ആദായനികുതി പോര്‍ട്ടല്‍ സാങ്കേതിക തകരാര്‍; ഇന്‍ഫോസിസിന് ധനമന്ത്രാലയത്തിന്റെ അന്ത്യശാസനം

 
d

ആദായ നികുതി  ഇ–ഫയലിങ് പോര്‍ട്ടലിലെ സാങ്കേതിക തകരാറില്‍ ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി ധനമന്ത്രാലയം. അടുത്ത മാസം 15നകം എല്ലാ തകരാറും പരിഹരിക്കണമെന്ന്  ഇന്‍ഫോസിസ് സിഇഒയോട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ നേരിട്ടു വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്.

ഇ ഫയലിങ് പോര്‍ട്ടലിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഇഒ സലീല്‍ പരേഖ് വ്യക്തമാക്കി.  750 പേര്‍ പ്രോജക്ടിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫോസിസ് സിഇഒ പ്രവീണ്‍ റാവു പ്രോജക്ടിന്റെ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സലീല്‍ പരേഖ് ധനമന്ത്രിയെ അറിയിച്ചു. സാങ്കേതിക പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ സിഇഒയോട് നേരിട്ടെത്തി വിശദീകരിക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

രണ്ടര മാസമായിട്ടും തകരാറുകൾ പരിഹരിക്കാന്‍, പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസിന് കഴിഞ്ഞിട്ടില്ല. റിട്ടേണുകള്‍ പ്രോസസ് ചെയ്യുന്ന സമയം കുറയ്ക്കുന്നതിനും റീഫണ്ട് വേഗത്തില്‍ നല്‍കുന്നതിനുമായി ഫയലിങ് സംവിധാനം തയാറാക്കാന്‍ 2019ലാണു ധനമന്ത്രാലയം ഇന്‍ഫോസിസുമായി കരാറിലെത്തിയത്.