കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

 
Karnataka Travel

കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ വേണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. കേരളത്തില്‍നിന്നെത്തിയ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. 

രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. എത്തുന്ന ദിവസം മുതല്‍ ഏഴു ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്നതിനാല്‍, 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ ഫലം വേണമെന്ന നിബന്ധന കര്‍ണാടക കൊണ്ടുവന്നിരുന്നു. എന്നാല്‍, അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അതിര്‍ത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം, കേരളത്തില്‍നിന്ന് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായി എത്തിയവരാണെങ്കിലും ക്വാറന്റൈനില്‍ കഴിയേണ്ടി വരും. 
 
കര്‍ണാടകയില്‍ ഇന്ന് 973 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 0.64 ശതമാനമാണ് ടിപിആര്‍. ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ ആറ് മുതല്‍ എട്ട് വരെ ക്ലാസുകള്‍ കൂടി തുറക്കാനും കര്‍ണാടക തീരുമാനിച്ചു. ആഗസ്റ്റ് 23 മുതല്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു.