ജമ്മു കാശ്മീരില്‍ തിരച്ചില്‍ തുടര്‍ന്ന് സൈന്യം; നാല് ഭീകരരെ വധിച്ചു, ഡല്‍ഹിയില്‍ പാക് ഭീകരന്‍ പിടിയില്‍

 
Army

സാധാരണക്കാര്‍ക്കും സൈനികര്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ ജമ്മു കാശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി സൈന്യം. ഇന്നലെ പൂഞ്ചിലെ വനമേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദികളുടെ ഒളിയിടങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതപ്പെടുത്തിയത്. രണ്ടു ദിവസത്തിനിടെ, തീവ്രവാദികളുമായി അഞ്ചോളം ഏറ്റുമുട്ടലുകളുണ്ടായി. ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് ഭീകരരെ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഷോപ്പിയാനിലെ തുല്‍റാന്‍ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ലഷ്‌കര്‍ കമാന്‍ഡര്‍ മുക്താര്‍ ഷാ ഉള്‍പ്പെടെയുള്ളവരെയാണ് വധിച്ചതെന്നാണ് സുരക്ഷാ സേനയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാശ്മീരില്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന പേരില്‍ ലഷ്‌കര്‍ സംഘത്തിന് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നെന്നും ജനങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ഷോപ്പിയാന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മറ്റൊരു ഭീകരനെ വധിച്ചത്. പലയിടത്തും തിരച്ചിലും ഏറ്റുമുട്ടലും തുടരുകയാണെന്നാണ് വിവരം. പലയിടത്തുനിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. 

ഇന്നലെ പൂഞ്ചിലെ വനമേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ എച്ച് വൈശാഖ് അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സുരന്‍കോട്ട് ഡി.കെ.ജി വന മേഖലയില്‍ ആയുധധാരികളായ അഞ്ച് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിഞ്ഞിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനു തിരിച്ചടിയെന്നോണമാണ് സൈന്യം തിരച്ചില്‍ ഓപ്പറേഷന്‍ വ്യാപകമാക്കിയത്.

ഡല്‍ഹിയില്‍ ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കില്‍ നിന്നാണ് പാക് ഭീകരനെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫാണ് പിടിയിലായത്. ഇന്ത്യയിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പതിറ്റാണ്ടായി ഇയാള്‍ രാജ്യത്ത് താമസിച്ചിരുന്നത്. എ.കെ 47 തോക്കും ഒരു ഹാന്‍ഡ് ഗ്രനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും ഇയാളുടെ താമസസ്ഥലത്തുനിന്നും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.  

അതിനിടെ, ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ജമ്മു കാശ്മീരിലെ പതിനെട്ടോളം ഇടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. നിലമ്പൂരിലെ മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഇരുപത് ഇടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഗുജറാത്തിലെ മുദ്ര തുറമുഖത്തില്‍ നിന്ന് ഹെറോയിന്‍ പിടികൂടിയ കേസില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പരിശോധനയുണ്ട്. പരിശോധനയുടെ മറ്റു വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല.