EXCLUSIVE: മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍, സുപ്രീം കോടതിയുടെ ആധാര്‍ വിധി മറികടന്നുള്ള നീക്കം സാമൂഹ്യ റജിസ്ട്രിയുടെ മറവില്‍

 
EXCLUSIVE: മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍, സുപ്രീം കോടതിയുടെ ആധാര്‍ വിധി മറികടന്നുള്ള നീക്കം സാമൂഹ്യ റജിസ്ട്രിയുടെ മറവില്‍

ഇന്ത്യയിലെ 120 കോടി പൗരന്മാരുടെ ജീവിതത്തിലെ സകല കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി സ്വയം നവീകരിക്കുന്നതും നിരീക്ഷിക്കാന്‍ സാധിക്കുന്നതുമായ ഒരു വിവരാടിത്തറ (database) സൃഷ്ടിക്കുന്നതിനുള്ള അന്തിമഘട്ടത്തിലാണ് മോദി സര്‍ക്കാര്‍. ഇതുവരെ പുറത്തുവരാത്ത സര്‍ക്കാരിന്റെ രേഖകളില്‍നിന്നാണ് ഇക്കാര്യം അഴിമുഖത്തിന് ബോധ്യപ്പെട്ടത്.

സര്‍ക്കാര്‍ സേവനങ്ങളും അവകാശങ്ങളും യഥാര്‍ത്ഥ ഗുണഭോക്താക്കളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കിക്കൊണ്ട് ദരിദ്രര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ദുരുപയോഗം തടയുന്നതിനായി 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) പുതുക്കുന്നതിനുള്ള നിരുപദ്രവകരമായ പദ്ധതിയാണ് അഞ്ച് വര്‍ഷമായി തയ്യാറാക്കി കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ദേശീയ സാമൂഹ്യ രജിസ്ട്രി (നാഷണല്‍ സോഷ്യല്‍ രജിസ്ട്രി) എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുവരെ വിശദീകരിച്ചുകൊണ്ടിരുന്നത്. എസ്ഇസിസിയുടെ ഉത്തരവാദിത്വം കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിനാണെന്നതും എസ്ഇസിസി ഒരു സാധാരണ ഉദ്യോഗസ്ഥതല ദൗത്യം മാത്രമാണെന്ന ധാരണയ്ക്ക് കൂടുതല്‍ ബലം നല്‍കി.ഇപ്പോള്‍, സ്വതന്ത്ര വിവര, ഇന്റര്‍നെറ്റ് ഭരണനിര്‍വഹണ ഗവേഷകനായ ശ്രീനിവാസ് കോഡാലിയും ഈ ലേഖകനും വിവരാവകാശ നിയമപ്രകാരം നേടിയെടുക്കുകയും അഴിമുഖം അവലോകനത്തിന് വിധേയമാക്കുകയും ചെയ്ത രേഖകള്‍ നേരെ മറിച്ചാണ് സൂചിപ്പിക്കുന്നത്. തത്സമയം തന്നെ യാന്ത്രികമായി പരിഷ്‌കരിക്കപ്പെടുന്ന ചലനാത്മകമായ എസ്ഇസിസി സൃഷ്ടിക്കുന്നു എന്ന നാട്യത്തില്‍, ഓരോ പൗരന്റെയും മതം, ജാതി, വരുമാനം ആസ്തി, വിദ്യാഭ്യാസം, വൈവാഹിക നില, തൊഴില്‍, കുടുംബ വിവരങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതുമായ 'ബഹുതലത്തിലുള്ള ഏകോപിതവും സംയോജിതവുമായ വിവരാടിത്തറ' ആണ് ദേശീയ സാമൂഹ്യ രജിസ്ട്രി ( സാമൂഹ്യ രജിസ്ട്രി വിവര സംവിധാനം അല്ലെങ്കില്‍ എസ്ഇസിസി സാമൂഹ്യ രജിസ്ട്രി എന്നും അറിയപ്പെടുന്നു).സര്‍ക്കാര്‍ അധിഷ്ടിത സേവനങ്ങളെ ആശ്രയിക്കുന്ന ദാരിിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകഎന്നതില്‍ മാത്രം പരിമിതപ്പെടുത്തുന്ന ഒന്നല്ല ദേശീയ സാമൂഹ്യ രജിസ്ട്രി എന്നും അത് ഓരോ ഇന്ത്യന്‍ പൗരന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നു.വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നവരുടെ സ്വകാര്യത നിയമപരമായി ഉറപ്പാക്കുന്ന 1948ലെ ഇന്ത്യന്‍ സെന്‍സസ് ചട്ടപ്രകാരം നടത്തുന്ന ഇന്ത്യന്‍ ജനസംഖ്യ സെന്‍സസില്‍ നിന്നും വ്യത്യസ്തമായി എസ്ഇസിസിയില്‍ സുരക്ഷാ വ്യവസ്ഥകള്‍ ഒന്നും തന്നെയില്ല.മോദിയുടെ ഉദ്യോഗസ്ഥരുടെയും ഉപദേശകരുടെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, ഒരു പൗരന്‍ നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് സഞ്ചരിക്കുന്നതും തൊഴില്‍ മാറുന്നതും പുതിയ വസ്തുവകകള്‍ വാങ്ങുമ്പോഴും, ഒരു കുടുംബത്തില്‍ ഒരു ജനനമോ മരണമോ അല്ലെങ്കില്‍ വിവാഹമോ നടക്കുമ്പോളും അതുമല്ലെങ്കില്‍ ബന്ധുവീടുകളില്‍ പോകുമ്പോള്‍ ഒക്കെ അവര്‍ നിരീക്ഷിക്കപ്പെടും. ഈ നിരീക്ഷണ സംവിധാനത്തിന് അധുനിക വിവരാടിത്തറ സംവിധാനങ്ങളുടെ പരസ്പരപ്രവര്‍ത്തനത്തിലൂടെ ശേഖരിക്കാവുന്നതായ വിവരങ്ങളുടെ അളവിന് ഒരു സാങ്കേതിക പരിധിയുമില്ലെന്നതാണ് പ്രധാന കാര്യം . ഉദാഹരണത്തിന്, 2019 ഒക്ടോബര്‍ നാലിന് നടന്ന യോഗത്തില്‍ വച്ച്, ഓരോ വീടുകളിലും ഭൗമ കൂട്ടിയോജിപ്പിക്കല്‍ (Geo tagging) നടപ്പിലാക്കണമെന്നും അവയെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഭൗമസംബന്ധിയായ പോര്‍ട്ടലായ ഭുവനുമായി സംയോജിപ്പിക്കണമെന്നും നീതി ആയോഗിലെ ഒരു സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദ്ദേശിക്കുകണ്ടായി.അതായത് ഈ രജിസ്ട്രി ഒരു ദിവാസ്വപ്‌നമല്ല.ഈ വിവരാടിത്തറ നിര്‍മ്മിക്കുന്നതിനുള്ള മൂര്‍ത്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് അഴിമുഖം അവലോകനം ചെയ്ത ഫയല്‍ കുറിപ്പുകളും, യോഗ നടപടികളുടെ മിനിട്ട്‌സുകളും വിവിധ വകുപ്പുകള്‍ തമ്മിലുള്ള കത്തിടപാടുകളും വെളിപ്പെടുത്തുന്നത്.അടുത്ത വര്‍ഷം, അതായത് 2021ല്‍ സാമൂഹ്യ രജിസ്ട്രി നടപ്പിലാക്കുന്നതിനായി ഒരു വിദഗ്ധ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. അത് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്നത് പരീക്ഷിക്കാനുള്ള പൈലറ്റ് പദ്ധതിയുടെ ആസൂത്രണത്തില്‍ കമ്മിറ്റി അവസാനഘട്ടത്തിലാണ്.ആധാറിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും, വ്യക്തിഗത സ്വകാര്യത മൗലികാവകാശമാണെന്ന് ഊന്നിപ്പറയുകയും ചെയ്യുന്ന സുപ്രീം കോടതിയുടെ 2018ലെ വിധി മറികടക്കാവുന്ന വിധത്തില്‍ ഈ വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന വിധത്തില്‍ ആധാര്‍ നിയമത്തിന് ചില ഭേദഗതികള്‍ വിദഗ്ധ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണം എന്ന നിലയില്‍ അധാര്‍ നിയമം ഭേദഗതി ചെയ്യാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തീരുമാനിച്ചതായി അതിന്റെ ഒക്ടോബര്‍ നാലിലെ യോഗത്തിന്റെ മിനിട്ട്‌സുകള്‍ വെളിപ്പെടുത്തുന്നു. ഈ ഭേദഗതികള്‍ നടപ്പിലാക്കപ്പെടുകയാണെങ്കില്‍, പ്രഥമ ആധാര്‍ നിയമത്തിന്റെ ഭാഗമായിരുന്ന ചുരുക്കം ചില സ്വകാര്യത സുരക്ഷസംവിധാനങ്ങള്‍ കൂടി നീക്കം ചെയ്തുകൊണ്ട് 2018ലെ വിധി ഫലത്തില്‍ നിരര്‍ത്ഥകമാക്കപ്പെടും.

കേന്ദ്ര, സംസ്ഥാന തലങ്ങളിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് സര്‍ക്കാര്‍ നിയന്ത്രിത വിവരാടിത്തറകള്‍ അനായാസേന പങ്കുവെക്കാന്‍ സാധിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി ഒരു 'ഡാറ്റ കൈമാറ്റ ചട്ടക്കൂടിനെ' കുറിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ചര്‍ച്ചകള്‍ നടത്തി.2019 ജൂണ്‍ 17ലെ ഒരു ഫയല്‍ കുറിപ്പ് പ്രകാരം, ലോക ബാങ്ക് 'സഹകരണം വാഗ്ദാനം ചെയ്യുകയും' ബാങ്കിന്റെ വായ്‌പേതര സാങ്കേതിക സഹായ പരിപാടി പ്രകാരം തുടക്കത്തില്‍ രണ്ട് ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കാന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

'ചിതലുകളെ' പോലെ ഇന്ത്യയെ കാര്‍ന്നു തിന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്ന വിദേശ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ തുടച്ചു നീക്കുന്നതിനായി ഒരു ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനെ കുറിച്ച് ഷാ പരസ്യമായി സംസാരിക്കുന്ന സമയത്ത് ഇത്തരം വെളിപ്പെടുത്തലുകള്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും ഷാ ഇതുവരെ ഹാജരാക്കിയിട്ടുമില്ല.ഇന്നത്തെ രൂപത്തില്‍ രജിസ്ട്രി നടപ്പിലാക്കുകയാണെങ്കില്‍, കെട്ടുകണക്കിന് വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനായി ദുര്‍ഗ്രഹമായ അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിന് സാധിക്കും. വ്യക്തികളെ പൗരന്മാരാണോ അല്ലയോ എന്ന് ഏകപക്ഷീയമായി തീരുമാനിക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 2018ലെ തെലങ്കാന, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സമ്മതിദാനവകാശം ദശലക്ഷക്കണക്കിന് പൗരന്മാരില്‍ നിന്നും കവര്‍ന്നെടുക്കാന്‍ ഇത്തരത്തിലുള്ള അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചിരിക്കാനുള്ള സാധ്യതകളെ കുറിച്ച് ഹഫ്‌പോസ്റ്റ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ദരിദ്രര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സുതാര്യമായും ഫലപ്രദമായും പ്രദാനം ചെയ്യാനുള്ള അടിസ്ഥാന സെന്‍സസില്‍ നിന്നും ഓര്‍വീലിയന്‍ മാതൃകയിലുള്ള സാര്‍വത്രിക നിരീക്ഷണ സംവിധാനത്തിലേക്കുള്ള എസ്ഇസിസിയുടെ ഒരു ദശാബ്ദമായി നടക്കുന്ന പരിവര്‍ത്തനം നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.'ഇത്തരത്തിലുള്ള അനിയന്ത്രിത സാര്‍വത്രിക നിരീക്ഷണം സ്വാതന്ത്ര്യത്തിന് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഭീഷണി ഉയര്‍ത്തുന്നു,' എന്ന് 2010 മുതല്‍ 2018 വരെ ഇന്ത്യയില്‍ നിയമം പഠിപ്പിച്ചിരുന്ന യേല്‍ നിയമ സ്‌കൂളിന്റെ ഇന്‍ഫോര്‍മേഷന്‍ സൊസൈറ്റി പ്രോജക്ട് ഫെലോ ചിന്‍മയി അരുണ്‍ ചൂണ്ടിക്കാണിക്കുന്നു.'സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ക്കെതിരായ ഇന്ത്യയിലെ രക്ഷാവ്യവസ്ഥകള്‍ എല്ലാക്കാലത്തും ദുര്‍ബലമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഓര്‍വീലിയന്‍ നിരീക്ഷണം, പൗരന്മാരും സര്‍ക്കാരും തമ്മിലുള്ള സന്തുലിതാവസ്ഥയെ തകിടം മറിക്കും,' എന്ന് തന്‍മയി അരുണ്‍ പറയുന്നു. 