'അധ്യക്ഷനില്ലാത്ത കോണ്‍ഗ്രസില്‍ ആരാണ് തീരുമാനങ്ങളെടുക്കുന്നത്? എന്തുകൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്?'

 
Sonia Rahul

ഹൈക്കമാന്‍ഡിനെതിരെ വിമര്‍ശനവുമായി ജി 23 നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുകയും പഞ്ചാബില്‍ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ജി 23 നേതാക്കള്‍. തിരഞ്ഞെടുക്കപ്പെട്ട പൂര്‍ണസമയ അധ്യക്ഷനില്ലാത്ത പാര്‍ട്ടിയില്‍ ആരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നായിരുന്നു കപില്‍ സിബലിന്റെ ചോദ്യം. പഞ്ചാബിലെ പ്രതിസന്ധി പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതിനായി എത്രയും വേഗം പ്രവര്‍ത്തക സമിതി യോഗം വിളിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്ക് കത്തെഴുതി. ആശങ്കകള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് മനീഷ് തിവാരിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സ്ഥിതിയില്‍ സംഘടനയില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സോണിയയ്ക്ക് കത്തെഴുതിയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സംഘമാണ് ജി 23. 

കോണ്‍ഗ്രസിന് തിരഞ്ഞെടുക്കപ്പെട്ട പൂര്‍ണസമയ അധ്യക്ഷനില്ലെന്ന് നമുക്കറിയാം. എന്നാല്‍, ആരാണ് കോണ്‍ഗ്രസിനുവേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് നമുക്കറിയില്ല. എന്തുകൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്? സുസ്മിത ദേവ്, ലൂസിഞ്ഞോ ഫെലേറോ, ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, അഭിജിത് മുഖര്‍ജി തുടങ്ങി അടുത്തകാലത്ത് കോണ്‍ഗ്രസില്‍നിന്നു പോയവരുടെ പട്ടിക പറഞ്ഞ സിബല്‍, വി.എം.സുധീരനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. അത് നമ്മുടെ തെറ്റാണോയെന്ന് നാം പരിശോധിക്കണം? എത്രയും വേഗം പ്രവര്‍ത്തക സമിതി യോഗം വിളിക്കണം. അങ്ങനെയെങ്കിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമല്ലോ. പാര്‍ട്ടിയുടെ ആശയങ്ങള്‍ വിട്ട് ഞങ്ങള്‍ക്ക് എവിടെയും പോകാനാവില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. 

തിരഞ്ഞെടുക്കപ്പെട്ടവരും ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവരും പാര്‍ട്ടി വിട്ടുപോകുകയും അത്രയധികം അടുപ്പമില്ലെന്ന് അവര്‍ വിചാരിക്കുന്നവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. അത് വിരോധാഭാസമാണ്. വിമര്‍ശനങ്ങള്‍ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ളതല്ല. ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണ്. എന്നാല്‍ എന്തിനും അതെ എന്ന് സമ്മതം മൂളുന്നവരല്ല. എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും അതെല്ലാം പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്യണം. സംഘടന ശക്തിപ്പെടുത്തണം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. കോണ്‍ഗ്രസ് ശക്തിപ്പെടുത്തിയെങ്കില്‍ മാത്രമേ ഇതെല്ലാം സാധ്യമാകൂയെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എത്രയുംവേഗം പ്രവര്‍ത്തക സമിതി വിളിക്കണമെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗുലാം നബി സോണിയയ്ക്ക് കത്തെഴുതി. ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് ഈ ആവശ്യമുന്നയിക്കുന്നതെന്ന് മനീഷ് തിവാരി പ്രതികരിച്ചു.

അതേസമയം, പാര്‍ട്ടിയിലെ എല്ലാവരെയും നേതൃത്വം കേള്‍ക്കാറുണ്ടെന്നും പാര്‍ട്ടിയെ മോശമാക്കാന്‍ സിബലും മറ്റുള്ളവരും ശ്രമിക്കരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും ഡല്‍ഹിയിലെ നേതാവുമായ അജയ് മാക്കന്‍ പറഞ്ഞു. മാക്കന്റെ വിമര്‍ശനത്തിനു പിന്നാലെ, സിബലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിബലിന്റെ വീടിനുമുന്നിലായിരുന്നു പ്രതിഷേധം. വീടിനുനേരെ തക്കാളി എറിയുകഗകയും കാര്‍ നാശമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കപില്‍ സിബല്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നെഴുതിയ പ്ലക്കാര്‍ഡും റോസാപുഷ്പങ്ങളുമായാണ് പ്രതിഷേധക്കാര്‍ സിബലിന്റെ വസതിക്കുമുന്നിലെത്തിയത്. സിബല്‍ പാര്‍ട്ടി വിടണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.