മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

 
Oscar-Fernandes

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടേ മുക്കാലോടെ മംഗളൂരു യേനെപോയ ആശുപത്രിയിലായിരുന്നു അന്ത്യം. 1941 മാര്‍ച്ച് 27-ന് ജനിച്ച ഓസ്‌കര്‍ ഫെര്‍ണാണ്ടസ് മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നുത്. 

മംഗളൂരു അത്താവരയിലെ ഫ്ലാറ്റിൽ യോഗ ചെയ്യുന്നതിനിടെ ജൂലൈ 17നു രാവിലെയാണു വീണത്. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയില്‍ ആകുകയായിരുന്നു.  വൃക്ക രോഗത്തെ തുടർന്നു ഡയാലിസിസ് ചെയ്തിരുന്ന ഓസ്കർ ഫെർണാണ്ടസ് അന്നു വൈകിട്ട് ഡയാലിസിസ് ചെയ്തതിനു പിന്നാലെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു പരിശോധിച്ചപ്പോഴാണു രാവിലത്തെ വീഴ്ചയിൽ തലയിടിച്ച് തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതും.

1989 മുതല്‍ 1999 വരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു. 1980, 1984, 1989,1991, 1996 വര്‍ഷങ്ങളില്‍ ലോക്‌സഭാ എം.പിയും 1998 ലും 2004 ലും രാജ്യസഭാ എം.പിയുമായിരുന്നു. ഭാര്യ: ബ്ലോസം ഫെർണാണ്ടസ്. മക്കൾ: ഓഷൻ, ഒഷാനി. മരുമക്കൾ: പ്രസിൽ ക്വാഡ്രസ്, മാർക് സൽദാന.