'നമ്മളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിക്കുകയാണെങ്കില്‍, സാവധാനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തിരിച്ചറിയാനാവാത്ത വിധത്തിലുള്ള രൂപമാറ്റം സംഭവിക്കുമെന്ന് ഉറപ്പിച്ച് പറയാം.' 2011ലാണ്, 1931ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ജാതി അടിസ്ഥാന സെന്‍സസിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ തുടക്കം കുറിച്ചു. അതിന്റെ പേര് വ്യക്തമാക്കുന്നത് പോലെ, എസ്ഇസിസി ഒരു സെന്‍സസായിരുന്നു. ഒരു സര്‍വെ ആയിരുന്നില്ല. ജാതി, വരുമാനം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഓരോ ഇന്ത്യന്‍ പൗരന്റെയും സാമൂഹ്യ സ്വഭാവം നിശ്ചിക്കാനും സര്‍ക്കാര്‍ ഉദ്യമിച്ചുവെന്നാണ് ഇതിന്റെ അര്‍ത്ഥം.കേന്ദ്ര ഗ്രാമീണ വികസന വകുപ്പിനായിരുന്നു പദ്ധതിയുടെ ഏകോപന ചുമതലയെങ്കിലും മൂന്ന് വ്യത്യസ്ത സര്‍ക്കാര്‍ ഏജന്‍സികളാണ് അത് സംഘടിപ്പിച്ചത്: ഗ്രാമീണ ഇന്ത്യയുടെ ചുമതല കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനും നഗര സെന്‍സസിന്റെ ചുമതല കേന്ദ്ര പാര്‍പ്പിട, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മന്ത്രായത്തിനും രാഷ്ട്രീയ പ്രധാനമായ ജാതി സെന്‍സസിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമായിരുന്നു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും (ആര്‍ജിഐ) ഇന്ത്യന്‍ സെന്‍സസ് കമ്മീഷണറും ഈ പ്രക്രിയയുമായി സഹകരിച്ചു.2015 ജൂലൈ മൂന്നിന്, ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമൂഹ്യ, സാമ്പത്തിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും രാഷ്ട്രീയ പ്രധാനമായ ജാതി വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.ദാരിദ്ര്യത്തെയും അവകാശങ്ങളെയും കുറിച്ചുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ അതുവരെയുള്ള സമീപനത്തില്‍നിന്ന് വലിയൊരു വ്യതിയാനത്തിന് എസ്ഇസിസി തുടക്കം കുറിച്ചു. 'ദാരിദ്ര്യരേഖ' എന്ന് വിവക്ഷിക്കപ്പെട്ടിരുന്ന ഒരു അളവുകോലിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെയാണ് ഇന്ത്യന്‍ നയരൂപകര്‍ത്താക്കള്‍ ദശാബ്ദങ്ങളായി ദരിദ്രര്‍ എന്ന് നിര്‍വചിച്ചിരുന്നത്.ഇന്ത്യന്‍ പൗരന്മാരുടെ ജീവിതത്തില്‍ വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന ധനകാര്യ സങ്കീര്‍ണതകളെയും സര്‍ക്കാര്‍ ആവിഷ്‌കൃത പദ്ധതികളുടെ വര്‍ദ്ധിച്ചുവരുന്ന കേന്ദ്രീകൃത സ്വഭാവത്തെയും ഉള്‍ക്കൊള്ളുന്നതിനായി അവകാശങ്ങളുടെ കൂടുതല്‍ സൂക്ഷ്മമായ ചിത്രം തേടുന്നതായിരുന്നു എസ്ഇസിസി. ഇപ്പോള്‍, പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനുള്ള വായ്പകള്‍ തുടങ്ങി, വാര്‍ഷിക കുടുംബ വരുമാനത്തില്‍ നിന്നും വ്യത്യസ്തമായ സൂചകങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പദ്ധതികളാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്.