കര്‍ഷകരുടെ മരണത്തിന് എന്താണ് മറുപടി? മാപ്പ് ചോദിച്ചാല്‍ തീരുമോ മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തം? 

 
modi

ഒരു വര്‍ഷത്തോളം നീണ്ട സമരത്തിനിടെ 750ഓളം കര്‍ഷകരാണ് മരിച്ചുവീണത്


കര്‍ഷകരുടെ ക്ഷേമത്തിനെന്ന് അവകാശപ്പെട്ടുകൊണ്ട്, രാജ്യത്തെ കാര്‍ഷിക നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തീരുമാനിക്കുന്നു. പിന്നാലെ, പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒറ്റക്കെട്ടായുള്ള എതിര്‍പ്പും രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധവും തള്ളി പുതിയ മൂന്ന് നിയമങ്ങള്‍ കൊണ്ടുവരുന്നു. മണ്ണില്‍ പണിയെടുക്കുന്നവരുടെ മനസില്‍ അരക്ഷിതാവസ്ഥയുടെ വിത്തെറിഞ്ഞിട്ട്, കര്‍ഷകപ്രേമം പ്രസംഗിച്ച ജനാധിപത്യ സര്‍ക്കാര്‍ മാറിനിന്നു. കൃഷിഭൂമി പോലും തങ്ങള്‍ക്ക് അന്യാധീനമാകുമെന്ന് തിരിച്ചറിഞ്ഞ കര്‍ഷകര്‍, മഹാമാരിക്കാലത്ത് വീടുവിട്ട് തെരുവിലിറങ്ങി. ഭരണകൂടത്തിന്റെ സകല അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച പോരാട്ടം ഒരു വര്‍ഷമാകുമ്പോള്‍, തെറ്റ് ഏറ്റുപറഞ്ഞ് പ്രധാനമന്ത്രി വീണ്ടും രംഗപ്രവേശം ചെയ്തു. കര്‍ഷകരോട് മാപ്പ് പറഞ്ഞ് വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ രാജ്യദ്രോഹികളും തീവ്രവാദികളും ഗുണ്ടകളുമൊക്കെയാണെന്ന് ആക്ഷേപിച്ച സര്‍ക്കാരിനെ നയിക്കുന്നയാള്‍ കര്‍ഷകരുടെ ഉന്നമനത്തെക്കുറിച്ച് വീണ്ടും വാചാലനാകുന്നു. എന്നാല്‍, സര്‍ക്കാരിന്റെ തലതിരിഞ്ഞ തീരുമാനംമൂലം ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്ന കര്‍ഷകരെക്കുറിച്ചോ അവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ചോ ഒരു വാക്കുപോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്നു പറഞ്ഞ്, മാപ്പ് ചോദിച്ചാല്‍ മാത്രം തീരുന്നതാണോ മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തം? 

ഒരു വര്‍ഷത്തോളം നീണ്ട സമരത്തിനിടെ, അഞ്ചിലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പൊലീസ് വെടിവെപ്പിലും ചിലര്‍ കൊല്ലപ്പെട്ടു. ആകെ 750ഓളം കര്‍ഷകരാണ് മരിച്ചുവീണത്. കടുത്ത ശൈത്യം, കനത്ത ചൂട്, ഹൃദയസ്തംഭനം ഉള്‍പ്പെടെ രോഗങ്ങള്‍, മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍, റോഡ് അപകടം എന്നിങ്ങനെ കാരണങ്ങളാലാണ് കര്‍ഷകരുടെ മരണം സംഭവിച്ചത്. ഇവരില്‍ 550ഓളം കര്‍ഷകര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. പഞ്ചാബ് കൂടാതെ, യുപി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെക്കുറിച്ചോ അതില്‍ മരിച്ചവരെക്കുറിച്ചോ കൃത്യമായ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവെക്കുമ്പോള്‍ തന്നെ പരിഹരിക്കേണ്ട മറ്റനേകം പ്രശ്‌നങ്ങള്‍ കൂടിയുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രക്ഷോഭത്തിനിടെ, ഏകദേശം 750 കര്‍ഷകര്‍ മരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുശോചനം പോലും ഉണ്ടായില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് പറയുന്നു. നരേന്ദ്ര മോദി ഒരു 'കര്‍ഷക' പ്രധാനമന്ത്രി അല്ലെന്ന വിചാരം കര്‍ഷകരില്‍ ദൃഢമാകാന്‍ അത് കാരണമായിട്ടുണ്ട്. മൂന്ന് നിയമങ്ങള്‍ പിന്‍വലിച്ചതുകൊണ്ടു മാത്രം സമരം തീരില്ലെന്ന് രാകേഷ് തികായത് ആവര്‍ത്തിക്കുന്നതിനും വ്യക്തമായ കാരണങ്ങളുണ്ട്. ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം, പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കല്‍, വൈദ്യുതി ബില്ലുകള്‍, എംഎസ്പി സംബന്ധിച്ച ഉറപ്പ് എന്നിങ്ങനെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. ഇക്കാര്യം സംയുക്ത കിസാന്‍ മോര്‍ച്ച ചെയ്യും. മഹാപഞ്ചായത്ത് ചേര്‍ന്നും വിഷയം ചര്‍ച്ച ചെയ്തശേഷം സര്‍ക്കാരിനെ അക്കാര്യം അറിയിക്കുമെന്നാണ് രാകേഷ് തികായത്ത് അറിയിച്ചിരിക്കുന്നത്. 

മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ തള്ളണമെന്നുമുള്ള ആവശ്യം പല കോണില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ഏതാനും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ സഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പ്രഖ്യാപനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഏറെയുണ്ടെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമാകുന്ന തീരുമാനങ്ങളെ കര്‍ഷക നേതാക്കള്‍ സ്വാഗതം ചെയ്യുന്നുണ്ട്. കര്‍ഷക സമര നാളുകളില്‍ മരിച്ച 750 കര്‍ഷകരില്‍ 550ഓളം പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് സഹായകമായ നിരവധി തീരുമാനങ്ങള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. നഷ്ടപരിഹാരത്തിനൊപ്പം കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഉള്‍പ്പെടെ നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നതും ഉള്‍പ്പെടെ തീരുമാനിച്ചിരുന്നു. അതിന്‍പ്രകാരം, ഇതുവരെ മരണപ്പെട്ട 250 കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലാതല ഡെപ്യൂട്ടി കമ്മീണര്‍മാരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ യോഗ്യതയനുസരിച്ചാണ് ജോലി നല്‍കുന്നത്. അതേസമയം, 330 പേരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നാണ് കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറയുന്നത്. 

പ്രക്ഷോഭത്തിനിടെ മരിച്ച 750 കര്‍ഷകരുടെ കുടുംബത്തിനും മൂന്നു ലക്ഷം വീതം ധനസഹായം നല്‍കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ വിവരങ്ങള്‍ എത്രയും വേഗം ലഭ്യമാക്കാന്‍ കര്‍ഷക നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കേസുകളും പിന്‍വലിക്കണമെന്നും താങ്ങുവില (എംഎസ്പി) സംബന്ധിച്ച നിയമം ശൈത്യകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികളോ സഹായമോ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട നാല് കര്‍ഷകര്‍ക്ക് 45 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം വീതവും നല്‍കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭ്യമാക്കും. 

