കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള കുറയ്ക്കാന്‍ വിദഗ്ധസമിതി ആലോചനയെന്ന് റിപോര്‍ട്ട്

 
Covid Vaccination

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.  നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ഇന്‍ ഇന്ത്യ (NTAGI) ഇക്കാര്യം  തീരുമാനിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. 

കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള വിടവ് കുറയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിനായി NTAGI കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.  വാക്‌സിന്റെ ലഭ്യത വര്‍ദ്ധിച്ചതനുസരിച്ച് ഈ മാസം ആദ്യം 45 വയസും അതില്‍ കൂടുതലോ ഉള്ളവര്‍ക്ക് രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ 12 മുതല്‍ 16 ആഴ്ചകളാണ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള

കോവിഷീല്‍ഡിന്റെയും മറ്റ് വാക്‌സിനുകളുടെയും വ്യത്യസ്ത ഡോസേജ് ഇടവേളകളുടെ ക്രമരഹിത പരിശോധന നടത്താന്‍ വിദഗ്ധ സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു, വാക്‌സിന്‍ വ്യത്യസ്ത ഇടവേളകളുടെ ഫലങ്ങള്‍ പഠിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നാല് മുതല്‍ ആറ് ആഴ്ച വരെയായിരുന്നു. പിന്നീട് ഇത് ആറ് മുതല്‍ എട്ട് ആഴ്ച വരെ നീട്ടി. ഏറ്റവും ഒടുവില്‍ മെയില്‍ സര്‍ക്കാര്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ പുതുക്കി നിശ്ചയിക്കുകയായിരുന്നു.