'ഡിജിറ്റല്‍ ഇന്ത്യയിലെ കാള'യും നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികവും; പാഴായിപ്പോയ പ്രഖ്യാപനങ്ങള്‍

 
demonitization-india

നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല  

ഡിജിറ്റല്‍ ഇന്ത്യയിലെ കാളയുടെ പിന്നാലെ നീളുന്ന ആഘോഷയാത്രയുടെ തിരക്കിലാണ് നാം. യുപിഐ സ്‌കാനിങ് കോഡ് തലയില്‍ തൂക്കി, നേര്‍ച്ചകള്‍ സ്വീകരിക്കുന്ന കാള ഡിജിറ്റല്‍ ഇന്ത്യയുടെ പ്രതീകമാണത്രേ. ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വലിയ തോതില്‍ നടക്കുന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ എന്ന പ്രമുഖന്റെ ചോദ്യമാണ് സര്‍വ്വരും ഏറ്റുപാടുന്നത്. എന്നാല്‍, അന്ധമായ വിശ്വാസത്തിലോ ആചാരത്തിലോ തലച്ചോര്‍ പണയംവെച്ചവരെ, മേലനങ്ങാതെ മുതലെടുക്കാനുള്ള ഒരു സംഘത്തിന്റെ സൂത്രവിദ്യ മാത്രമാണതെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ബുദ്ധിയും സാമര്‍ത്ഥ്യവുമേറിയ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അതിവിദഗ്ധമായി പറ്റിക്കുന്നതിന്റെ പേരാണോ ഡിജിറ്റല്‍ ഇന്ത്യയെന്ന് മറുചോദ്യവും ഉണ്ടാകും. രാജ്യത്തെയാകെ ഞെട്ടിപ്പിച്ച 'മഹത്തായ പ്രഖ്യാപന'ത്തിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് നാം കാളയുടെ പിന്നാലെ നടക്കുന്നതെന്നതാണ് ഏറെ രസകരം. ജനതയെയാകെ തെരുവില്‍ വരി നിര്‍ത്തി, രാജ്യത്തിന്റെ സാമ്പത്തികമേഖലയുടെ വരിയുടച്ച നോട്ട് നിരോധനത്തിനാണ് നവംബര്‍ എട്ടിന് അഞ്ച് വര്‍ഷം തികയുന്നത്. സാമ്പത്തികവിദഗ്ധര്‍ പോലും ചവറ്റുകൊട്ടയിലെറിഞ്ഞ നോട്ട് നിരോധനം, കാലാന്തരത്തില്‍ മഹത്തായ നടപടിയായി വ്യാഖ്യാനിക്കപ്പെടുന്നത് എങ്ങനെയാണെന്ന് 'ഡിജിറ്റല്‍ ഇന്ത്യയിലെ കാള' മനസിലാക്കിത്തരുന്നു. 

2016 നവംബര്‍ എട്ട് രാത്രി എട്ട് മണി. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് എന്‍ഡിഎ സര്‍ക്കാരിന്റെ മഹത്തായ തീരുമാനം പ്രഖ്യാപിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നു. രാജ്യത്ത് പ്രചാരത്തിലിരുന്ന നോട്ടുകളുടെ 86.4 ശതമാനം വരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് പിന്‍വലിച്ചത്. കള്ളനോട്ട് ഇല്ലാതാക്കുക, കള്ളപ്പണം ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തനത്തിന്റെ വേരറക്കുക, അഴിമതി മുക്ത ഭാരതം സൃഷ്ടിക്കുക എന്നിവയായിരുന്നു പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങള്‍. സമ്പൂര്‍ണ ഡിജിറ്റൈലൈസേഷന്‍ ആയിരുന്നു മോഹന വാഗ്ദാനം. ക്യാഷ്‌ലെസ് ഇക്കോണമി, ഡിജിറ്റല്‍ മണി ട്രാന്‍സാക്ഷന്‍ പദ്ധതികളാണ് അതിനായി മുന്നോട്ടുവെച്ചത്. എന്നാല്‍, ഒന്നാം മോദി സര്‍ക്കാരിന്റെ മഹത്തായ പ്രഖ്യാപനത്തിന് അഞ്ച് വര്‍ഷം തികയുമ്പോഴും, നോട്ട് നിരോധനം അമ്പേ പരാജയപ്പെട്ടാണ് വിലയിരുത്തലുകള്‍. കള്ളനോട്ട് ഇടപാടുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടെ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ട്. ആളപായവും നാശനഷ്ടങ്ങളും കുറഞ്ഞു എന്നല്ലാതെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. സമ്പൂര്‍ണ ഡിജിറ്റൈലൈസേഷന്‍ എന്ന ലക്ഷ്യം ഫലം കണ്ടില്ലെന്ന് ആര്‍ബിഐ കണക്കുകളും പറയുന്നു. 

1978ല്‍ നോട്ട് നിരോധിച്ചതിനു പിന്നാലെ, നിരോധിച്ച നോട്ടുകളുടെ 25 ശതമാനം തിരിച്ചെത്തിയിരുന്നില്ല. ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്നായിരുന്നു സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ വിശ്വാസം. നോട്ട് നിരോധനത്തെ മഹത്തായ നടപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ന്യായീകരിച്ചത്. 10-11 ലക്ഷം കോടി രൂപ മാത്രമേ ജനങ്ങളില്‍നിന്ന് ബാങ്കുകളില്‍ എത്തുകയുള്ളൂ. 4-5 ലക്ഷം കോടി രൂപ ജമ്മു കാശ്മീരിലും മറ്റുമായി തീവ്രവാദി സംഘങ്ങള്‍ ഉപയോഗിക്കുകയാണ്. നോട്ട് നിരോധനത്തോടെ, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍, 'നിങ്ങള്‍ ദയവായി 50 ദിവസം തരൂ' എന്നായിരുന്നു പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത്. പക്ഷേ, അമ്പതും നൂറും നൂറ്റമ്പതും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ ശരിയായില്ല. അക്കാര്യം ബോധ്യപ്പെട്ടതോടെയാണ് 'ഡിജിറ്റല്‍ ഇന്ത്യ'യെന്ന പുതിയ വാദം ഉയര്‍ന്നുവന്നത്. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കുകയും ചെയ്തതോടെ, ഡിജിറ്റല്‍ ഇന്ത്യ പ്രചാരണങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. നോട്ട് നിരോധനത്തിന്റെ അഞ്ചാം വര്‍ഷവും ആ വാദം തന്നെയാണ് സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിവിടുന്നത്. ഇക്കുറി കാള അതിലൊരു അതിഥിതാരം ആയെന്നുമാത്രം. 

ഡിജിറ്റല്‍ ഇന്ത്യ പ്രചാരണങ്ങള്‍ തുടരുമ്പോഴും, നോട്ട് നിരോധനം വന്‍ വിജയമാണെന്നാണ് സംഘ പരിവാര്‍ അവകാശവാദങ്ങള്‍. എന്നാല്‍, നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് സാമ്പത്തികമേഖല ഇതുവരെ നടുവ് നിവര്‍ത്തിയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും ഫലം കണ്ടില്ല. കള്ളനോട്ട് തടയാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് 2020ലെ നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. കള്ളനോട്ട് പിടിച്ചെടുത്ത കേസുകളില്‍ 2019ല്‍നിന്ന് 190.5 ശതമാനം വര്‍ധനയാണ് 2020ല്‍ ഉണ്ടായത്. 2019ല്‍ ആകെ 25 കോടി രൂപ മൂല്യം വരുന്ന 2,87,404 നോട്ടുകളാണ് പിടിച്ചെടുത്തത്. എന്നാല്‍, 2020ല്‍ 92 കോടി രൂപ മൂല്യമുള്ള 8,34,947 നോട്ടുകള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്രയാണ് (83.6 കോടി) കള്ളനോട്ട് കേസുകളില്‍ മുന്നില്‍. രാജ്യത്ത് പിടിച്ച മൊത്തം കള്ളനോട്ടുകളില്‍ 90 ശതമാനത്തിലധികവും മഹാരാഷ്ട്രയില്‍ നിന്നായിരുന്നു. യുപി (3.9 കോടി), പശ്ചിമ ബംഗാള്‍ (2.4 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 500, 1000 നോട്ടുകള്‍ മാത്രമായിരുന്നില്ല ഈ നോട്ടുകെട്ടുകളില്‍ ഉണ്ടായിരുന്നത്. കള്ളനോട്ട് അച്ചടിക്കാര്‍ക്ക് പകര്‍ത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട 2000ന്റെ നോട്ടുകളും ഇതിലുണ്ടായിരുന്നു.  

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ലാതെ സമ്പാദിക്കപ്പെടുന്ന പണം അഥവാ കള്ളപ്പണം തടയുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. റിയല്‍ എസ്റ്റേറ്റ്, ജ്വല്ലറി, ഓഹരികള്‍, വിദേശ നിക്ഷേപങ്ങള്‍ എന്നിങ്ങനെ മേഖലയിലാണ് പ്രധാനമായും കള്ളപ്പണം ശേഖരിക്കപ്പെടുന്നത്. കമ്മീഷന്‍ വാങ്ങുന്ന ഡോക്ടര്‍, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ഇന്‍വോയ്സ് കുറച്ചു കാണിക്കുന്ന വ്യാപാരികള്‍, യഥാര്‍ത്ഥ വിലയില്‍ കുറച്ച് ഭൂമി രജിസ്ട്രര്‍ ചെയ്യുന്നവര്‍ തുടങ്ങി നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും കള്ളപ്പണം വ്യാപിച്ചുകിടക്കുന്നുണ്ട്. കള്ളപ്പണക്കാര്‍ക്ക് 50 ശതമാനം പിഴയടച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരവും മോദി നല്‍കി. അതുവരെ കള്ളപ്പണം സൂക്ഷിച്ചുവെച്ചിരുന്നവരില്‍ ഒരു വിഭാഗം കിട്ടിയ അവസരം പ്രയോജനപ്പെടുത്തി. അതില്‍ താല്‍പര്യം ഇല്ലാത്തവരും ഉണ്ടായിരുന്നു. അതേസമയം, അതിനുശേഷവും കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നില്ലെന്ന് പറയുന്നത്, കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. 

നോട്ട് നിരോധനം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുടച്ചുനീക്കാനുള്ള ശരിയായ നീക്കമാണെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. 2020ലെ ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സില്‍ പാകിസ്ഥാനു പിന്നില്‍ എട്ടാം സ്ഥാനത്തുണ്ട് ഇന്ത്യ. കഴിഞ്ഞവര്‍ഷവും ഇതേ സ്ഥാനത്ത് തന്നെയായിരുന്നു. തീവ്രവാദി ആക്രമണങ്ങളിലൂടെ സംഭവിക്കുന്ന മരണത്തിലും നാശത്തിലും നേരിയ കുറവുണ്ടായിട്ടുണ്ട് എന്നതു മാത്രമാണ് ആശ്വസിക്കാന്‍ വകയുള്ളത്. 
 
ഡിജിറ്റല്‍ ഇക്കോണമിയെന്ന് കൊട്ടിഘോഷങ്ങളിലും കാര്യമില്ല. രാജ്യത്ത് കറന്‍സി ഉപയോഗമാണ് ഉയര്‍ന്നുനില്‍ക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍. ഒക്ടോബര്‍ 8 വരെയുള്ള കണക്ക് പ്രകാരം പൊതുജനങ്ങള്‍ തമ്മില്‍ വിനിമയം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനം നടന്ന 2016 നവംബര്‍ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു. 2017 ജനുവരിയില്‍ ഇത് 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു കുതിച്ചുകയറി. യുപിഐ ഉള്‍പ്പെടെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ശക്തി പ്രാപിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം ആളുകള്‍ കറന്‍സി കൈവശം സൂക്ഷിക്കുന്ന രീതിയിലേക്കു മടങ്ങിയെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഇടത്തരം നഗരങ്ങളില്‍ പോലും കറന്‍സി രഹിത വിനിമയം നടപ്പിലായിട്ടില്ല. രാജ്യത്ത് 15 കോടിയിലധികം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും കൃത്യമായി പരിശോധിക്കാതെയും വിലയിരുത്താതെയും നടത്തിയ എടുത്തുചാട്ടമാണ് ക്യാഷ്ലെസ് ഇക്കോണമി, ഡിജിറ്റല്‍ മണി ട്രാന്‍സാക്ഷന്‍, സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതികള്‍ക്ക് തിരിച്ചടിയായത്. 

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെയാണ് രാജ്യം കടന്നുപോകുന്നത്. നോട്ട് നിരോധനത്തിനുശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. കാര്‍ഷിക, വ്യവസായ മേഖലകളെയും നിരോധനം സാരമായി ബാധിച്ചു. അതോടൊപ്പം കോവിഡ് കൂടി വന്നതോടെ, പതനം പൂര്‍ണമായി. സാമ്പത്തികവളര്‍ച്ചയിലും പുരോഗതി ഇല്ലാതായി. മുന്നൊരുക്കങ്ങളോ കൃത്യമായ പഠനമോ ദീര്‍ഘവീക്ഷണമോ ഇല്ലാതെയുള്ള പ്രഖ്യാപനങ്ങള്‍ രാജ്യത്തെ എത്രത്തോളം ഞെരുക്കിക്കളയുമെന്ന് വ്യക്തമാക്കുന്നതാണ് നോട്ട് നിരോധനം. ആവശ്യത്തിനുള്ള പകരം നോട്ടുകള്‍ ഉറപ്പാക്കാതെ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍, ജനം അത്യാവശ്യത്തിനുള്ള പണം തേടി അലഞ്ഞു. എടിഎം കൗണ്ടറുകളില്‍ കിലോമീറ്ററുകള്‍ നീണ്ട വരികളുണ്ടായി, രാജ്യം മുഴുവന്‍ പൊരിവെയിലത്തു നിന്നു. നോട്ട് നിരോധനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയും മറ്റു മേഖലകളെയും എങ്ങനെ ബാധിക്കുമെന്ന സാമാന്യം പഠനം പോലും നടന്നിരുന്നില്ലെന്ന് ഇതുവരെയുള്ള സംഭവങ്ങള്‍ അടിവരയിടുന്നു. ഒരു ഭരണാധികാരിയുടെ വികലമായ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏങ്ങനെ ബാധിക്കുമെന്നതിന്റെ ചരിത്ര രേഖപ്പെടുത്തല്‍ കൂടിയാണ് നോട്ട് നിരോധനം.
 

അവലംബം
https://indianexpress.com/article/business/nearly-5-years-since-note-ban-cash-with-public-rising-at-all-time-high-7607688/

https://scroll.in/article/909545/the-modi-years-what-did-demonetisation-achieve

https://theprint.in/india/2020-saw-190-rise-in-counterfeit-notes-seized-courtesy-malda-based-syndicates/737235/

https://www.newindianexpress.com/nation/2021/sep/17/fake-note-circulation-touched-record-high-in-2020-2359895.html

https://www.visionofhumanity.org/wp-content/uploads/2020/11/GTI-2020-web-1.pdf

https://azhimukham.com/business-economy/offbeat-demonetization-neo-liberal-hindutva-scandal/cid3343686.htm