അതേസമയം, മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ പ്രതികരണം. ബിജെപി ഒടുവില്‍ തെറ്റ് തിരിച്ചറിഞ്ഞ് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പോരാട്ടത്തില്‍ രക്തസാക്ഷികളായ കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കേണ്ട സമയമാണിത്. മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം എത്രയും വേഗം പ്രഖ്യാപിക്കണം. കര്‍ഷകര്‍ ഒടുവില്‍ തങ്ങളുടെ സ്വാതന്ത്ര്യം നേടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഒരു വര്‍ഷത്തോളം നീണ്ട പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് പിഎം കെയര്‍ ഫണ്ടില്‍നിന്ന് ധനസഹായം ലഭ്യമാക്കണമെന്നാണ് ശിവസേന എംപി സഞ്ജയ് റൗത്ത് ആവശ്യപ്പെടുന്നത്. സമരത്തിനായി ചിലര്‍ ജീവന്‍ ബലികഴിച്ചു, ചിലര്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചു. എഴുന്നൂറിലധികം കര്‍ഷകരാണ് മരിച്ചത്. ഇവരെല്ലാവരും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരാണ്. സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ തെറ്റ് മനസിലാക്കിയിരിക്കുന്നു. ഒരു വര്‍ഷമാകുമ്പോള്‍ നിയമങ്ങള്‍ പിന്‍വലിച്ചിരിക്കുന്നു. മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. പിഎം കെയര്‍ ഫണ്ടിലേക്ക് വന്നിട്ടുള്ള 'കണക്കറിയാത്ത' തുകയില്‍നിന്ന് അതിനുള്ള പണം കണ്ടെത്തണം. വെറും മാപ്പ് പറച്ചില്‍ മാത്രം മതിയാകില്ലെന്നും സഞ്ജയ് റൗത്ത് പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം സാംസ്‌കാരികരംഗത്തെ പ്രമുഖരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ സമാന ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്. 

സമ്പന്നരായ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങുന്നത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരായിരുന്നുവെന്നാണ് പട്യാലയിലെ പഞ്ചാബി സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. പ്രക്ഷോഭത്തിനിടെ മരിച്ചവരില്‍ ഏറെപ്പേരും ശരാശരി 2.94 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്തിരുന്നവരായിരുന്നു. പാട്ടത്തിനും മറ്റുമായി ഭൂമി എടുത്ത് കൃഷി ചെയ്യുന്നവരുടെ കാര്യത്തില്‍ ഇത് ശരാശരി 2.26 ഏക്കറാണ്. മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളില്‍നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ചെറുകിട, നാമമാത്ര കര്‍ഷകരുടെയും ഭൂരഹിതരായ കര്‍ഷകരുടെയും ജീവനാണ് പ്രക്ഷോഭത്തിനിടെ നഷ്ടമായത്. ഇവരില്‍ പലരും കൃഷി മൂലം വലിയ സാമ്പത്തിക ബാധ്യതകള്‍ ഉള്ളവരായിരുന്നു. ഇവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ കാര്‍ഷിക, സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളും ചില സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം അപര്യാപ്തമാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ കര്‍ഷകരുടെ വേദന മനസിലാക്കിയുള്ള തീരുമാനമെന്നാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. മാപ്പ് പറഞ്ഞതിനൊപ്പം കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി. വിവാദ നിയമങ്ങള്‍മൂലം രക്തസാക്ഷികള്‍ ആകേണ്ടിവന്ന കര്‍ഷകരുടെ ജീവന് അത് പകരമാകില്ലെന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്. രാഷ്ട്രീയ, സാമുഹ്യ, സാംസ്‌കാരിക മേഖലയിലുള്ളവരും സമാന അഭിപ്രായം പങ്കുവെക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളെങ്കിലും തങ്ങളാല്‍ കഴിയുന്ന നഷ്ടപരിഹാരവും സഹായങ്ങളുമൊക്കെ പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ല എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം എതിര്‍ത്ത നിയമം പാസാക്കിക്കൊണ്ട് അവരുടെ ജീവനെടുത്ത കേന്ദ്ര സര്‍ക്കാരാണ് ഇതിനെല്ലാം മറുപടി പറയേണ്ടത്. നിയമങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞതുകൊണ്ടു മാത്രം തീരുന്നതല്ല മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങള്‍.