എസ്ഇസിസി വിവരങ്ങള്‍, 'ദാരിദ്ര്യത്തിന്റെ വിവിധ മാനങ്ങളെ അഭിസംബോധന ചെയ്യുകയും ഗ്രാമ പഞ്ചായത്തുകളെ ഒരു യൂണിറ്റാക്കിക്കൊണ്ട് കേന്ദ്രീകൃതവും തെളിവ് അടിസ്ഥാനത്തിലുള്ളതുമായ ആസൂത്രണത്തിനുള്ള അതുല്യാവസരം പ്രദാനം ചെയ്യുകയും ചെയ്യുന്നു,' എന്നായിരുന്നു കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ് അന്ന് പറഞ്ഞത്2015 ഒക്ടോബര്‍ 13ന്, 'എസ്ഇസിസി വിവരങ്ങളില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനായി,' ഒരു സാമൂഹ്യ രജിസ്ട്രി സംവിധാനം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം ഗ്രാമവികസന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സമര്‍പ്പിച്ചതായി അഴിമുഖം അവലോകനം ചെയ്ത 2015 നവംബറിലെ ഒരു ഫയല്‍ കുറിപ്പ് വ്യക്തമാക്കുന്നു.2017 നവംബര്‍ 27ന്, എസ്ഇസിസി വിവരങ്ങളെ തുടര്‍ച്ചയായി പരിഷ്‌കരിക്കപ്പെടുന്ന ഒരു രജിസ്ട്രിയായി മാറ്റുന്നതിനുള്ള ഒരു മോഹാതീത പദ്ധതിയുടെ അടിസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പര്യാപ്തമായ വിശദമായ ഒരു കുറിപ്പ് ഗ്രാമവികസന മന്ത്രാലയത്തിന്റെ അന്നത്തെ സാമ്പത്തിക ഉപദേശകന്‍ മനോരഞ്ജന്‍ കുമാര്‍ തയ്യാറാക്കി.'ഫലപ്രദമായ സാമൂഹ്യ രജിസ്ട്രിയായി മാറുന്നതിന്, എസ്ഇസിസി ഒരു തുടര്‍ പുതുക്കല്‍ പ്രക്രിയയായി മാറിക്കൊണ്ട് ചലനാത്മക സാമൂഹ്യ രജിസ്ട്രിയായി മാറണം,' എന്ന് കുമാര്‍ തന്റെ കുറിപ്പില്‍ വിശദീകരിച്ചു. സംവിധാനം സ്വയം പുതുക്കപ്പെടണമെന്ന് കുമാറിന്റെ സഹായി ദ്രുവ് കുമാര്‍ നിര്‍ദ്ദേശിച്ചു. 'ഭാവിയില്‍ നിര്‍ദ്ദിഷ്ട സംവിധാനം സ്വയം പുതുക്കലിന് വിധേയമായിരിക്കും. കാരണം, ഒരിക്കല്‍ എന്തെങ്കിലും സഹായം അവര്‍ക്ക് ലഭിക്കുന്നതോടെ ഗുണഭോക്താക്കളുടെ വ്യക്തിഗത രൂപരേഖയില്‍ വ്യത്യാസങ്ങള്‍ വരും'അതുവഴി, ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് എപ്പോഴാണ് ഒരു കുടുംബം നിപതിയ്ക്കാന്‍ പോകുന്നതെന്നും അങ്ങനെ സഹായത്തിന് അവര്‍ പൊടുന്നനവെ അര്‍ഹരാവുന്നതെന്നും അല്ലെങ്കില്‍ മറിച്ച്, ഒരു സര്‍ക്കാര്‍ സഹായം ഒരു ദരിദ്ര കുടുംബത്തിന് ധനസുരക്ഷ മെച്ചപ്പെടുത്തുന്നതെന്നും എന്ന് അറിയാന്‍ സര്‍ക്കാരിന് സാധിക്കും.കൂടാതെ, കുടുംബങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും തിരിച്ചും സ്ഥിരമായി ജീവിതം പറിച്ചുനടുന്നു. നഗര, ഗ്രാമീണ കുടുംബങ്ങള്‍ (നഗര, ഗ്രാമീണ ക്ഷേമ പദ്ധതികള്‍ക്ക് അര്‍ഹതയുള്ളവര്‍) തമ്മിലുള്ള വേര്‍തിരിവ് കൃത്യമായി സൂക്ഷിക്കുന്നത് അസാധ്യമാക്കുന്നതാണ് ഇത്തരം കൂടുമാറ്റങ്ങള്‍ എന്നാണ് അത് സൂചിപ്പിക്കുന്നത്. ആധാര്‍ അനുബന്ധ ഇടപാടുകളെ ആശ്രയിച്ചുകൊണ്ട് ശേഖരിക്കപ്പെടുന്ന ഓരോ ഇന്ത്യക്കാരന്റെയും വിശാലമായ വിവരങ്ങളുടെ സഞ്ചയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കേന്ദ്രീകൃത വിവരാടിത്തറ അല്ലെങ്കില്‍ രജിസ്ട്രി രൂപീകരിക്കുക എന്നതാണ് ഇതിന് കുമാര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം.'സമഗ്രമായ രീതിയില്‍ ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യാന്‍ രാജ്യത്തിന് സാധിക്കണമെങ്കില്‍, ഒരു വലിയ വിവരാടിത്തറ ശ്രേണിയ്ക്ക് (രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളുടെയും) വേണ്ടി ശ്രമിക്കാന്‍ ഗ്രാമവികസന മന്ത്രാലയം തയ്യാറാവണം,' എന്ന് കുമാര്‍ എഴുതുന്നു.

