നോട്ട് നിരോധനത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍; മൂല്യമില്ലാതായിപ്പോയ ജീവിതങ്ങള്‍

നോട്ട് നിരോധനത്തിന് അഞ്ച് വര്‍ഷം തികയുമ്പോള്‍ തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇന്നലെ കഴിഞ്ഞ പോലൊണ് സാധാരണ ജനത്തിന്
 
d
കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍  രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയുടെയാണ് കടന്നുപോകുന്നതും  കാര്‍ഷിക, വ്യവസായ മേഖലകളെ നിരോധനം പിന്നോട്ടടിച്ചതായും വിമര്‍ശനമുയരുകയാണ്

2016 നവംബര്‍ എട്ടിന് ഇതേദിവസം നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധാനം പൂര്‍ണവിജയമാണെന്ന് വിലയിരുത്തപ്പെട്ടില്ല. മോദി സര്‍ക്കാരിന്റെ നടപടിയില്‍ വന്‍കിടക്കാര്‍ക്ക് കാര്യമായ പരുക്കൊന്നുമേറ്റില്ലെന്നതായിരുന്നു ഇതിന് അടിസ്ഥാനം. കാരണം അവരുടെ കയ്യിലുള്ള കള്ളപ്പണം സ്വിസ് ബാങ്കിലോ, പാനമയിലോ, മൗറീഷ്യസിലോ ആയിരിക്കും. അതു വര്‍ധിപ്പിക്കാനും വ്യവസായമാക്കി മാറ്റാനും അവര്‍ക്ക് മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഏതു സാമ്പത്തിക നയം പിന്തുടരുമ്പോഴും അത് ആത്യന്തികമായി ഗുണം ചെയ്യുന്നത് സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമാകണമെന്ന് പറയുമ്പോഴും ഇവിടെ അതുണ്ടായില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. നോട്ട് നിരോധനം തൊഴിലവസരം കുറച്ചെന്നും രാജ്യം സമീപകാലത്തെങ്ങും നേരിടാത്ത തൊഴിലില്ലായ്മയെ നേരിട്ടെന്നും റിപോര്‍ട്ടുകളുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍  രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയുടെയാണ് കടന്നുപോകുന്നതും  കാര്‍ഷിക, വ്യവസായ മേഖലകളെ നിരോധനം പിന്നോട്ടടിച്ചതായും വിമര്‍ശനമുയരുകയാണ്. 

സാധാരണക്കാരനെ സംബന്ധിച്ച് നോട്ട് നിരോധനത്തില്‍ ഏറെ പ്രയാസം നേരിട്ടത് തങ്ങളുടെ പക്കലുള്ള അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കുകയെന്നതായിരുന്നു. എടിഎമ്മിനും ബാങ്കുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ നില്‍ക്കുക. പെട്ടെന്നുണ്ടായ നടപടിയില്‍ വിവാഹം, വീടുവാങ്ങല്‍, വായ്പകള്‍ എന്നിവ മുടങ്ങുക എല്ലാം നേരിടേണ്ടി വന്നു. നോട്ടുകള്‍ മാറിയെടുക്കാന്‍ സമയം അനുവദിച്ചെങ്കിലും ജനം പരിഭ്രാന്തിയിലായതോടെ ബാങ്കുകള്‍ക്ക് മുന്നില്‍ തിക്കും തിരക്കുമുണ്ടാകുന്ന സ്ഥിതിയുണ്ടായത്. നോട്ട് നിരോധനത്തിന്  അഞ്ച് വര്‍ഷം തികയുമ്പോള്‍ തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇന്നലെ കഴിഞ്ഞ പോലൊണ് സാധാരണ ജനത്തിന്. 

യഹിയ; സാധാരണക്കാരന്റെ പ്രതിഷേധം

നോട്ട് നിരോധനത്തിന്റെ എതിര്‍സ്വരങ്ങളില്‍ കേരളത്തില്‍ നിന്ന് ശ്രദ്ധേയമായ ശബ്ദം യഹിയയുടേതായിരുന്നു.  കൊല്ലത്ത് കടയ്ക്കല്‍ മുക്കുന്നത്ത് ആര്‍എംഎസ് എന്ന കട നടത്തിയിരുന്ന യഹിയ പതിമൂന്ന് മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗമായിരുന്നു. ഒന്നാം ക്ലാസ്സില്‍ തന്നെ പഠനം ഉപേക്ഷിച്ചു പല പല ജോലികള്‍ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതായരുന്നു കുടുംബം. തെങ്ങുകയറ്റവും, കൂലിപ്പണിയുമായി വര്‍ഷങ്ങളോളം ജീവിതം തട്ടിമുട്ടി മുന്നോട്ട് പോയെങ്കിലും ആ വരുമാനം കൊണ്ട് മക്കളെ കെട്ടിച്ചയക്കാന്‍ പറ്റില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കി ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫിലേക്ക് പോയെങ്കിലും നിരക്ഷരനായ യഹിയയെ കാത്തിരുന്നത് ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയായിരുന്നു, അവിടെ നൂറുകണക്കിന് ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുക എന്നതായിരുന്നു ജോലി. 

മരുഭൂമിയിലെ നരക ജീവിതത്തേക്കാള്‍ നല്ലത് നാട്ടിലൊരു ചായക്കടയാണെന്ന് തിരിച്ചറിഞ്ഞ് ഗള്‍ഫ്  ഉപേക്ഷിച്ച് സ്വന്തം നാട്ടിലെത്തിയ യഹിയ നേരിട്ട ദുരനുഭങ്ങളിലൊന്നായിരുന്നു കള്ളപ്പണം വെളിപ്പിക്കലെന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട്‌നിരോധനം. നോട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക്  വിരാമമിട്ട് ഈ വര്‍ഷം സെപ്റ്റംബറില്‍ യഹിയ വിട പറഞ്ഞപ്പോള്‍ നോട്ട് നിരോധനത്തിനെതിരെയുള്ള സമരത്തിന്റെ പ്രതീകം മരണത്തിന് കീഴടങ്ങിയെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. 

യഹിയയുടെ ജീവിതത്തെ കുറിച്ചറിയുന്നവര്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളില്‍ മറുത്തൊന്നും പറയില്ല. കാരണം ആ തീരുമാനങ്ങള്‍ ദൃഢനിശ്ചയത്തോടെയുള്ളതായിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള യഹിയയുടെ പ്രതിഷേധവും അങ്ങനെ ആയിരുന്നു. 
താന്‍ പണമായി സൂക്ഷിച്ച 23,000 രൂപയുടെ നോട്ടുകള്‍ക്ക് നേരമിരുട്ടി വെളുത്തപ്പോള്‍ മൂല്യമില്ലാതായിപ്പോയതില്‍ പ്രതിഷേധിച്ച യഹിയ ജനശ്രദ്ധയിലേക്കുയര്‍ന്നു. നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കിന് മുന്നില്‍ രണ്ട് ദിവസം ക്യൂ നിന്നിട്ടും കഴിഞ്ഞില്ല. പിന്നീടൊരു ദിവസം ക്യൂവില്‍ നില്‍ക്കവെ ബോധംകെട്ട് വീണു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ വിലയില്ലാതായ ആ നോട്ടുകള്‍ കത്തിച്ച് യഹിയ ചാരമാക്കി. പകുതി മീശ എടുത്തു. നരേന്ദ്ര മോദി രാജിവെക്കുന്നതുവരെ മീശ വളര്‍ത്തില്ലെന്ന് പറഞ്ഞു. പിറ്റേ വര്‍ഷം മുടിയുടെ പകുതിയും എടുത്തു. പിന്നീട് യഹിയയുടെ ജീവിതസമരം 'ഒരു ചായക്കടക്കാരന്റെ മന്‍ കി ബാത്' എന്ന പേരില്‍ ഡോക്യുമെന്ററി ആയി, ദേശീയ ശ്രദ്ധ നേടിയ ഡോക്യൂമെന്ററി 2018ലെ ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡും നേടിയിരുന്നു. 

