെടുത്തവരില്‍നിന്ന് ലഭിക്കാനുള്ളതാണ്. കിട്ടാക്കടം പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി വന്‍കിടക്കാര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതായും ആക്ഷേപം ഉയരുന്നു. ഇതേകാര്യം ചെറുകിടക്കാരുടെ കാര്യത്തില്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ അക്കാര്യങ്ങളില്‍ ഇടപെടുന്നുമില്ല. കേരളത്തില്‍ കാര്‍ഷിക വായ്പയ്ക്ക് മൊറട്ടോറിയം നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷിച്ചിട്ടുപോലും നടക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

അമ്പത് വര്‍ഷത്തിന് ശേഷം ദേശസാത്ക്കരണം ഇന്ത്യ പിന്നിട്ട വികസന വഴിയിലെ ഒരോര്‍മ്മ മാത്രമായിരിക്കുന്നു. ദേശസാത്ക്കരണം എന്നതും പൊതു ഉടമസ്ഥതയെന്നതും ഇന്നത്തെ മുഖ്യധാര രാഷട്രീയത്തിന്റെ അജണ്ടകളില്‍ എവിടെയും ഇല്ലാത്ത ആശയങ്ങളായി മാറുകയും ചെയ്തു.