നേരത്തെ പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിച്ചിരുന്നതെങ്കില്‍, 'സാധ്യതയുള്ള ഗുണഭോക്താക്കള്‍' എന്ന് വിളിക്കുന്നവരെ ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും സാമൂഹ്യ രജിസ്ട്രി എന്നായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ടത്. ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ഇന്ത്യയിലുള്ള ഓരോരുത്തരും സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തും എന്നതിനാല്‍, ഈ സംവിധാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കും എന്നായിരുന്നു വാദം. കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയ്ക്ക് കുമാറിന്റെ കുറിപ്പ് തുടക്കം കുറിച്ചു. ഇക്കാലത്തിനിടയില്‍, വിവിധ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, ഉപദേശവൃന്ദങ്ങള്‍, നീതി ആയോഗ്, യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), ലോക ബാങ്ക് തുടങ്ങിയ ഏജന്‍സികള്‍ മുതലായവര്‍ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വന്നു.സൈദ്ധാന്തികമായി നോക്കിയാല്‍, സര്‍ക്കാര്‍ സഹായം ആവശ്യമുള്ള ഓരോരുത്തരെയും ചൂണ്ടിക്കാണിക്കുന്ന ഒരു ചലനാത്മക വിവരാടിത്തറ ഒരു വലിയ ആശയമാണ്. പക്ഷെ, ഓരോ പൗരന്റെയും സാമ്പത്തിക, സാമൂഹ്യ ജീവിതങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുക മാത്രമാണ് ഇത് പ്രാവര്‍ത്തികമാക്കാനുള്ള ഒരേയൊരു വഴി. ആ സമയത്ത്, ഉദ്ദേശശുദ്ധിയുള്ള വിദഗ്ധരുടെ ശ്രദ്ധയില്‍ പോലും ഇക്കാര്യം പെട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍, ഓരോ അധിക നിര്‍ദ്ദേശവും സാമുഹ്യ രജിസ്ട്രിയെ സ്വകാര്യതയിലേക്ക് കൂടുതല്‍ കൂടുതല്‍ വലിഞ്ഞുകയറുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്.ഉദാഹരണത്തിന്, വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന് എസ്ഇസിസി ഉപയോഗിച്ചുകൊണ്ടുള്ള ഒരു മാനദണ്ഡം നിര്‍വചിക്കുന്നതിനായി മുന്‍ വിദേശകാര്യ സെക്രട്ടറി സുമിത് ബോസിന്റെ കീഴില്‍ ഒരു വിദഗ്ധ കമ്മിറ്റിക്ക് 2016 ജനുവരിയില്‍ ഗ്രാമവികസന മന്ത്രാലയം രൂപം നല്‍കി. ചലനാത്മക വിവരാടിത്തറ എന്ന ആശയത്തെ പിന്താങ്ങി കൊണ്ട് 2016 നവംബറില്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.എന്നാല്‍, ഇന്ന് കാണുന്നത് പോലെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന തരത്തിലുള്ള ഒരു വിവാരാടിത്തറയെ തങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കുമായിരുന്നില്ല എന്നാണ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ പറയുന്നത്. 'ആധാറിന്റെ ഉറവിടത്തിലൂടെ ഇത്തരത്തില്‍ മൊത്തം ജനങ്ങളുടെയും വ്യക്തി പരിശോധനയ്ക്ക് വിധേയമാക്കുന്ന രേഖ തയ്യാറാക്കുകയെന്നത് ഞങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഒരിക്കലും ഉള്‍പ്പെട്ടിരുന്നില്ല,' എന്ന് 2016ല്‍ സാമൂഹ്യ രജിസ്ട്രി രൂപീകരിക്കുന്നതിന് ശുപാര്‍ശ ചെയ്ത സുമിത് ബോസ് കമ്മിറ്റിയിലെ അംഗവും ജവഹര്‍ലാല്‍ നെഹ്രു സര്‍കലാശാലയിലെ (ജെഎന്‍യു) സാമ്പത്തികശാസ്ത്ര വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറുമായ ഹിമാന്‍ശു പറയുന്നു.'