'ഗാന്ധിജിയുടെ ഉദാത്തമായ തത്വങ്ങള്‍ പ്രസക്തം'; ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും 

 
d


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152  ാം ജന്മവാര്‍ഷിക ദിനത്തില്‍ ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. മറ്റുപ്രധാന രാഷ്ട്രീയ നേതാക്കളും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വ്വ മത പ്രാര്‍ത്ഥനയും നടന്നിരുന്നു.

ഗാന്ധി ജയന്തി ദിനത്തില്‍ ബാപ്പുവിന് ആദരാഞ്ജലികള്‍. എല്ലാ ഇന്ത്യക്കാര്‍ക്കും ഗാന്ധിജിയുടെ പോരാട്ടങ്ങളും ത്യാഗവും ഓര്‍ക്കേണ്ട ഒരു പ്രത്യേക ദിവസമാണിത്. ഗാന്ധിജിയുടെ ഉപദേശങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായി ഇന്ത്യയെ ഗാന്ധിജിയുടെ സ്വപ്നങ്ങളുടെ നാടാക്കി മാറ്റാന്‍ പരിശ്രമിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. രഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. 

'ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് ശക്തി നല്‍കുന്നു'. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

''മഹാത്മാ ഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയെ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി. സമാധാനം, ഐക്യം, സാര്‍വത്രിക സാഹോദര്യം എന്നിവയ്ക്കായുള്ള നമ്മുടെ അന്വേഷണത്തില്‍ അഹിംസയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്വം നമ്മെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെയും നയിക്കുന്നത് തുടരും. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു. 

'മഹാത്മാ ഗാന്ധി സമാധാനത്തിന്റെയും അഹിംസയുടെയും പാതയിലൂടെ നടക്കാന്‍ ലോകത്തെ മുഴുവന്‍ പ്രചോദിപ്പിച്ചു. ഗാന്ധിജിയുടെ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നീ ആശയങ്ങള്‍ ദീര്‍ഘകാലം രാജ്യവാത്തെ പ്രചോദിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചത്. 

മഹത്തായ ഇച്ഛാശക്തിയും അപാരമായ ജ്ഞാനവും കൊണ്ട് അനുഗ്രഹീതനായ ഒരു വ്യക്തിത്വമാണ് ഗാന്ധിജി, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് മാതൃകാപരമായ നേതൃത്വം നല്‍കി. നമുക്ക് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ സ്വച്ഛതയിലും ആത്മനിര്‍ഭരതയിലും സ്വയം സമര്‍പ്പിക്കാം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. 

ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധിജി ജനിച്ചത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും അദ്ദേഹം  സേവനമനുഷ്ടിച്ചിരുന്നു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്‍കി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച അദ്ദേഹം 1931 ല്‍ നടത്തിയ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമാണ്. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ടിന് നോണ്‍ വയലന്‍സ് ഡേ ആയി ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസങ്ങള്‍ക്ക് ശേഷം 1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.