ബിപിന്‍ റാവത്തിന്റെ മരണം: എംഐ-17വി5 ഹെലികോപ്റ്ററുകള്‍ അഞ്ച് വര്‍ഷത്തിനിടെ അപകടത്തില്‍പ്പെട്ടത് നാല് പ്രാവശ്യം

 
d


കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ എയര്‍ ഫോഴസിന്റെ എംഐ-17വി5 ഹെലികോപ്റ്ററുകള്‍ നാലു തവണ അപകടത്തില്‍പ്പെട്ടതായി  
പ്രതിരോധ മന്ത്രാലയം. ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പ്രതിരോധ സഹമന്ത്രി  അജയ് ഭട്ടാണ് ഇക്കാര്യം
പറഞ്ഞത്. സുയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലകോപ്റ്റര്‍ അപകടം കൂടാതെ അഞ്ച് വര്‍ഷത്തിനിടെ എംഐ -17 വി 5
ഹെലികോപ്റ്റര്‍ മൂന്ന് പ്രാവശ്യം അപകടത്തില്‍പ്പെട്ടതായാണ് മന്ത്രാലയം വ്യക്തമാക്കിയത്. 

ഡിസംബര്‍ എട്ടിനാണ് സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ മരിച്ചത്. അപകടം എങ്ങനെ സംഭവിച്ചു എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥ കാരണംമൂലം പൈലറ്റിന് വ്യക്തമായ കാഴ്ച ലഭിക്കാതെ വന്നതിനാല്‍ മരത്തില്‍ ഇടിച്ചു തകരുകയായിരുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ ഏത് പ്രതികൂല സാഹചര്യത്തിലും സുരക്ഷിത യാത്രയ്ക്ക് ഉതകുന്നതാണ് അപകടത്തില്‍പ്പെട്ട എംഐ -17 വി 5 ഹെലികോപ്ടര്‍.

അപകടത്തിന് പിന്നിലുള്ള കാരണം അറിയാന്‍ അന്വേഷണ സംഘം ദൃക്സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും വിവിധ ഡാറ്റകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുകയുമാണ്. അടുത്ത 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു് ചെയ്യുന്നത്.

ബിപിന്‍ റാവത്തിനൊപ്പം 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കൂടാതെ അഞ്ച് വര്‍ഷത്തിനിടെ  ഈ നാല് അപകടങ്ങളിലായി ആകെ 21 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കേന്ദ്രം അറിയിച്ചത്. നവംബര്‍ 2021, ഏപ്രില്‍ 3, 2018, ഒക്ടോബര്‍ 2017 എന്നി ദിവസങ്ങളിലാണ്  ഇതിന് മുമ്പ് അപകടം നടന്നത്. ഈ അപകടങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രതിരോധ മന്ത്രാലയം ലോക്സഭയെ അറിയിച്ചത്. 

ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടം

ജനറല്‍ ബിപിന്‍ റാവത്തും മറ്റ് 13 പേരും മരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം രൂപീകരിച്ച  അന്വേഷണ സംഘം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) ഉദ്യോഗസ്ഥനും രാജ്യത്തെ ഏറ്റവും മികച്ച ഹെലികോപ്ടര്‍ പൈലറ്റുമായ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ്, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും ഇന്ത്യന്‍ നേവിയില്‍ നിന്നുമുള്ള ഓരോ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് ഓരോദിവസത്തെയും റിപ്പോര്‍ട്ട് അന്വേഷണ സംഘം കൈമാറുന്നുമുണ്ട്.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ വിമാനാപകടം നടന്ന സ്ഥലത്തിന് സമീപമുണ്ടായിരുന്നവരുടേതുള്‍പ്പെടെ അന്വേഷണ സംഘം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ടീം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അന്വേഷണസംഘം ആരംഭിച്ചിരുന്നതായും മൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് റിപോര്‍ട്ട്.