പദ്ധതികളുടെ കേന്ദ്രീകരണം സാധ്യമാകുന്ന രീതിയില്‍ സ്ഥിരമായി പുതുക്കാവുന്ന ഒരു എസ്ഇസിസി ഉപയോഗിച്ചുകൊണ്ട് എല്ലാ സബ്‌സിഡികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും അര്‍ഹരായ എല്ലാ കുടുംബങ്ങളുടെയും പൊതു രജിസ്റ്റര്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശുപാര്‍ശ ചെയ്തത്,' അഴിമുഖത്തിന് ഇന്ത്യയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ ഹിമാന്‍ശു പറഞ്ഞു. 'എന്നാല്‍, പിന്നീടൊരിക്കലും സര്‍ക്കാര്‍ ഞങ്ങളുമായി ബന്ധപ്പെട്ടില്ല.'2016 മാര്‍ച്ചില്‍, തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീതി ആയോഗിനോടും ആവശ്യപ്പെട്ടു.'കൂടുതല്‍ നേട്ടങ്ങള്‍' കൈവരിക്കുന്നതിനായി വിവര സംവിധാനത്തില്‍ 'കുടുംബവൃക്ഷം എന്ന സങ്കല്‍പത്തെ,' കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് മുതിര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എസ് സി ഝാ തയ്യാറാക്കിയ 2016 മേയ് 13ലെ കുറിപ്പിലൂടെ നീതി ആയോഗ് പറഞ്ഞു.സാമൂഹ്യ രജിസ്ട്രി, 'എല്ലാക്കാലത്തേക്കും പ്രസക്തമാവുന്നതിനും വിവിധ സര്‍ക്കാര്‍ പരിപാടികള്‍ ഫലപ്രദമാവുന്നതിനും,' അതിനെ ജനന, മരണ, വിവാഹ രജിസ്റ്ററുകളുമായി ബന്ധപ്പെടുത്തുകയും , 'ദേശാടന വ്യതിയാനങ്ങള്‍ കണക്കിലാക്കുകയും ചെയ്യണമെന്ന്, നീതി ആയോഗ് പറഞ്ഞു. 2016 മേയ് 20ന് മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ധ്രുവ് കുമാര്‍ സിംഗ് എഴുതിയ കുറിപ്പില്‍ നിര്‍ദ്ദേശങ്ങള്‍ 'ഉള്‍ക്കൊള്ളിക്കാം,' എന്ന് മന്ത്രാലയം സമ്മതിച്ചു.

ഇതിനിടയില്‍, ലോക ബാങ്കിന്റെ ഇന്ത്യയിലെ ഓഫീസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളും ആശയവിനിമയങ്ങളും ദ്രുതഗതിയില്‍ പുരോഗമിച്ചു. പക്ഷെ 2017 മാര്‍ച്ചോടു കൂടി, ലോക ബാങ്കിന്റെ ചില നിര്‍ദ്ദേശങ്ങളോട് ഗ്രാമവികസന മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ അതൃപ്തി പ്രകടിപ്പിക്കാന്‍ തുടങ്ങി.'ലോക ബാങ്ക് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങളെല്ലാം ദുര്‍ബലമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും മുന്നോട്ടുവെയ്ക്കാന്‍ കഴിയുന്നതിനെക്കാള്‍ ദുര്‍ബലം, എന്ന് 2017 മാര്‍ച്ച് 15ന് ഗ്രാമവികസന മന്ത്രാലത്തിലെ ആ സമയത്തെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മനോരഞ്ജന്‍ കുമാര്‍ രേഖപ്പെടുത്തി. 