നോട്ട് നിരോധനത്തിന് മുമ്പ് തന്നെ തന്റേതായ രീതിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു യഹിയ. പൊലീസ് ഇന്‍സ്‌പെക്ടറുടെ ധാര്‍ഷ്ട്യത്തില്‍ പ്രതിഷേധിച്ച് മാക്‌സി ധരിച്ചുതുടങ്ങിയ ചായക്കടക്കാരനായാണ് യഹിയ ആദ്യം ശ്രദ്ധനേടിയത്. കൊല്ലത്ത് കടയ്ക്കല്‍ മുക്കുന്നത്ത് ആര്‍എംഎസ് എന്ന തന്റെ കടക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു യഹിയ. അത് വഴി ജീപ്പില്‍ പോയ എസ്‌ഐ സ്ഥലത്ത് വണ്ടി നിര്‍ത്തിയപ്പോള്‍, മടക്കിക്കുത്തിയ മുണ്ട് യഹിയ അഴിച്ചിട്ടില്ല. തന്നെ കണ്ട് മുണ്ടഴിച്ച് ബഹുമാനിക്കാത്ത യഹിയയെ എസ്‌ഐ മുഖത്തടിച്ചു.  വിദ്യാഭ്യാസമില്ലെങ്കിലും എസ്‌ഐയും താനും തമ്മിലുള്ള അധികാരത്തിന്റെ ദൂരം യഹിയക്ക് നല്ല പോലറിയാം. എസ്‌ഐയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇനി ഒരാളുടെ മുന്നിലും താന്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. അതോടൊപ്പം മുണ്ടില്‍ നിന്ന് അദ്ദേഹം മാക്‌സിയിലേക്ക് വസ്ത്രം മാറുകയും ചെയ്യുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു യഹിയ ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു യഹിയ അനാരോഗ്യത്തെ തുടര്‍ന്ന് മരണമടഞ്ഞത്. 

നോട്ട് നിരോധനത്തെക്കുറിച്ച് ഇനിയുമറിയാത്തവര്‍

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന
മറ്റൊരു വാര്‍ത്ത. നോട്ട് നിരോധനം അറിഞ്ഞില്ലെന്നും പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്നും ആവശ്യപ്പെട്ട് അന്ധനായ വയോധികന്‍ അപേക്ഷയുമായി എത്തിയതായിരുന്നു വാര്‍ത്ത ആയത്. തമിഴ്നാട്ടില്‍  കൃഷ്ണഗിരി കളക്ടര്‍ ഓഫീസിലാണ് പരാതിയുമായി വയോധികന്‍ എത്തിയത്.  65000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് വയോധികന്റെ കൈവശമുണ്ടായിരുന്നത്. 

ചിന്നക്കണ്ണ് എന്നയാളാണ് അപേക്ഷയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഭിക്ഷാടനം നടത്തി ലഭിച്ച  തുകയാണ് അദ്ദേഹത്തിന്റെ കയ്യിലൂള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. ഇയടുത്താണ് സമ്പാദ്യത്തെ കുറിച്ച് ഓര്‍മ വന്നത്. തന്റെ ജീവിതത്തിലുടനീളം ആകെ സമ്പാദിച്ച തുകയാണിതെന്നും വാര്‍ധക്യത്തിലേക്ക് ഇതുമാത്രമേ കരുതിയിട്ടുള്ളൂവെന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു. പത്രവാര്‍ത്തകള്‍ കണ്ടതോടെ  പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചെന്നൈ സ്വദേശിയായ എഴുപതുകാരന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നല്‍കിയത്. 

റിപോര്‍ട്ടുകള്‍ പറയുന്നത് അഞ്ചാമത്തെ വയസില്‍ കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം ഭിക്ഷ യാജിച്ച് തനിച്ച് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. അസുഖ ബാധിതനായി നാല് വര്‍ഷത്തിന് ശേഷം സമ്പാദ്യത്തെ കുറിച്ച് ഓര്‍മവന്നു. എന്നാല്‍ അത് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ നിരോധിച്ചതായി അറിഞ്ഞു. രോഗബാധിതനായി കിടക്കുമ്പോള്‍ പണത്തെ കുറിച്ച് മറന്നുപോയതാണെന്നും ഇദ്ദേഹം അപേക്ഷയില്‍ പറയുന്നു.

കൊട്ടിഘോഷിച്ച വിധം നോട്ട്നിരോധനം സമ്പദ്ഘടനയുടെ താളം തെറ്റിച്ച് സമ്പദ്ഘടനയെ മാന്ദ്യത്തിലേക്കും തകര്‍ച്ചയിലേക്കും നയിച്ച നടപടിയാണെന്ന് പറയുമ്പോഴും  കറന്‍സി ഉപയോഗം കുറയ്ക്കാനും കറന്‍സി രഹിത ബാങ്ക് ഇടപാടുകള്‍ വര്‍ധിപ്പിക്കാനും നികുതി പിരിവ് സംവിധാനം മെച്ചമാക്കാനും അനധികൃത ഭൂമി കൈമാറ്റങ്ങള്‍ കുറയ്ക്കാനും സാമ്പത്തിക ക്രയവിക്രയങ്ങള്‍ സുതാര്യമാക്കാനും ഇടയാക്കിയതായും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.