കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അപകടകാരിയായ ഡെന്‍വ് 2 ഡെങ്കിപ്പനി; ജാഗ്രതാ നിര്‍ദ്ദേശം 

 
dengue

കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനിയുടെ അപകടകാരിയായ സെറോടൈപ്പ് -2(ഡെന്‍വ് 2) ഡെങ്കിപ്പനി കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും കേന്ദ്രം അറിയിച്ചു. 

കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നിവയാണ് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.  

കൊതുകിലൂടെ പകരുന്ന രോഗമായ ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസിന് നാല് സെറോടൈപ്പുകള്‍ ഉണ്ട്. മാരകമായ ആന്തരിക രക്തസ്രാവത്തിനും ഷോക്കിനും ഇടയാക്കുന്ന കൂടുതല്‍ ഗുരുതരമായ രോഗവുമാണിത്. പനി, തലവേദന, ഛര്‍ദി, ശരീരവേദന എന്നിവയാണു മറ്റു രോഗ ലക്ഷണങ്ങള്‍.

ഡെങ്കിപ്പനിയുടെ പുതിയ കേസുകള്‍ കണ്ടെത്തി പ്രദേശത്ത് പനി ബാധിതരുടെ സര്‍വേ, കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, പ്രദേശത്തെ കൊതുകുകളുടെ എണ്ണം നിയന്ത്രിക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാനും ദ്രുത കര്‍മ്മ സംഘങ്ങളെ നിയോഗിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ച് പ്ലേറ്റ്‌ലെറ്റ്‌സ് ആവശ്യമായ ഗുരുതരമായ രോഗികള്‍ക്ക് ആവശ്യമായ രക്തവും പ്ലേറ്റ്ലെറ്റ് പോലുള്ള രക്ത ഘടകങ്ങളും സംഭരിക്കാനും നിര്‍ദ്ദേശണ്ട്. പൊതുജനങ്ങള്‍ക്ക് ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ ലഭ്യമാക്കാനും രോഗ ലക്ഷണങ്ങളും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചു ബോധവല്‍ക്കരണം നടത്തണാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.