'വ്യക്തികളുടെ സാമ്പത്തിക സ്ഥിതി അടയാളപ്പെടുത്താന്‍ സഹായിക്കുക മാത്രമല്ല, ഏതെങ്കിലും സര്‍ക്കാര്‍ പരിപാടികളുമായുള്ള വ്യക്തികളുടെ ഇടപെടല്‍ കൂടി പിന്തുടരാന്‍ സാധിക്കുന്ന, വിധത്തില്‍ യുഎസ്എയിലെ സാമൂഹ്യ സുരക്ഷ സംവിധാനത്തെ ഒരു മാതൃകയാക്കുന്ന കാര്യം മന്ത്രാലയം ആലോചിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.2017 ജൂണില്‍, 'എസ്ഇസിസി 2011ലെ വിവരങ്ങള്‍ പുതുക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനും,' 'സാമൂഹ്യ രജിസ്ട്രി പരിപാലനം ചെയ്യുന്നതിനുള്ള സ്ഥാപനപരമായ ചട്ടക്കൂടുകള്‍ നിര്‍ദ്ദേശിക്കുന്നതിനും,' വേണ്ടി ഒരു അന്തര്‍ മന്ത്രാലയ വിദഗ്ധ കമ്മിറ്റിക്ക് ഗ്രാമവികസന മന്ത്രാലയം രൂപം നല്‍കി.യുഐഡിഎഐ, ലോക ബാങ്ക്, ദേശീയ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, സ്റ്റാറ്റിസ്റ്റിക്‌സ, പരിപാടി നടപ്പാക്കല്‍ മന്ത്രാലയം, പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം, ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ കേന്ദ്രം, ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ മിഷന്‍ എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു.2017 ജൂണിനും 2019 ഒക്ടോബറിനും ഇടയില്‍ നാല് തവണ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നതായി ഫയല്‍ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇത് സംബന്ധിച്ച അഴിമുഖത്തിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഗ്രാമവികസന മന്ത്രാലയം, യുഐഡിഎഐ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നിവ തയ്യാറായില്ല.എന്നാല്‍, സാമൂഹ്യ രജിസ്ട്രിയുമായി ബന്ധപ്പെട്ട് ഗ്രാമവികസന മന്ത്രാലയവുമായി 'എന്തെങ്കിലും വായ്പകളെ സംബന്ധിച്ച് ഉറപ്പ് നല്‍കാത്തതും,' 'വിവരങ്ങളുടെ പരിമിത കൈമാറ്റത്തില്‍,' മാത്രം ഒതുങ്ങുന്നതുമായ 'പങ്കാളിത്തം,' തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് ഇ-മെയില്‍ പ്രതികരണത്തില്‍ ലോക ബാങ്ക് വ്യക്തമാക്കി. നിരീക്ഷണവും സ്വകാര്യതയുടെ ലംഘനവുമായും ബന്ധപ്പെട്ട ചോദ്യങ്ങളോട് ലോക ബാങ്ക് ഇങ്ങനെ പ്രതികരിച്ചു: 'സ്വകാര്യതയുടെ ലംഘനവും ദുരുപയോഗം/നിരീക്ഷണവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും ലോക ബാങ്കിനെയും സംബന്ധിച്ച് അങ്ങേയറ്റത്തെ ആശങ്ക ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ സാങ്കേതിക സഹായം നല്‍കുന്നതിന്റെ ഭാഗമായി, സ്വകാര്യതയുടെ പ്രാധാന്യം, സംരക്ഷണം, വിവര കൈമാറ്റം എന്നിവയക്ക് പ്രഥമ പരിഗണന നല്‍കുന്ന നിരവധി രാജ്യങ്ങളുടെ സമീപനങ്ങളും ധാരളം ഉദാഹരണങ്ങളും ലോക ബാങ്ക് പങ്കുവച്ചിട്ടുണ്ട്.' എന്നാല്‍, അവ 'പര്യാലോചനയുടെ ഘട്ടത്തിലാണ്' എന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാന്‍ ബാങ്ക് വിസമ്മതിച്ചു.2018 മാര്‍ച്ച് അഞ്ചിന്, എസ്ഇസിസി പുതുക്കാനുള്ള ഒരു നിര്‍ദ്ദേശത്തിന്മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവെച്ചു. എസ്ഇസിസിയുടെ വിശദാംശങ്ങളും സുരക്ഷാവ്യവസ്ഥകളും അപ്പോഴും പൂര്‍ണരൂപത്തിലായിരുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു. രജിസ്ട്രി എപ്പോഴെങ്കിലും തയ്യാറാക്കുമോ എന്നതായിരുന്നില്ല, എപ്പോള്‍ തയ്യാറാകുമെന്നതായി മാറിയിരുന്നു ചോദ്യം.