ഡല്‍ഹിയിലെ കോടതിക്കുള്ളില്‍ വെടിവെപ്പ്; ഗുണ്ടാനേതാവുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
 

 
delhi

ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ മൂന്ന്പേര്‍ കൊല്ലപ്പെട്ടു.  നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട തിഹാര്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ജിതേന്ദര്‍ ഗോഗി കോടതിയില്‍ ഹാജരാക്കിയപ്പോള്‍  അക്രമികള്‍ അഭിഭാഷകരുടെ വേഷമണിഞ്ഞ് കോടതിയില്‍ പ്രവേശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഗുണ്ടാത്തലവന്‍ ജിതേന്ദര്‍ ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ 206-ാം നമ്പര്‍ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. 

ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.   അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കോടതിക്കുള്ളില്‍ അക്രമികളായ രണ്ട് പേര്‍ ജിതേന്ദര്‍ ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പോലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെയും പൊലീസ് വധിച്ചയായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന എന്‍ഡിടിവിയോട് പറഞ്ഞു.ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പോലീസ് സംഘം കീഴ്‌പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.